Wednesday, May 6, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 93

<--മുൻപിലത്തേത്                                      തുടക്കം                         അടുത്തത് -->

"ക്വാണത്താൽ ശ്രവണേന്ദ്രിയത്തിനു സുധാധാരാ വിനിഷ്യന്ദിയായ്
വീണാവാദനനൈപുണിക്കനിശവും വാഗ്ദേവി പൂജിപ്പതായ്
പ്രാണാപാനനിരോധനേ യതിജനശ്രോത്രേ ധ്വനിക്കുന്നതാം
ചേണാർന്നീടിന രത്നകിങ്കിണികളെക്കാണായ് വരേണം ഹരേ"

പദാർത്ഥം:
ക്വാണത്താൽ = ശബ്ദംകൊണ്ട്
ശ്രവണേന്ദ്രിയത്തിന് = ചെവിക്ക്
സുധാധാരാ = അമൃതാഭിഷേകം
വിനിഷ്യന്ദിയായ് = കോരിയൊഴിക്കുന്നതായ്
വീണാവാദനനൈപുണിക്ക് = വീണവായിക്കുന്നതിൽ സാമർത്ഥ്യം നേടുന്നതിനായ്
അനിശവും = രാപകലില്ലാതെ
വാഗ്ദേവി പൂജിപ്പതായ് = സരസ്വതീദേവി പൂജിക്കുന്നതായ്
പ്രാണാപാനനിരോധനേ = പ്രാണ അപാനാദികളെ നിരോധിക്കുമ്പോൾ
യതിജനശ്രോത്രേ = യോഗികളുടെ കാതിൽ
ധ്വനിക്കുന്നതാം = മുഴങ്ങുന്നതായ
ചേണാർന്നീടിന = ഭംഗികലർന്ന
രത്നകിങ്കിണികളെ = രത്നകിങ്ങിണികളെ
കാണായ് വരേണം = കാണാൻ കഴിയണം
ഹരേ.

ശ്ലോകാർത്ഥം:
അല്ലയോ ഹരേ, ശബ്ദംകൊണ്ട് ചെവിക്ക് അമൃതാഭിഷേകം കോരിയൊഴിക്കുന്നതായ്, വീണവായിക്കുന്നതിൽ സാമർത്ഥ്യം നേടുന്നതിനായ് രാപകലില്ലാതെ സരസ്വതീദേവി പൂജിക്കുന്നതായ്, പ്രാണ അപാനാദികളെ നിരോധിക്കുമ്പോൾ യോഗികളുടെ കാതിൽ മുഴങ്ങുന്നതായ ഭംഗികലർന്ന രത്നകിങ്ങിണികളെ കാണാൻ കഴിയണം

വ്യാഖ്യാ:
“യോഗശ്ചിത്തവൃത്തിനിരോധ:”. യോഗത്തിന്റെ ഔന്നത്യങ്ങളിലെത്തുമ്പോൾ കേൾക്കാവുന്ന മധുരനാദങ്ങളെ ദ്യോതിപ്പിക്കുന്നു.

No comments:

Post a Comment

അഭിപ്രായം