Tuesday, April 8, 2014

ഹരിസുധാലഹരി - മുഖവുര

സൗന്ദര്യലഹരി പോലെ 100 ശ്ലോകങ്ങളുള്ള ഒരു മഹദ്ഗ്രന്ഥമാണ് "ഹരിസുധാലഹരി".  മണിപ്രവാള ശൈലിയാണ് ഇതിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ശാർദ്ദൂലവിക്രീഡിതം എന്ന സംസ്കൃത വൃത്തിൽ, ശബ്ദഭംഗി, അലങ്കാരഭംഗി, സാഹിത്യ പുഷ്ടി എന്നിവ സമന്വയിപ്പിച്ച ഈ കാവ്യം കവിതാ ലോകത്തിനും സ്തോത്ര ലോകത്തിനും വലിയൊരു മുതൽക്കൂട്ടാണ്. പല ശ്ലോകങ്ങളും ആശയഗംഭീരങ്ങളും, ദുരൂഹങ്ങളും ആയതു കൊണ്ട്, ഓരോ ശ്ലോകങ്ങളായി വ്യാഖ്യാനിക്കാനുള്ള ഒരു സാഹസത്തിന് ഞാൻ ഒരുങ്ങുകയാണ്. ഇത്, എന്റെ ഗുരുദക്ഷിണയാണ്.


ഈ കൃതിയുടെ പ്രത്യേകത, ഇവിടെ വിഷ്ണുവിനെ ആണ് ത്രിമൂർത്തികളുടെ അധിപനായി സങ്കല്പിച്ചിരിക്കുന്നത് എന്നതാണ്. ആദ്യത്തെ ശ്ലോകത്തിൽ തന്നെ അതു വ്യക്തമാക്കുന്നുണ്ട്. പലസംവാദങ്ങളിലും, വിഷ്ണുമായയാണ് ത്രിപുരസുന്ദരി എന്ന് ഗുരു തന്നെ പറയാറുള്ളത് ഞാനോർക്കുന്നു. 

ആദ്യം ശ്ലോകത്തിലെ വാക്കുകളുടെ അർത്ഥം, അടുത്ത് ശ്ലോകത്തിന്റെ സമഷ്ട്യർത്ഥം, ഒടുവിൽ വിശദമായ വ്യാഖ്യാനം എന്ന വിധത്തിലാണ് ഈ വ്യാഖ്യാനം ഞാനെഴുതുന്നത്. എന്റെ വളരെ പരിമിതമായ ജ്ഞാനം വച്ചു ഞാൻ കാണിക്കുന്നൊരു സാഹസമാണ് ഇത് എന്നതു കൊണ്ട്, പണ്ഡിതരായ വായനക്കാർ, അവരുടെ അഭിപ്രായങ്ങളും, തിരുത്തലുകളും അതതു ശ്ലോകങ്ങളിൽ തന്നെ പോസ്റ്റ്കളായി എഴുതുവാൻ വിനീതമായ് അഭ്യർത്ഥിക്കുന്നു.


ഗുരോ വന്ദനം മേ, ഗുരോക്കാവ്യടീകാ
ഗുരുത്വം വിജാനൻ വിനാ തസ്യ സൃഷ്ടൗ
നിവൃത്തോഹമസ്മിൻ പ്രവൃത്തൗ വിനാ വിഘ്ന
കർത്തൃത്വ ലാഭേ ഗുരോ വന്ദനം മേ.

ഗുരോ, എന്റെ വന്ദനം. ഗുരുവിന്റെ കാവ്യത്തിന്റെ ടീക (വ്യാഖ്യാന) യുടെ ഗുരുത്വം (ഘനം) അറിയാതെ അതിന്റെ നിർമ്മിതിയിൽ, ഞാൻ ഇറങ്ങിപുറപ്പെട്ടു. പ്രവൃത്തിയിൽ വിഘ്നങ്ങളില്ലാതെയുള്ള കർത്തൃത്വം ലഭിക്കാൻ, ഗുരോ, എന്റെ വന്ദനം






ഗുരുദക്ഷിണയായി ഞാൻ സമർപ്പിക്കുന്ന ഈ വ്യാഖ്യാനം "ഗുരുതോഷിണി" എന്നറിയപ്പെടും.

2 comments:

അഭിപ്രായം