Wednesday, May 6, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 97

<--മുൻപിലത്തേത്                                     തുടക്കം                                    അടുത്തത്-->

"താരാനാഥനു താവകാംഘ്രിഭജനേ വർദ്ധിച്ചൊരാസക്തിയാൽ
ചാരത്തായ് ദശരൂപമേന്തി സതതം മേവുന്നുവെന്നാം വിധം
പാരം മോഹനമായ് സുപാടലനിറം ചിന്നും നഖശ്രേണിയിൽ
സ്ഫാരാനന്ദമൊടെന്നു ഞാൻ മമ മുഖം ബിംബിച്ചുകാണും വിഭോ"

പദാർത്ഥം:
താരാനാഥനു = ചന്ദ്രന്
താവകാംഘ്രിഭജനേ = അവിടുത്തെ കാൽ ഭജനത്തിൽ
വർദ്ധിച്ചൊരാസക്തിയാൽ = (പ്രകടം)
ചാരത്തായ് ദശരൂപമേന്തി = അടുത്തു തന്നെ പത്തു രൂപത്തിൽ
സതതം = എല്ലായ്പോഴും
മേവുന്നുവെന്നാം വിധം = താമസിക്കുന്നതുപോലെ
പാരം മോഹനമായ് = ഏറ്റവും മനോഹരമായ്
സുപാടലനിറം ചിന്നും = നല്ല കുങ്കുമനിറം ചിന്നുന്ന
നഖശ്രേണിയിൽ = നഖനിരയിൽ
സ്ഫാരാനന്ദമൊടെ = സ്ഫുരിക്കുന്ന ആനന്ദത്തോടുകൂടി
എന്നു ഞാൻ മമ മുഖം = എന്ന് ഞാനെന്റെ മുഖം
ബിംബിച്ചുകാണും വിഭോ = പ്രതിഫലിച്ചു കാണും വിഭോ?

ശ്ലോകാർത്ഥം:
ചന്ദ്രന് അവിടുത്തെ കാൽ ഭജനത്തിൽ വളർന്ന ആസക്തികൊണ്ട്, അടുത്തു തന്നെ പത്തു രൂപത്തിൽ എല്ലായ്പോഴും താമസിക്കുന്നതുപോലെ, ഏറ്റവും മനോഹരമായ് നല്ല കുങ്കുമനിറം ചിന്നുന്ന നഖനിരയിൽ, സ്ഫുരിക്കുന്ന ആനന്ദത്തോടുകൂടി എന്ന് ഞാനെന്റെ മുഖം പ്രതിഫലിച്ചു കാണും വിഭോ?

വ്യാഖ്യാ:
പത്ത് കാൽ നഖങ്ങളിലും ചന്ദ്രൻ പത്തു രൂപത്തിൽ, നിത്യഭജനത്തിന് താമസിക്കുന്നതായി സങ്കല്പം. എന്റ് മുഖവും അതുപോലെ ആനന്ദത്തോടെ എന്ന് പ്രതിഫലിക്കും വിഭോ.

No comments:

Post a Comment

അഭിപ്രായം