Friday, April 18, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 8

<-മുൻപിലത്തേത്                                 തുടക്കം                                അടുത്തത് ->
"വർണ്ണം ദ്വാദശമുള്ളതായ് പ്രണവമാമാദ്യക്ഷരം ചേർന്നതായ്
വർണ്ണം നാലിനുമർഹമാം തവമഹാമന്ത്രം ദിനം തോറുമേ
പൂർണ്ണാത്മാർപ്പണഭാവമോടെ മനനം ചെയ്വോൻ മഹാഭോഗസം-
പൂർണ്ണം ശ്രീഹരി ചിത്സുധാലഹരിയെന്നും നുകർന്നീടുമേ"

പദാർത്ഥം:
വർണ്ണം = അക്ഷരം
ദ്വാദശം = പന്ത്രണ്ട്
പ്രണവം = ഓം
ആദ്യക്ഷരം = ആദ്യത്തെ അക്ഷരം, ആദ്യമുണ്ടായ അക്ഷരം
വർണ്ണം നാലിനും = ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ
അർഹമാം = അധികാരമുള്ളത്
പൂർണ്ണാത്മാർപ്പണഭാവം = ആത്മാവ് മുഴുവനായും അർപ്പിക്കുന്ന ഭാവം
മനനം = മനസ്സുറപ്പിച്ച് ചിന്തിക്ക് അറിയുക
ചെയ്വോൻ = ചെയ്യുന്നവൻ
മഹാഭോഗം = ഏറ്റവും വലിയ അനുഭവം
സം പൂർണ്ണം = അതിലപ്പുറമൊന്നുമില്ലാത്ത അവസ്ഥ
ചിത്സുധാ = ചിത് ആകുന്ന അമൃത് / ബ്രഹ്മാമൃതം
ലഹരി = ഇന്ദ്രിയാതീതമായ ആനന്ദം
നുകർന്നീടുമേ = ആസ്വദിക്കും

ശ്ലോകാർത്ഥം:
പന്ത്രണ്ടക്ഷരങ്ങളുള്ളതും മുൻപിൽ പ്രണവം എന്ന ആദ്യാക്ഷരം ചേർന്നതുമായ, ബ്രാഹ്മണാദി നാലു വർണ്ണങ്ങൾക്കും അധികാരമുള്ളതുമായ അവിടുത്തെ മഹത്തായ മന്ത്രം എല്ലാദിവസവും പരിപൂർണ്ണമായ ആത്മ സമർപ്പണത്തോടെ മനസ്സിൽ വീണ്ടും വീണ്ടും ഉറപ്പിക്കുന്നവൻ ബ്രഹ്മമായ അമൃതിന്റെ അങ്ങേയറ്റത്തെ ഇന്ദ്രിയാതീതമായ ആനന്ദം ആസ്വദിക്കും.

വ്യാഖ്യാ:
പന്ത്രണ്ടക്ഷരങ്ങളുള്ള വാസുദേവ മന്ത്രത്തിന്റെ മാഹാത്മ്യമാണിവിടെ ഗുരുവിന്റെ വിഷയം. നാമങ്ങളും മന്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധേയമാണ്. നാമജപം ചെയ്യുമ്പോൾ 'നമ: ശിവായ' എന്നു ജപിക്കാം. ശിവനായിക്കൊണ്ട് നമസ്കാരം എന്ന അർത്ഥം മാത്രമേ അതിനുള്ളു. എന്നാൽ മുൻപിൽ പ്രണവമായ ഓങ്കാരം ചേർന്നു കഴിയുമ്പോൾ അത് 'ഓം നമ: ശിവായ' എന്ന ശിവ മന്ത്രമാവുന്നു. മന്ത്രജപത്തിന് അധികാരം വേണം. അതിനൊരു ഗുരുനാഥനെ കണ്ടെത്തി, ഗുരു അധികാരം തന്ന്, ഉപദേശം തന്നാലേ ജപിക്കാവൂ. മന്ത്രമായിക്കഴിയുമ്പോൾ അതിന് ഋഷി, ഛന്ദസ്, ദേവത, ബീജം, ശക്തി, കീലകം, ഷഡംഗന്യാസം എന്നിവ വരും.

