Tuesday, September 2, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 33

<-മുൻപിലത്തേത്                              തുടക്കം                  അടുത്തത്->
"ആദ്യാംശു വ്രജകന്ദമാം തവപദം ധ്യാനിച്ചു ഗായത്രിയാം
വിദ്യാ മന്ത്രമനുത്തമം പ്രതിദിനം ഭക്ത്യാ ജപിക്കുന്നവൻ
വിദ്യാ ശ്രീ വിജയം സുഖം സുഭഗതാ കീർത്ത്യാദി സം യുക്തനാ-
യുദ്യൽക്കാന്തിയൊടാവസിച്ചു ചരമേ പൂകുന്നു കൈവല്യവും"

പദാർത്ഥം:
ആദ്യ = ആദ്യത്തെ
അംശുവ്രജ = സൂര്യരശ്മിയുടെ കൂട്ടം
കന്ദമാം = വേരാകൗന്ന
തവ പദം = അവിടുത്തെ കാൽ
ധ്യാനിച്ചു = ധ്യാനിച്ചുകൊണ്ട്
ഗായത്രിയാം = ഗായത്രിയാകുന്ന
വിദ്യാമന്ത്രം = വിദ്യയുടെ മന്ത്രം
അനുത്തമം = ഏറ്റവും മികച്ചത്
പ്രതിദിനം = എല്ലാ ദിവസവും
ഭക്ത്യാ ജപിക്കുന്നവൻ = ഭക്തിയോടുകൂടി ജപിക്കുന്നവൻ
വിദ്യാ ശ്രീ വിജയം = അറിവ്, ധനം, വിശിഷ്ടമായ ജയം
സുഖം സുഭഗതാ കീർത്ത്യാദി = സുഖം, ആരോഗ്യം, യശസ്സ് മുതലായ
സംയുക്തനായ് = മുഴുവനായും ചേർന്ന്
ഉദ്യത് കാന്തിയൊടാവസിച്ചു = ഉദിച്ചുയരുന്ന ശോഭയോടുകൂടി ജീവിച്ച്
ചരമേ പൂകുന്നു = മരിക്കുമ്പോൾ കൈവരിക്കുന്നു
കൈവല്യവും = ബ്രഹ്മത്വം

ശ്ലോകാർത്ഥം:
ആദ്യത്തെ സൂര്യരശ്മിക്കൂട്ടത്തിന്റെ വേരായ അവിടുത്തെ പാദം ധ്യാനിച്ചുകൊണ്ട്, ഏറ്റവും വിശിഷ്ടമായ ഗായത്രിയാകുന്ന വിദ്യാമന്ത്രം എല്ലാദിവസവും ജപിക്കുന്നവൻ അറിവ്, ധനം, വിശിഷ്ടമായ ജയം, സുഖം, ആരോഗ്യം, യശസ്സ് മുതലായവ മുഴുവനായും കൂടിച്ചേർന്ന് ഉദിച്ചുയരുന്ന ശോഭയോടുകൂടി ജീവിച്ച് മരിക്കുമ്പോൾ ബ്രഹ്മത്വം കൈവരിക്കുന്നു.

വ്യാഖ്യാ:
ആദ്യാംശുവ്രജകന്ദം. ആദ്യത്തെ സൂര്യരശ്മിക്കൂട്ടത്തിന്റെ വേര്. അരുണകിരണങ്ങൾക്ക് തൊട്ടുമുമ്പ്.
തവപദം ധ്യാനിച്ച്. അങ്ങിനെയുള്ള വിഷ്ണുപാദം ധ്യാനിച്ച്. ഇവിടെ അദ്യാംശുവ്രജകന്ദം എന്ന അരുണപൂർവം കൊണ്ട് ബ്രാഹ്മമുഹൂർത്തം വ്യക്തമാക്കപ്പെട്ടു. എന്നിരിക്കെ അതിനെ ധ്യാനിക്കുവാൻ ആ സമയത്ത് ഉണർന്നെഴുനേറ്റു വേണം ചെയ്യാൻ എന്നത് വ്യംഗ്യം.
ഗായത്രിയാം വിദ്യാ മന്ത്രമനുത്തമം പ്രതിദിനം ഭക്ത്യാ ജപിക്കുന്നവൻ. അർത്ഥം വ്യക്തം. ജപം ഭക്തിയോടെ തന്നെ വേണം, യാന്ത്രികജപം പോരാ. മുൻപേ പറഞ്ഞ ധ്യാനം ഇവിടെ ചേരുന്നു.
വിദ്യാ ശ്രീ വിജയം സുഖം സുഭഗതാ കീർത്ത്യാദി. ഇതെല്ലാം പിന്നെ ഇതുപോലുള്ളതെല്ലാം.
സംയുക്തനായ്. യുക്തത ചേർച്ച. നല്ലവണ്ണം ചേർന്ന്. വിട്ടുപോകാത്തചേർച്ച.
ഉദ്യത്കാന്തിയൊടാവസിച്ച്. ഉദിച്ച ശോഭയോടുകൂടി ജീവിച്ച്.
ചരമേ പൂകുന്നു കൈവല്യവും. കൈവല്യം കേവലം ഒന്ന് എന്ന അവസ്ഥ. എല്ലാം ഒന്നകുന്ന അവസ്ഥ ബ്രഹ്മാവസ്ഥ. അതു തന്നെ മോക്ഷവും.

