Sunday, June 4, 2017

മുകുരേശ്വരീ സുപ്രഭാതം - നാഗമാനസം - ശ്ലോകം 4

"ലച്ഛബ്ദവാച്യകമലേ വിലസും ശിവേ ത്വ-
ദിച്ഛാനുവർത്തിനികളാം സഖിമാരൊടൊപ്പം
സ്വച്ഛന്ദമച്ഛസുമഗന്ധിജലേ കുളിക്കൂ
ചിച്ഛക്തി വിശ്വജനനീ തവ സുപ്രഭാതം."

പദാര്‍ത്ഥം:

Tuesday, April 25, 2017

മുകുരേശ്വരീ സുപ്രഭാതം - നാഗമാനസം - പ്രാർത്ഥന

മുമ്പിലൊറ്റക്കൊമ്പനേ ഞാൻ കുമ്പിടുന്നു തുണക്കുവാൻ
മുമ്പിലേറുന്ന വിഘ്നങ്ങൾ  അമ്പൊടക്കൊമ്പു നീക്കണേ
ഗുരുക്കന്മാർ തുണക്കേണം ശ്രീ നാഗാനന്ദനാഥനാം
ഗുരുവേ ഞാൻ വണങ്ങുന്നൂ ദീപാംബക്കൊത്തു ചേർന്നിതാ
വാണിദേവീ വാണിടേണം വീണയൊത്തെന്റെ വാണിയിൽ
വേണമെന്നുള്ളിടത്തെല്ലാം വാണിതോന്നിച്ചിടേണമേ
ഷണ്മുഖൻ തൻ പാദയുഗ്മം വണങ്ങുന്നു കനിഞ്ഞിടാൻ
രാശിതാരാഗ്രഹങ്ങൾ തൻ കനിവുണ്ടായ് വരേണമേ
ഭാസുരാനന്ദനാഥൻ തൊട്ടുള്ള ശിഷ്യ പരമ്പര
പന്തിരണ്ടാമിടത്തായ താരാനന്ദാഭിധാനനാം
ഞാൻ രചിക്കുന്നൊരീ വ്യാഖ്യാ 'നാഗമാനസ' മെന്നതും
പണ്ഡിതന്മാർ സമക്ഷത്തിൽ വയ്പൂ ശോധന ചെയ്യുവാൻ
സംസ്കൃതാഭ്യാസമില്ലാത്ത തന്ത്ര 
രഹസ്യാർത്ഥം ഗ്രഹിക്കാനായ് രചിപ്പൂ വിനയാന്വിതൻ



<-മുൻപിലത്തേത് അടുത്തത് ->

Wednesday, May 6, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 100

<--മുൻപിലത്തേത്                         തുടക്കം                                അടുത്തത്-->
"സേവിപ്പോർക്കു സുരദ്രുവായ് മുനിമനോ ഭൃംഗത്തിനംഭോജമായ്
ഭാവിപ്പോർക്കമൃതത്വമായ് ത്രിജഗതാമൈശ്വര്യകേദാരമായ്
ഹേ വിഷ്ണോ വിലസും ഭവല്പദയുഗം ധ്യാനിക്കുമെന്നിൽഭാവാ-
നാവിർമ്മോദമണക്കണേ സകലസൗഖ്യാരോഗ്യസന്പത്തുകൾ"

പദാർത്ഥം:
സേവിപ്പോർക്കു സുരദ്രുവായ് = സേവിക്കുന്നവർക്ക് കല്പവൃക്ഷമായ്
മുനിമനോഭൃംഗത്തിനംഭോജമായ് = മുനിമാരുടെ മനസ്സാകുന്ന വണ്ടുകൾക്ക് താമരയായ്
ഭാവിപ്പോർക്കമൃതത്വമായ് = ഭാവന ചെയ്യുന്നവർക്ക് അമരത്വമായ്
ത്രിജഗതാമൈശ്വര്യകേദാരമായ് = മൂന്നു ലോകങ്ങൾക്കും ഐശ്വര്യത്തിന്റെ നിറകുടമായ്
ഹേ വിഷ്ണോ = അല്ലയോ വിഷ്ണോ
വിലസും ഭവല്പദയുഗം = അവിടുത്തെ രണ്ടുപാദങ്ങൾ വിലസും
ധ്യാനിക്കുമെന്നിൽ = ധ്യാനിക്കുന്ന എന്നിൽ
ഭാവാനാവിർമ്മോദമണക്കണേ = അവിടുന്ന് വലുതായ ആനന്ദത്തോടെ ചേർക്കണേ
സകലസൗഖ്യാരോഗ്യസന്പത്തുകൾ = എല്ലാവിധ സൗഖ്യവും, ആരോഗ്യവും, സന്പത്തും

