"സാഹസ്രാർക്കസുഭാസുരം ദനുജവൻ കാന്താരദാവാനലം
സാഹസ്റാരകമാം സുദർശനമഹാചക്രം ഹരേ താവകം
ദാഹം ചെയ്വു ജഗത്രയം വിലയകാലെ കാലരൂപേണ നിൻ-
മാഹാത്മ്യസ്തുതി ചെയ്വവന്നമൃതമായ്ത്തീരുന്നു കാലാഗ്നിയും"
പദാർത്ഥം:
സഹസ്രാർക്ക = ആയിരം സൂര്യന്മാർ
സുഭാസുരം = നല്ലവണ്ണം തിളങ്ങുന്ന
ദനുജ = ദനുവിന്റെ പുത്രൻ
വൻ = വളരെ വലിയ
കാന്താര = കടക്കാൻ ബുദ്ധിമുട്ടുള്ള കാട്
ദാവാനലം = കാട്ടുതീ
സഹസ്രാരകമാം = ആയിരം മുനകളുള്ള
സുദർശനമഹാചക്രം = സുദർശനമാകുന്ന മഹാ ചക്രം
ഹരേ = അല്ലയോ മഹാ വിഷ്ണൂ
താവകം = അങ്ങയുടെ
ദാഹം ചെയ്വു = കത്തിക്കുന്നു
ജഗത്രയം = സ്വർഗ്ഗം, ഭൂമി, പാതാളം.
വിലയകാലെ = എല്ലാം ഒന്നാവുന്ന സമയത്ത്
കാലരൂപേണ = കാലത്തിന്റെ രൂപത്തിൽ / കാലന്റെ രൂപത്തിൽ
നിൻ മാഹാത്മ്യസ്തുതി = നിന്റെ മാഹാത്മ്യത്തെപ്പറ്റിയുള്ള പുകഴ്തൽ
ചെയ്വവന്ന് = ചെയ്യുന്നവന്
അമ്രുതമായ്തീരുന്നു = അമ്രുതായിത്തീരുന്നു.
കാലാഗ്നിയും = കാലനാകുന്ന തീയും.
ശ്ലോകാർത്ഥം:
ആയിരം സൂര്യന്മാർക്കു തുല്യമായി നല്ലവണ്ണം തിളങ്ങുന്നതും, അസുരന്മാരാകുന്ന മുള്ളുകളാൽ കടക്കാൻ ബുദ്ധിമുട്ടുള്ള കാടിന് കാട്ടുതീയായതും, ആയിരം മുനകളുള്ളതുമായ അവിടുത്തെ സുദർശനമഹാചക്രം, എല്ലാം ഒന്നായി ചേർന്ന് പലതെന്ന അവസ്ഥക്ക് നാശം സംഭവിക്കേണ്ട സമയത്ത് സ്വർഗ്ഗം, ഭൂമി, പാതാളം എന്നിവയെ കത്തിക്കുന്നു. നിന്റെ മാഹാത്മ്യത്തെ പ്രകീർത്തിക്കുന്നവനാവട്ടെ, കാലനാവുന്ന അഗ്നിപോലും അമ്രുതായിത്തീരുന്നു.
വ്യാഖ്യാ:
സാഹസ്രാർക്ക. സഹസ്രം എണ്ണമില്ലായ്മയെ സൂചിപ്പിക്കുന്നു. അർക്കൻ സൂര്യൻ. ഒരൊറ്റ സൂര്യൻ പോലും മീനമാസത്തിൽ ഭൂമിയിൽ ജീവിക്കുന്നവർക്കുണ്ടാക്കുന്ന താപം എല്ലാവർക്കും അറിയാം. അത് എണ്ണത്തിൽ ആയിരമായാലോ.
സുഭാസുരം. ഭാസുരം എന്നാൽ ശോഭയുള്ള എന്ന് മലയാളം. സു എന്ന അക്ഷരം ചേർത്തത് നല്ലത് എന്ന അർത്ഥത്തിൽ, താപത്തെക്കാൾ ശോഭയെക്കുറിക്കാനാണ്.
ദനുജ. ദനുവിന്റെ പുത്രാദികൾ. അസുരന്മാർ.