ഗായത്രി വിദ്യാ മന്ത്രമാണെന്നത് പ്രസിദ്ധം. 'നിനക്ക് പ്രകാശം തരുന്ന ശക്തി തന്നെ ഞങ്ങളുടെ ബുദ്ധികളെയും പ്രകാശിപ്പിക്കട്ടെ' എന്ന് ഏറ്റവും ലഘുവായ വിവരണം. 'ഗായന്തം ത്രായതെ ഇതി ഗായത്രി' ഗാനം ചെയ്യുന്നവനെ, പാടുന്നവനെ, ജപിക്കുന്നവനെ ത്രാണനം ചെയ്യുന്നതിനാൽ, രക്ഷിക്കുന്നതിനാൽ, ഗായത്രി. ഗായത്രിക്ക് പ്രകടവും ഗോപ്യവുമായ രണ്ടു രൂപങ്ങളുണ്ടെന്ന് താന്ത്രികമതം. പ്രകടം ഭുർഭുവസ്സുവ: എന്നു തുടകുന്നത്. ഗോപ്യം, പതിനഞ്ചക്ഷരങ്ങളുള്ള ശ്രീവിദ്യ. അതും വിദ്യാസ്വരൂപം തന്നെ. 

'യത്രാസ്തി ഭോഗോ ന ച തത്ര മോക്ഷ: യത്രാസ്തി മോക്ഷോ ന ച തത്ര ഭോഗ:
ശ്രീ സുന്ദരീ സാധകപുംഗവാനാം ഭോഗശ്ച മോക്ഷശ്ച കരസ്ഥ ഏവ' എന്ന് അന്യത്ര പരാമർശവുമുണ്ട്. 'എവിടെ ഭോഗം ഉണ്ടോ അവിടെ മോക്ഷമില്ല. എവിടെ മോക്ഷമുണ്ടോ അവിടെ ഭോഗമില്ല. ത്രിപുരസുന്ദരീ സാധകന്മാർക്ക് രണ്ടും കയ്യിൽ വരുന്നു.' അതുകൊണ്ട് ഗായത്രിയെ വിഷ്ണുപാദങ്ങളായി ധ്യാനിച്ച് നിത്യം ജപിക്കുന്നവൻ ഇഹലോക ഭോഗങ്ങളും പരലോക മോക്ഷവും നേടുന്നു എന്ന് സമഷ്ട്യർത്ഥം.

1 comment:

  1. ശാസ്ത്രീയനാമം:- സെരാക്കാ അശോക
    തമിഴ്: അശോകം
    സംസ്‌കൃതം: അശോക, ഗന്ധപുഷ്പ, കേളിക
    എവിടെ കാണാം: തെക്കേ ഇന്ത്യയിലുടനീളം നിത്യ ഹരിത വനങ്ങളിലും വീട്ടുവളപ്പിലും കാണാം. ഇത് ഒരു ചെറുമരമാണ്.
    പുനരുല്‍പാദനം: വിത്തു മുളപ്പിച്ച് തൈ നട്ടു വളര്‍ത്തിയെടുക്കാം.
    ഔഷധത്തിനുപയോഗിക്കുന്ന ഭാഗം: വേര്, തൊലി.

    ചില ഔഷധപ്രയോഗങ്ങള്‍: സ്ത്രീ രോഗങ്ങള്‍ക്ക് ആയുര്‍വ്വേദത്തിലുളള 90% ഔഷധങ്ങളിലും അശോകത്തിന്റെ വേരോ തൊലിയോ ചേര്‍ക്കുന്നു. സ്ത്രീ ഹോര്‍മോണ്‍ കുറഞ്ഞതുമൂലം ഗര്‍ഭാശയത്തിനു വളര്‍ച്ചയില്ലായ്മ, ആര്‍ത്തവമില്ലായ്മ ഇവ നേരത്തേ കണ്ടെത്തിയാല്‍ അശോകത്തിന്റെ തൊലി 250 ഗ്രാം, കാരെളള് 250 ഗ്രാം, തിരുതാളി 250 ഗ്രാം ഇവ നന്നായി ഉണക്കി കല്ലുരലില്‍ ഇട്ടിടിച്ച് പൊടിച്ച് എല്ലാ മരുന്നും കൂടിയിടത്തോളം കരുപ്പെട്ടി ചക്കരയും ചേര്‍ത്ത് വീണ്ടും ഇടിച്ച് യോജിപ്പിച്ച് 10 ഗ്രാം പൊടി നെയ്യില്‍ ചാലിച്ച് ദിവസം രണ്ടു നേരം വീതം സേവിച്ചാല്‍ ഗര്‍ഭാശയ വളര്‍ച്ചയുണ്ടാകുകയും സ്‌ത്രൈണഗുണം കൈവരികയും, സ്തനവളര്‍ച്ചയുണ്ടാവുകയും ചെയ്യും.