ശ്ലോകാർത്ഥം:
സേവിക്കുന്നവർക്ക് കല്പവൃക്ഷമായും, മുനിമാരുടെ മനസ്സാകുന്ന വണ്ടുകൾക്ക് താമരയായും, ഭാവന ചെയ്യുന്നവർക്ക് അമരത്വമായും, മൂന്നു ലോകങ്ങൾക്കും ഐശ്വര്യത്തിന്റെ നിറകുടമായും, അല്ലയോ വിഷ്ണോ, അവിടുത്തെ രണ്ടുപാദങ്ങൾ വിലസുന്നു. ധ്യാനിക്കുന്ന എന്നിൽ അവിടുന്ന് വലുതായ ആനന്ദത്തോടെ എല്ലാവിധ സൗഖ്യവും, ആരോഗ്യവും, സന്പത്തും ചേർക്കണേ.

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 102

<--മുൻപിലത്തേത്                                                                            തുടക്കം
"ത്വന്മാഹാത്മ്യമറിഞ്ഞിടാതെ പലതും ജല്പിച്ചിരിക്കാമിവൻ
നിർമ്മായം മമ ഭക്തിയോർത്തതഖിലം വിഷ്ണോ ക്ഷമിച്ചീടണേ
നന്മാദ്ധ്വീ സമമിസ്സുധാലഹരി വിദ്വാന്മാർനുകർന്നീടണേ
ചിന്മാത്രാത്മകനിന്ദിരാസഹിതനാമങ്ങേകണേ മംഗളം"

ശുഭം

പദാർത്ഥം:
ത്വന്മാഹാത്മ്യമറിഞ്ഞിടാതെ = അവിടുത്തെ മാഹാത്മ്യം അറിയാതെ
പലതും ജല്പിച്ചിരിക്കാമിവൻ = പലതും ഇവൻ ജല്പിച്ചിരിക്കാം
നിർമ്മായം = കളങ്കമില്ലാത്ത
മമ ഭക്തിയോർത്ത് = എന്റെ ഭക്തിയെ ഓർത്ത്
അതഖിലം = അത് മുഴുവനും
വിഷ്ണോ ക്ഷമിച്ചീടണേ = അല്ലയോ വിഷ്ണോ, ക്ഷമിച്ചീടണേ
നന്മാദ്ധ്വീ സമം = നല്ല തേനിനു സമം
ഇസ്സുധാലഹരി = ഈ സുധാലഹരി
വിദ്വാന്മാർനുകർന്നീടണേ = (പ്രകടം)
ചിന്മാത്രാത്മകൻ = ചിത് മാത്രമായവൻ
ഇന്ദിരാസഹിതനാം = ഇന്ദിരയോടു കൂടിയവനായ
അങ്ങേകണേ മംഗളം = അങ്ങ് മംഗളം തരണേ.

ശ്ലോകാർത്ഥം:
അവിടുത്തെ മാഹാത്മ്യം അറിയാതെ പലതും ഇവൻ ജല്പിച്ചിരിക്കാം. കളങ്കമില്ലാത്ത എന്റെ ഭക്തിയെ ഓർത്ത് അത് മുഴുവനും അല്ലയോ വിഷ്ണോ, ക്ഷമിച്ചീടണേ. നല്ല തേനിനു സമം ഈ സുധാലഹരി വിദ്വാന്മാർനുകർന്നീടണേ. ചിത് മാത്രമായവൻ ഇന്ദിരയോടു കൂടിയവനായ അങ്ങ് മംഗളം തരണേ.

ശുഭം