"ഹേ വിഷ്ണോ തവ പഞ്ജരം ഭയഹരം രക്ഷാകരം മാനസേ
ഭാവിപ്പോനു രണാങ്കണം വിഹരണസ്ഥാനം വിനോദം രണം
ആവില്ലാർക്കുമവന്നു ശസ്ത്രഹതിയേല്പിപ്പാനവൻ നിർഭയം
മേവീടുന്നു പിശാചഭൂതനിവഹം(കൾ) തിങ്ങും ശ്മശാനത്തിലും"
പദാർത്ഥം:
പദാർത്ഥം:
ഹേ വിഷ്ണോ = അല്ലയോ വിഷ്ണൂ
തവ = അവിടുത്തെ
പഞ്ജരം = കൂട്
ഭയഹരം = പേടിയെ ഇല്ലാതാക്കുന്നത്
രക്ഷാകരം = രക്ഷിക്കുന്നത്
മാനസേ = മനസ്സിൽ
ഭാവിപ്പോനു = ധ്യാനിക്കുന്നവന്
രണാങ്കണം = യുദ്ധഭൂമി
വിഹരണസ്ഥാനം = ഓടിക്കളിക്കാനുള്ള സ്ഥലം
വിനോദം രണം = യുദ്ധം കളിയാണ്
ആവില്ലാർക്കും = ആർക്കും പറ്റില്ല
അവന്നു ശസ്ത്രഹതിയേല്പിപ്പാൻ = അവനെ ആയുധങ്ങൾകൊണ്ട് മുറിപ്പെടുത്താൻ
അവൻ നിർഭയം = അവൻ ഒരു പേടിയുമില്ലാതെ
മേവീടുന്നു = താമസിക്കുന്നു
പിശാചഭൂതനിവകൾ = പിചാചുക്കൾ, ഭൂതങ്ങൾ മുതലായവ
തിങ്ങും ശ്മശാനത്തിലും = നിറഞ്ഞുനിൽക്കുന്ന ചുടലക്കളത്തിലും.
ശ്ലോകാർത്ഥം:
അല്ലയോ വിഷ്ണൂ, അവിടുത്തെ കൂട് (രക്ഷാകവചം) ഭയം ഇല്ലാതാക്കുന്നു. രക്ഷ ചെയ്യുന്നു. (അങ്ങിനെയുള്ള കവചം) മനസ്സിൽ ധ്യാനിക്കുന്നവന്, യുദ്ധഭൂമി കളിച്ചുവിലസാനുള്ള സ്ഥലം, യുദ്ധം തമാശ. അവനെ ആയുധങ്ങളാൽ പീഡിപ്പിക്കാൻ ആർക്കും കഴിയില്ല. അവൻ പിശാചുക്കളും, ഭൂതങ്ങളും നിറഞ്ഞിരിക്കുന്ന ചുടലക്കളത്തിലും അല്പം പോലും പേടിയില്ലാതെ താമസിക്കുന്നു.
വ്യാഖ്യാ:
ഹേ വിഷ്ണോ. അല്ലയോ വിഷ്ണൂ.
തവ പഞ്ജരം. അവിടുത്തെ പക്ഷിക്കൂട്. പഞ്ജരത്തിന് പക്ഷിക്കൂട് എന്നാണർത്ഥം. കൂട്, സൂര്യന്റെ ചൂട്, ഇടിമിന്നൽ, കാട്, മഴ മുതലായ പ്രകൃതി ക്ഷോഭങ്ങളിൽ നിന്നുമുള്ള രക്ഷാകവചം. ഇവിടെ കൂടിന്റെ ഈ ഭാവാർത്ഥമാണ് ചേരുന്നത്. 'ശരപഞ്ജരം' എന്ന വാക്കിന് അമ്പുകൽ കൊണ്ടുണ്ടാക്കിയ കിളിക്കൂട് എന്നല്ല അർത്ഥം. 'അങ്ങ്, വിഷ്ണുവാകുന്ന രക്ഷാകവചം' എന്നർത്ഥം. വാമനപുരാണത്തിൽ, മഹിഷാസുരയുദ്ധത്തിൽ, വിഷ്ണു നിർമ്മിച്ച രക്ഷാകവചത്തിനാൽ ദുർഗ്ഗാദേവി രക്ഷിതയായിരുന്നതിനെപറ്റി വിവരിക്കുന്നു.
ഭയഹരം. പേടിയേ ഇല്ലാതാകുന്നു. രക്ഷാകരം. ഉദ്ദേശിക്കപ്പെട്ട കർമ്മമായ രക്ഷ, നിർവ്വഹിക്കുന്നു.
(ഇങ്ങിനെയെല്ലാമുള്ള അവിടുത്തെ രക്ഷാകവചം)
മാനസേ. ഉള്ളത്തിൽ, മനസ്സിൽ. ഭാവിപ്പോന്. ധ്യാനിക്കുന്നവന്.
രണാങ്കണം. യുദ്ധഭൂമി
വിഹരണസ്ഥാനം. കളിച്ചുവിളയാടാനുള്ള സ്ഥലം. ആഗ്രഹിക്കാത്തതാണെങ്കിലും ചെന്നു ചേർന്നാലും വിരോധമില്ലെന്നതൊരവസ്ഥ. ആഗ്രഹിച്ചിട്ടും ചെന്നു ചേരാനാവാത്തത് അടുത്ത അവസ്ഥ. ആഗ്രഹത്തോടെ ചെന്നു ചേരുന്ന സ്ഥലമാണ് 'വിഹരണസ്ഥാനം'. ഏറ്റവും ഇഷ്ടമുള്ളസ്ഥലത്താണല്ലോ ഒരുവൻ 'കളിച്ചു വിളയാടാൻ' ആഗ്രഹിക്കുന്നത്. ഇവന്, യുദ്ധഭൂമിയാണ് ആ സ്ഥലം.
വിനോദം രണം. എന്നിട്ട് ആ വിളയാട്ടുസ്ഥലത്ത് എന്താണവനുവിനോദമായിരിക്കുന്നത്. യുദ്ധം. യുദ്ധം ഇവനു വെറും കളി.
ആവില്ലാർക്കും.... ഈ പ്രപഞ്ചത്തിലാർക്കും തന്നെ അവനെ ആയുധങ്ങൾകൊണ്ട് പരിക്കേല്പിക്കാൻ പറ്റില്ല. സാക്ഷാൽ ദുർഗ്ഗയെക്കൂടി രക്ഷിച്ചതാണാ കവചം.
അവൻ നിർഭയം. അവൻ അല്പം പോലും പേടിയില്ലാതെ.
മേവീടുന്നു. താമസിക്കുന്നു. ഇടക്കൊന്നു പോയ് വരികയല്ല, സ്ഥിരതാമസമാണ്.
പിശാച... പിശാചുക്കളും, ഭൂതങ്ങളും തിങ്ങിനിറയുന്ന ചുടലക്കളത്തിൽ.
Excellent!
ReplyDeleteഹേ വിഷ്ണോ തവപഞ്ജരം - ഒരു പക്ഷെ രൂപം, വിഗ്രഹം എന്ന അർത്ഥത്തിലാകാമെല്ലോ പ്രയോഗം.രൂപമാണെല്ലോ ധ്യാനത്തിന് ഉപയുക്തം. കവചം യോജിക്കുന്നില്ല എന്നൊരു തോന്നല്.
ReplyDelete