Tuesday, April 15, 2014

മുകുരേശ്വരീ സുപ്രഭാതം - മുഖവുര




എന്റെ വളരെ അടുത്ത ചില സതീർത്ഥ്യന്മാരുടെ നിർബന്ധം, മുകുരേശ്വരീ സുപ്രഭാതം ഇത്ര ഒഴുക്കൻ മട്ടിൽ ആംഗലത്തിൽ പരിഭാഷപ്പെടുത്തിയാൽ പോരാ, 'ഹരിസുധാലഹരി പോലെ ഗഹനമായ ഒരപഗ്രഥനം ആവശ്യമായ ഒരു മഹദ് കാവ്യമാണ് ' എന്നാണ്.  അടുത്ത സതീർത്ഥ്യന്മാർ നിർബ്ബന്ധിക്കുമ്പോൾ വിടാൻ വയ്യല്ലൊ. 'സംസാര സാഗരത്തിൽ' മുഴുകിയവനാണല്ലോ ഈ ഞാനും. എങ്കിൽ അങ്ങിനെ തന്നെ എന്നു തീരുമാനിച്ച്, എല്ലാ സുമനസ്സുകളുടെയും അനുഗ്രഹാശിസ്സുകളോടെ ഇതാ തുടങ്ങുന്നു.


ഗുരു സ്വന്തം ശ്രമഫലമായി അച്ചടിച്ച, ഇന്ന് എനിക്ക് കിട്ടാവുന്ന ഏറ്റവും മഹത്തരമായ, അനക്കിയാൽ പൊടിഞ്ഞു പോകുന്ന താളുകളുള്ള ആ ഗ്രന്ഥത്തിന്റെ ഫോടോ കോപി ആദ്യം ഞാനിവിടെ ചേർക്കുന്നു. ഇത് അച്ചടി വാചകങ്ങളാണ്. എങ്കിലും ഇതൊക്കെ ഗുരുനാഥൻ എങ്ങിനെയായിരിക്കും എഴുതിയത് എന്നു കാണിക്കാൻ ഭഗവാന്റെ കയ്യെഴുത്തുദാഹരണവും ഞാൻ പിന്നീടു ചേർക്കാം.








ഈ വ്യാഖ്യാനം എന്റെ സ്ഥിരം വ്യാഖ്യാന ശൈലിയിൽ പദാർത്ഥം, ശ്ലോകാർത്ഥം, വ്യാഖ്യാനം എന്ന രീതിയിൽ ചെയ്യാം എന്ന് വിചാരിക്കുന്നു.

ടിവി, ടെലിഫോൺ (ഇന്ന് ലാന്റ് ലൈൻ എന്നു പറയപ്പെടുന്നതും അന്ന് ലഭ്യമായിരുന്ന ഒരേ ഒരു ശബ്ദ വിനിമയ മാർഗ്ഗവും) ഒന്നും ഇല്ലാത്തൊരുകാലമായിരുന്നു അത്. ഇന്നത്തെ പല ഉപാസകന്മാർക്കും മനസ്സിലാവാത്ത ഒരു കാലം. എന്തെങ്കിലും സംശയം തോന്നിയാൽ, ഇന്നാദ്യം ഗൂഗ് ൾ, വാട്സാപ്, പിന്നെ ഗുരുവിന്നൊരു മൊബൈൽ കാൾ. അന്ന് സംശയം തോന്നിയാൽ തപാലാപ്പീസിൽ പോയി ഒരു ഇൻലാന്റ് എന്നറിയപ്പെടുന്ന പത്രം വാങ്ങി പേനയോ പെൻസിലോ കൊണ്ടെഴുതി അയക്കുക. കരുണാ വൽസലനായ ഗുരു മറുപടിയയക്കും എന്ന വിശ്വാസം ഒരിക്കലും അസ്ഥാനത്താവാറില്ല. പക്ഷേ സംശയവും സംശയ നിവൃത്തിയും തമ്മിൽ മിക്കാവാറും പന്ത്രണ്ട് ദിവസമോ അതിലധികമോ എടുക്കും. ഇന്ന് പന്ത്രണ്ട്   സെക്കന്റ് !! അങ്ങിനെ ഗുരു അയച്ചു തന്ന പല കത്തുകളും എന്റെ കയ്യിലുണ്ട്. അതിൽ പൊതുജനസമക്ഷം പ്രദർശിപ്പിക്കാവുന്ന ഒരു കത്ത് കയ്യെഴുത്തു കാണാനും, ജ്ഞാനഗാംഭീര്യം കാണാനും, ശിഷ്യ വാൽസ്യല്യം കാണാനും ഇതാ.





ഈ വ്യാഖ്യാ 'നാഗമാനസം' എന്നറിയപ്പെടും.

"എല്ലാം പറഞ്ഞു തരുവാനിടനൽകിടാതാ
വല്ലാത്ത കാല മഹിഷാസനനന്നു പൊക്കീ
എല്ലാമറിഞ്ഞ ഗുരുവിന്റെ ശരീരമെന്നാൽ
എല്ലാം പറഞ്ഞിതിലഹോ മമ രക്ഷ ചെയ്തൂ.

എന്നാലിതിന്നു സകലർക്കുമറിഞ്ഞിടാനായ്
നന്നായിതാ വിവരിച്ചിടുവാൻ തുടങ്ങാം
എന്നോടു സാഗരസമം കരുണാസമേതൻ
എന്നോടു ചേർന്നിതിനനുഗ്രഹമേറ്റിടേണേ"

ഗുരവേ നമ:                                                                               അടുത്തത് (Next) -> 

No comments:

Post a Comment

അഭിപ്രായം