Wednesday, May 6, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 95

<--മുൻപിലത്തേത്                                 തുടക്കം                                     അടുത്തത്-->

"പാദാബ്ജേ വിനമിപ്പവർക്കഭയവാഗ്ദാനം മുഴക്കുന്നതായ്
വേദാന്തർഗ്ഗതസൂക്തിയാൽതവ മഹത്വോൽഘോഷണം ചെയ്വതായ്
പാദസ്പർശനസുഖാനുഭൂതിയിലകം പൂരിച്ചനിർവ്വാച്യമാം
മോദത്താൽക്കളഗീതി ചെയ്തു വിലസും മഞ്ജീരയുഗ്മം ഭജേ"

പദാർത്ഥം:
പാദാബ്ജേ = കാൽതാമരയിൽ
വിനമിപ്പവർക്ക് = വിശേഷമായിട്ട് നമസ്കരിക്കുന്നവർക്ക്
അഭയവാഗ്ദാനം = ഭയത്തിൽ നിന്നും മോചനത്തിന്റെ ഉറപ്പ്
മുഴക്കുന്നതായ് = (പ്രകടം)
വേദാന്തർഗ്ഗത = വേദത്തിൽ ഉൾക്കൊണ്ട
സൂക്തിയാൽ = സൂക്തങ്ങളാൽ
തവ മഹത്വോൽഘോഷണം = അവിടുത്തെ മഹത്വത്തിന്റെ വിളംബരം
ചെയ്വതായ് = ചെയ്യുന്നതായി
പാദസ്പർശന = പാദം തൊടുന്നതിന്റെ
സുഖാനുഭൂതിയിൽ = (പ്രകടം)
അകം പൂരിച്ച് = അകം നിറച്ച്
അനിർവ്വച്യമാം = വിവരിക്കാൻ വയ്യാത്ത
മോദത്താൽ  = ആനന്ദത്താൽ
ക്കളഗീതി ചെയ്തു വിലസും = മധുരമായ പാട്ട് പാടി വിലസുന്ന
മഞ്ജീരയുഗ്മം = രണ്ടു ചിലങ്കകളെ
ഭജേ = ഞാൻ ഭജിക്കുന്നു.

ശ്ലോകാർത്ഥം:
കാൽതാമരയിൽ വിശേഷമായിട്ട് നമസ്കരിക്കുന്നവർക്ക് ഭയത്തിൽ നിന്നും മോചനത്തിന്റെ ഉറപ്പ്
മുഴക്കുന്നതായ,  വേദത്തിൽ ഉൾക്കൊണ്ട സൂക്തങ്ങളാൽ അവിടുത്തെ മഹത്വത്തിന്റെ വിളംബരം ചെയ്യുന്നതായ, പാദം തൊടുന്നതിന്റെ സുഖാനുഭൂതിയിൽ അകം നിറച്ച് വിവരിക്കാൻ വയ്യാത്ത ആനന്ദത്താൽ മധുരമായ പാട്ട് പാടി വിലസുന്ന, രണ്ടു ചിലങ്കകളെ ഞാൻ ഭജിക്കുന്നു.

വ്യാഖ്യാ:
ചിലങ്കകളുടെ ശബ്ദം, നമിക്കുന്നവർക്കുള്ള അഭയവാഗ്ദാനങ്ങളായും, വേദസൂക്തങ്ങൾ ഉരുവിടുന്നതായും, ഭഗവല്പാദം തൊടുന്നതിന്റെ ആനന്ദനിർവൃതിയിൽ നിന്നുവരുന്ന മധുരഗാനങ്ങളായും വർണ്ണിക്കുന്നു.

No comments:

Post a Comment

അഭിപ്രായം