മന്ത്രം എന്ന് ഗുരു പറഞ്ഞപ്പോൾ തന്നെ അതിന് പ്രണവം ആദ്യക്ഷരമായി കിട്ടി. പിന്നെന്തിന് 'പ്രണവമാമാദ്യക്ഷരം ചേർന്നതായ്' എന്നു കൂടി പറഞ്ഞു? ഇവിടെ തുടർന്നു പറയാൻ പോകുന്ന ബ്രഹ്മാനന്ദാമൃതത്തിന്റെ വിവക്ഷയിലാണ്, ശബ്ദ ബ്രഹ്മമായ് ഓങ്കാരത്തിനെ 'പ്രണവമാകുന്ന ആദ്യത്തെ അക്ഷരം' എന്നുകൂടി പറഞ്ഞു വച്ചത്. എത്ര അർത്ഥ ഗംഭീരം. പന്ത്രണ്ടക്ഷരത്തിൽ ആദ്യത്തെ അക്ഷരം പ്രണവമാണെന്നും, പ്രണവം ആദ്യത്തെ അക്ഷരമാണെന്നും കൂടി ഒരൊറ്റ വാക്കിൽ സാന്ദർഭികമായി വരുത്തിത്തീർത്തു.

മന്ത്രങ്ങൾക്കധികാരം വർണ്ണങ്ങളനുസരിച്ചും നിബന്ധനകളുണ്ട് തന്ത്രത്തിൽ. ഏത് വർണ്ണത്തിന് ഏതു മന്ത്രങ്ങളിൽ അധികാരമുണ്ട് എന്നത് നിയതമാണ്. എന്നാൽ ഈ വാസുദേവ മന്ത്രം എല്ലാ വർണ്ണങ്ങൾക്കും ഒരുപോലെ അധികാരമുള്ളതാണെന്നാണ് ഗുരു വിവക്ഷിക്കുന്നത്.

മനനം എന്നത് എളുപ്പമുള്ള കാര്യമല്ല. യഥാവിധി ശ്രവണം തന്നെ ബുദ്ധിമുട്ടാണ്. ആധുനിക മാനേജ്മെന്റ് പരിശീലകർ "ലിസനിങ് എബിലിറ്റി", "പ്രൊആക്ടീവ് ലിസനിങ്" എന്നൊക്കെ പറഞ്ഞ് തട്ടിമൂളിക്കുന്ന കാര്യങ്ങൾ പണ്ടേ ഈ മണ്ണിൽ നിന്നു പോയവയാണ്. "ശ്രവണ മനന നിദിദ്ധ്യാസനങ്ങൾ" വിദ്യാഭ്യാസത്തിൽ വളരെ പ്രധാന ഉപകരണങ്ങളാണ്.  വളരെ ശ്രദ്ധയോടെ, മനസ്സ് പൂർണ്ണമായി അർപ്പിച്ചുള്ള വിചാരമാണ് മനനം. ഈ വാസുദേവമന്ത്രം മനനം ചെയ്യണം. "മനനാത് ത്രായതെ ഇതി മന്ത്ര:". ഒരു നിമിഷമോ നാഴിക നേരമോ പോരാ, നിത്യവും. വെറുതെ മനനം ചെയ്താൽ പോരാ പൂർണ്ണാത്മാർപ്പണഭാവത്തോടെ വേണം. പൂർണ്ണാർപ്പണം എന്നാൽ സമർപ്പണം. സ്വന്തം ആത്മാവിനെ പൂർണ്ണാർപ്പണം ചെയ്യണം . മന്ത്രധ്യാനം ചെയ്യുപോൾ, മൂർത്തി, മന്ത്രം, സ്വന്തം ആത്മാവ്, ഇവക്ക് മൂന്നിനും അഭേദം കല്പിക്കണമെന്നാണ് നിഷ്കർഷ. ഭേദമില്ലാത്ത അവസ്ഥ. മൂർത്തി വാസുദേവ രൂപമായ വിഷ്ണുമായ. മന്ത്രം ദ്വാദശാക്ഷരി. ഇതു രണ്ടും, അത് മനനം ചെയ്യുന്ന സ്വന്തം ആത്മാവും എല്ലാം ഒന്നാവുന്ന അവസ്ഥ. അതു തന്നെയാണ് ഇവിടെ ഗുരു "..മഹാമന്ത്രം...  പൂർണ്ണാത്മാർപ്പണഭാവമോടെ മനനം..." എന്നു സൂചിപ്പിച്ചിരിക്കുന്നത്.