വൻ കാന്താര. കാന്താരം "മഹാരണ്യേ ദുർഗ്ഗപഥേ കാന്താര:.." എന്നിത്യദ്യമരത്തിന് "കണ്ടാൽ മനോഹരങ്ങളായ മൂർച്ചയുള്ള മുള്ളുകൾ ഉള്ളത്. ഇത് കൊടുങ്കാടിന്റെയും, സഞ്ചരിപ്പൻ വിഷമമായ മാർഗ്ഗത്തിന്റെയും പേർ" എന്ന് പാരമേശ്വരീ വ്യാഖാനം. അതിന്റെ തന്നെ ഭയങ്കരത്വം വർദ്ധിപ്പിക്കുന്നു, വൻ എന്ന പ്രയോഗം. മുള്ളുകൾ നിറഞ്ഞ, അസുരന്മാരാൽ നിറഞ്ഞ, കടന്നു പോകാൻ ബുദ്ധിമുട്ടുള്ള ഭയങ്കരമായ കാടിനെ, എന്ന് താല്പര്യം.
ദാവാനലം. ദാവ: കാട്ടുതീ. അനല: തീ. എന്നിരിക്കെ ദവാനലം എന്ന പ്രയോഗം, മുൻപേ വിവരിച്ച ആയിരം സൂര്യന്മാരുടെ തീയിന്റെ ശക്തിയെ മേൽ വർദ്ധിപ്പിക്കാനത്രെ.
സാഹസ്രാരകമാം. ആയിരം മുനകളുള്ള. ആയിരം എന്നത് ഇവിടെയും അസംഹഖ്യം എന്ന അർത്ഥത്തിലെടുത്താൽ, കണ്ണിലൊതുങ്ങാത്തത്ര മുനകളുള്ള എന്ന അർത്ഥം കിട്ടും. അങ്ങിനെയുള്ള
സുദർശന. കാണാൻ ഭംഗിയുള്ള. കാഴ്ചയിൽ ആനന്ദം ലഭിക്കുന്ന.
മഹാ ചക്രം. ചക്രം തിരിയുന്നത്. നിൽക്കാതെ കടന്നു പോകുന്നത്. കാലത്തെയും ദ്യോതിപ്പിക്കുന്നു. മഹാചക്രം ആ ചക്രത്തിന്റെ മാഹാത്മ്യം സൂചിപ്പിക്കുന്നു.
ഹരേ താവകം. അത് വിഷ്ണുവിന്റെ മാത്രമാണ്.
ദാഹം ചെയ്വു. ദഹിപ്പിക്കുന്നു. ജഗത്രയം. സ്വർഗ്ഗ, ഭൂമി, പാതാളങ്ങൾ.
വിലയകാലെ. എല്ലാം ഒന്നായി ലയിക്കുന്ന സമയത്ത്. 'കല സംഖ്യാനേ' എന്നപ്രമാണമനുസരിച്ച് കണക്കാക്കുന്നത് എന്ന് കാലം. വിലയം വിശേഷേണ ലയനം. ആ ലയനത്തിന്റെ വിശേഷം സൂചിതം. അതിനൊരു കണക്കാക്കപ്പെടുന്ന ഒരു പ്രത്യേക സമയമുണ്ടെന്നർത്ഥം. ആ സമയത്ത്.
കാലരൂപേണ. കാലന്റെ രൂപത്തിൽ. വഴിപോലെ പോകുന്നത് എന്ന് പരമേശ്വരൻ മൂസത്. എന്ത് എപ്പോൾ ചെയ്യണം എന്നറിയുന്ന ശക്തി.
നിൻ. നിന്റെ. ആരുടെ ആയുധം മാത്രമാണോ മേല്പറഞ്ഞ സുദർശനം ആ നിന്റെ.
മാഹാത്മ്യസ്തുതി. മഹത്തായിരിക്കുന്ന, വളരെ വലുതും വിസ്തൃതവുമായ നിന്റെ അവസ്ഥയെ പറ്റിയുള്ള കീർത്തനങ്ങൾ.
ചെയ്വവവന്നമ്രുതമായ്ത്തിരുന്നു കാലാഗ്നിയും. കത്തിച്ച് നശിപ്പിക്കുന്ന തീ ജീവൻ നൽകുന്ന അമ്രുതായിത്തീരുന്നു. കാലത്തെ അതിജീവിക്കുന്നു. സുദർശനവിദ്യയിലൂടെ അമരത്വം ലഭിക്കുന്നു.
വാഗ്മയമില്ലാത്ത ശാക്തന്മാരുടെ കേരളത്തിലൊരു അപവാദം പോലെയുണ്ട് ഇവിടെ കാണുന്ന നല്ല കൃതികൾ. ശ്രീവിദ്യയുടെ സ്പന്ദനമുള്ള വരികൾ.
ReplyDelete