Wednesday, May 6, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 92

<--മുൻപിലത്തേത്                                 തുടക്കം                                 അടുത്തത് -->
"മാരൻ തന്റെ മനോജ്ഞതൂണി ഹരി നീലത്താൽ രചിച്ചുള്ളതായ്
ചാരത്തെത്തിനമിപ്പവർക്കഖില കല്യാണങ്ങളേകുന്നതായ്
സാരാസാര വിവേകികൾക്കു നിതരാം പൂജാർഹമായീടിലോ
നേരായ്താവകജംഘയോടതിനു സാദൃശ്യം കഥിക്കാം വിഭോ"

പദാർത്ഥം:
മാരൻ തന്റെ = കാമദേവന്റെ
മനോജ്ഞതൂണി = മനോഹരമായ തൂണീരം
ഹരി നീലത്താൽ = വിഷ്ണുവിന്റെ നീലനിറത്താൽ
രചിച്ചുള്ളതായ് = സൃഷ്ടിക്കപ്പെട്ടതായ്
ചാരത്തെത്തി = അടുത്തെത്തി
നമിപ്പവർക്ക് = നമസ്കരിക്കുന്നവർക്ക്
അഖില കല്യാണങ്ങളേകുന്നതായ് = എല്ലാ നന്മകളും കൊടുക്കുന്നതായ്
സാരാസാര വിവേകികൾക്കു = കഴമ്പുള്ളതും കഴമ്പില്ലാത്തതും തിരിച്ചറിയുന്നവർക്ക്
നിതരാം
പൂജാർഹമായീടിലോ = പൂജിക്കാൻ യോഗ്യതയുള്ളതായാലോ
നേരായ്താവക ജംഘയോട് = അവിടുത്തെ കണങ്കാലിനൊപ്പം
അതിനു സാദൃശ്യം കഥിക്കാം = അതിനു സാമ്യം പറയാം
വിഭോ = (പ്രകടം)

ശ്ലോകാർത്ഥം:
ഹേ വിഭോ, കാമദേവന്റെ മനോഹരമായ തൂണീരം വിഷ്ണുവിന്റെ നീലനിറത്താൽ സൃഷ്ടിക്കപ്പെട്ടതായ്, അടുത്തെത്തി നമസ്കരിക്കുന്നവർക്ക് എല്ലാ നന്മകളും കൊടുക്കുന്നതായ് കഴമ്പുള്ളതും കഴമ്പില്ലാത്തതും തിരിച്ചറിയുന്നവർക്ക്
തീർച്ചയായും / തുടർച്ചയായി പൂജിക്കാൻ യോഗ്യതയുള്ളതായാലോ, അവിടുത്തെ കണങ്കാലിനൊപ്പം അതിനു സാമ്യം പറയാം

വ്യാഖ്യാ:
അല്ലെങ്കിൽ അതിനു പറ്റില്ലെന്നു സാരം. മനോഹരാകൃതിയിലുള്ള ഒരൊറ്റ സാമ്യം മാത്രമേ കാമദേവന്റെ തൂണീരത്തിന് ഭഗവാന്റെ കണങ്കാലുമായുള്ളു. അതുകൊണ്ടു തന്നെ തനിക്കാ ഉപമക്ക് സാദ്ധ്യമല്ലെന്ന് സൂചന. എന്നാലോ, മേല്പറഞ്ഞ മറ്റ് ഗുണങ്ങളും കൂടി ആ കാമതൂണീരത്തിന് ചേർന്നാലോ, എങ്കിൽ സാമ്യം പറയാം.

No comments:

Post a Comment

അഭിപ്രായം