അങ്ങിനെ നിത്യവും ചെയ്യുന്നവൻ, 'എന്നും', ഇടതടവില്ലാതെ, തുടർച്ചയായി, ചിത്സുധാ ലഹരി നുകരും. 'ചിത്' ആകുന്ന അമൃത്. അല്ലെങ്കിൽ 'ചിത്തിന്റെ' അമൃത്. ചിത്, സത് ഉം ആനന്ദവും തന്നെ. സച്ചിദാനന്ദരൂപമാണ് ബ്രഹ്മം. അന്യത്ര പറയപ്പെട്ടിട്ടുണ്ട്:

"നമ:ശിവായ നാഥായ ചിദ്രൂപാനന്ദരൂപിണേ
ശ്രീമതേ ചടുലാപാങ്ഗോത്പാടിതാതങ്കശങ്കവേ
വന്ദേ തന്മിഥുനം ദിവ്യമാദ്യമാനന്ദചിദ്ഘനം
അനുത്തരം പരം ജ്യോതിരിതി യദ്ഭാവ്യതെ ബുധൈ:"
 (പുണ്യാനന്ദനാഥ വിരചിത "കാമകലാവിലാസം" - നടനാനന്ദനാഥ - ചിദ്വല്ലീ വ്യാഖ്യാ: 1:1-2
ചിദ്രൂപാനന്ദരൂപനാണ് ശിവൻ. ചിത് ന്റെ രൂപം തന്നെ ആനന്ദമാണ്. രൂപകമായി വീണ്ടും 'ആനന്ദചിത്ഘനം'.  ആനന്ദം ഇന്ദ്രിയാതീതമാണ്. ശിവനിൽ നിന്നുത്ഭവിച്ച മുപ്പത്താറ് തത്വങ്ങളും ശിവനിലേക്ക് തന്നെ വലിയുന്ന പ്ര'ലയാ'വസ്ഥ. ഗുരു മുൻപ് പറഞ്ഞ 'തവ മായ തന്നിലഖില ബ്രഹ്മാണ്ഡവും സംസ്ഥിത'വും,   '..വീക്ഷണാന്ത വിലസന്മായാകൃത'വും എല്ലാം ഈ ചിദാന്ദത്തെ തന്നെ വിവക്ഷിക്കുന്നു. 
അവിടെ തന്നെ:
"പ്രണമത നാഥാനന്ദം പരയാ ഭക്ത്യാ ചിദൈക്യബോധാനന്ദം.." (ടി: 1-4)

ചിത് ഉമായുള്ള ഐക്യ ബോധജന്യമായ ആനന്ദത്തിനെ, നാഥാനന്ദനെ (ശിവനെ) 'പരാ' ഭക്തിയോടുകൂടി  പ്രണമിക്കുന്നു.