    2) കഷ്ടാര്‍ത്തവവും ശുഷ്‌കാര്‍ത്തവവും: കഷ്ടാര്‍ത്തവമെന്നാല്‍ ആര്‍ത്തവ കാലത്ത് അതി കഠിനമായ വയറുവേദനയും ഛര്‍ദ്ദിയും തളര്‍ച്ചയുമുണ്ടാകുന്നതിനെ കഷ്ടാര്‍ത്തവമെന്നു പറയുന്നു. ഇവര്‍ക്ക് കൂടുതലായി രക്തം പോകും. ശുഷ്‌കാര്‍ത്തവമെന്നാല്‍: സ്ത്രീകളില്‍ ആര്‍ത്തവകാലത്ത് ആവശ്യത്തിന് രക്തം സ്രവിക്കാതിരിക്കുന്നതിനെ (ഒരു ദിവസം മുതല്‍ മൂന്നു ദിവസം വരെ അല്പ മാത്രയില്‍ രക്തം സ്രവിക്കുന്നതിനെ) ശുഷ്‌കാര്‍ത്തവമെന്നു പറയുന്നു. രണ്ടും സ്ത്രീ ആരോഗ്യത്തിനും ഗര്‍ഭധാരണത്തിനും തടസ്സമാണ്. ഇതിന് താഴെപ്പറയുന്ന കഷായം ഒരു ശമനൗഷധമാണ്.

    അശോകം ചുവന്ന പൂവുളളതും വെളുത്ത പൂവുളളതുമുണ്ട്. വെളുത്ത പൂവുളളതിന് ചുവന്ന പൂവുള്ളതിന്റെ വിരുദ്ധ ഗുണമാണുളളത്. ചുവന്ന പൂവുളള അശോകത്തിന്റെ വേര്(തൊലി) കാരെളള്, വാളന്‍പുളി, വേരിന്മേത്തൊലി, തിരുതാളി, കുറുന്തോട്ടി വേര് ഇവ 15 ഗ്രം വീതം ചതച്ച് ഒന്നര ലിറ്റര്‍ വെളളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന്‍ പാലും ചേര്‍ത്ത് വീണ്ടും തിളപ്പിച്ച് കുറുക്കി വറ്റിച്ച് 100 മില്ലിയാകുമ്പോള്‍ വാങ്ങി 10 തുള്ളി സുകുമാരഘൃതവും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും ഇതുപോലെ രാത്രി അത്താഴശേഷവും സേവിക്കുക. ഈ കഷായം എല്ലാവിധ ആര്‍ത്തവദോഷവും ക്രമംതെറ്റിയുളള ആര്‍ത്തവവും മാറ്റി കൃത്യമായ ആര്‍ത്തവ ചക്രത്തെ ഉണ്ടാക്കും.

    ഗര്‍ഭതടസ്സവും ഗര്‍ഭാശയശൂലയും (ആര്‍ത്തവ സമയത്തെ വയറുവേദന) മാറ്റി ശരീര സുഖമുണ്ടാക്കും. ഇതുതന്നെ, ഗര്‍ഭാശയത്തിലുണ്ടാകുന്ന കുരുക്കളെ നശിപ്പിക്കുവാനും ഉത്തമമാണ്.

    രക്താര്‍ശസ്സ്:- അമിതമായ രക്തം പോകുന്ന അര്‍ശസ്സിനെ രക്താര്‍ശസ്സ് എന്നു പറയുന്നു. രോഗിക്ക് കടുത്ത ശരീരക്ഷീണവും വേദനയും അനുഭവപ്പെടും. അശോകത്തിന്റെ തടിയിലുണ്ടാകുന്ന പൂവ് ഉണക്കി പൊടിച്ച് ഒരു സ്പൂണ്‍ പൊടി വീതം ദിവസം രണ്ടു നേരം സേവിക്കുന്നത് (ചൂടുവെളളത്തില്‍) രക്താര്‍ശസ്സിനെ ശമിപ്പിക്കും(41 ദിവസം).



    ReplyDelete

അഭിപ്രായം