ലളിതാ സഹസ്രനാമത്തിലും 
'ചിദഗ്നികുണ്ഡ സംഭൂതാ' (ല.സ: 4). ഒന്നായിരുന്ന സദാനന്ദനാഥനിൽ നിന്ന്, ചിത് ആകുന്ന അഗ്നികുണ്ഡത്തിൽ നിന്ന്, സമ്യക് ആയി ഭവിച്ചവൾ. 
'ചിന്മയീ' (ടി: 251)  സ്വയം മുഴുവനും ചിത് ആയവൾ. രണ്ടും ശുദ്ധതത്വങ്ങളായതുകൊണ്ട്, 'ചിദ്രൂപാനന്ദരൂപിണേ' എന്ന് പുല്ലിംഗത്തിൽ പുണ്യാനന്ദൻ മുകളിൽ പറഞ്ഞതു തന്നെ, സ്ത്രീ ശക്തിയായ 'ചിന്മയി'.
'ചിതി:' (ടി: 362) "അവിദ്യയെ നിഷ്കാസനം ചെയ്യുന്ന ജ്ഞാനം. വിശ്വസിദ്ധിക്ക് കാരണമായ ചിതി: സ്വതന്ത്രയാണ് (ശക്തി സൂത്രം)" എന്ന് ഭാസുരാനന്ദ വ്യാഖ്യാ. 
'ചിദേകരസ രൂപിണി' (ടി: 364) "ചിതിനോടു ചേർന്ന ഒരേയൊരു രസം എന്തിന്റെയെല്ലാം രസമാണോ, എന്തിന്റെയെല്ലാം മുഖ്യരസം ചിത് ആണോ, അതെല്ലാം." എന്ന് ഭാസുരാനന്ദ വ്യാഖ്യാ. രസം എന്നാൽ അടിസ്ഥാനം, കഴമ്പ്, അമൃത് എന്നെല്ലാം. അപ്പോൾ ഭവം മുഴുവനും ആ ചിത് തന്നെ.
'പ്രത്യക്ചിതീരൂപാ' (ടി: 367) "പരാവസ്ഥയിൽ, സ്വയം അറിയാൻ ഔൽസുക്യമുള്ള രൂപം." എന്ന് ഭാസുരാനന്ദ വ്യാഖ്യാ.
'ചിച്ഛക്തി:' (ടി: 416) "വിദ്യയും അവിദ്യയും, അക്ഷരബ്രഹ്മത്തിൽ അന്തർഹിതമാണ്. അവിദ്യയെ നശിപ്പിക്കാൻ സാമർത്ഥ്യമുള്ളതാണ് ചിച്ഛക്തി" ഭാസുരാനന്ദ വ്യാഖ്യാ.
'സച്ചിദാനന്ദരൂപിണി' (ടി: 700) സ്വരൂപം, സതും ചിതും ആനന്ദവുമായവൾ.

'ചിത്സുധാലഹരി' ചിത് ആകുന്ന അമൃതിന്റെ ലഹരി, ആനന്ദാമൃതം അനുഭവിക്കുന്നതുകൊണ്ടുണ്ടാകുന്ന അഭേദ ബുദ്ധി. എന്നും നുകരും. അമൃത് നുണയും.
'മഹാ ഭോഗസമ്പൂർണ്ണം'. ഭോഗം ഇന്ദ്രിയാധിഷ്ഠിതം. മഹാ ഭോഗം ഇന്ദ്രിയാതീതമായ സുഖാനുഭവം. ഇന്ദ്രിയാതീതമായ, നിർവിഷയമായ, കേവലമായ ആനന്ദം കൊണ്ട് പൂർണ്ണമായും നിറഞ്ഞു നിൽക്കുന്ന ചിത്സുധാലഹരി. ശ്രീ ഹരിയുടെ. 

3 comments:

  1. എനിക്ക് ഇതെല്ലാം റിബ്ലോഗ് ചെയ്യാന്‍ ഏന്താ വഴി?

    ReplyDelete
  2. //പന്ത്രണ്ടക്ഷരങ്ങളുള്ള വാസുദേവ മന്ത്രത്തിന്റെ മാഹാത്മ്യമാണിവിടെ ഗുരുവിന്റെ വിഷയം.// ഏതാണ് ഈ വാസുദേവമന്ത്രം? അതു കൂടി ചേര്‍ക്കുന്നതായിരുന്നില്ലേ ഉചിതം?

    ReplyDelete
  3. മന്ത്രം ഗുരുമഖത്തു നിന്നു വാങ്ങണമെന്ന വ്യാഖ്യാന്ത്രർഗതാഭിപ്രായത്തിൽ നിന്നു കൊണ്ടാണ് കൊടുക്കാഞ്ഞത്. എന്തായാലും "വർണ്ണം നാലിനുമർഹമാം" എന്നു കൂടി ഗുരു പറഞ്ഞു വച്ചതുകൊണ്ട്, "ഓം നമോ ഭഗവതേ വാസുദേവായ" എന്നിവിടെ തന്നെ ചേർക്കുന്നു.

    ReplyDelete

അഭിപ്രായം