Monday, September 1, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 31

<-മുൻപിലത്തേത്                          തുടക്കം                      അടുത്തത്->
"ശേഷൻ ശീർഷസഹസ്രനേകശിരസാ ബ്രഹ്മാണ്ഡ ഭാണ്ഡത്തെ നി-
ശ്ശേഷം കന്ദുകവൽദ്ധരിപ്പവനനന്താഖ്യൻ തവാംശോത്ഭവൻ
രോഷം പൂണ്ടു ജഗത്രയത്തെ വിലയേ വക്ത്രാനലജ്വാലയാ
ശോഷം ചെയ്വവനീശ ശീതകരനായ് സേവിപ്പു ത്വദ്ഭക്തരെ"


പദാർത്ഥം:
ശേഷൻ = ബാക്കിനിൽക്കുന്നവൻ
ശീർഷസഹസ്രൻ = ആയിരം തലയുള്ളവൻ
ഏകശിരസാ = ഒറ്റത്തലകൊണ്ട്
ബ്രഹ്മാണ്ഡഭാണ്ഡത്തെ = ബ്രഹ്മാണ്ഡമാകുന്ന ഭാണ്ഡക്കെട്ടിനെ
നിശ്ശേഷം = അല്പം പോലും ബാക്കിവക്കാതെ
കന്ദുകവൽ = പന്ത് എന്നവണ്ണം
ധരിപ്പവൻ = താങ്ങുന്നവൻ
അനന്താഖ്യൻ = അവസാനമില്ലാത്തവൻ എന്ന് പേരുള്ളവൻ
തവാംശോത്ഭവൻ = അവിടുത്തെ അംശമായി ജനിച്ചവൻ
രോഷം പൂണ്ടു = കോപത്തോടെ
ജഗത്രയത്തെ = മൂന്നുലോകത്തെയും
വിലയേ = പ്രളയകാലത്ത്
വക്ത്രാനലജ്വാലയാ = വായിൽ നിന്നുള്ളതീയിന്റെ ജ്വാലകളാൽ
ശോഷം ചെയ്വവൻ = ഇല്ലാത്താക്കുന്നവൻ
ഈശ = ഈശ്വര
ശീതകരനായ് = തണുപ്പുചെയ്യുന്നവനായി
സേവിപ്പു ത്വദ്ഭക്തരെ = അവിടുത്തെ ഭക്തന്മാരെ സേവിക്കുന്നു

ശ്ലോകാർത്ഥം:
ആയിരം തലകളുള്ള ശേഷൻ, ഒറ്റത്തലകൊണ്ട് ബ്രഹ്മാണ്ഡമാകുന്ന ഭാണ്ഡക്കെട്ടിനെ മുഴുവനായും ഒരു പന്തുപോലെ താങ്ങുന്നവൻ, അനന്തൻ എന്ന് പേരുള്ളവൻ, അവിടുത്തെ ഒരു ഭാഗമായിജച്ചവൻ, രോഷത്തോടെ വായിലെതീനാളങ്ങൾ കൊണ്ട് മൂന്നുലോകത്തെയും പ്രളയകാലത്തില്ലാതെയാക്കുന്നു. അവൻ അവിടുത്തെ ഭക്തരെ തണുപ്പിച്ച് പരിചരിക്കുന്നു.

വ്യാഖ്യാ:
ശേഷൻ. ബാക്കിനിൽക്കുന്നവൻ. എല്ലാമില്ലാതെയായാലും അവൻ മാത്രം ബാക്കിനിൽക്കുന്നു. അതുകൊണ്ടു തന്നെ അനന്തൻ, അവസാനമില്ലാത്തവൻ എന്നും പേരു വന്നു. ഗന്ധർവന്മാർ, അപ്സരസ്സുകൾ, സിദ്ധന്മാർ, കിന്നരന്മാർ, നാഗങ്ങൾ, ചാരണന്മാർ എന്നിവർ അനന്തന്റെ ഗുണങ്ങളുടെ അന്തം കണ്ടെത്തുന്നില്ല എന്നതുകൊണ്ടാണ് അനന്തൻ എന്ന പേരുവന്നതെന്നും വിഷ്ണുപുരാണം.
സഹസ്രശീർഷനേകശിരസാ. ആയിരം തലയുള്ളവന് വെറും ഒറ്റത്തല മതി താങ്ങാൻ.
ബ്രഹ്മാണ്ഡഭാണ്ഡത്തെ. ബ്രഹ്മാണ്ഡമാകുന്ന ഭാണ്ഡക്കെട്ട്. ബ്രഹ്മാണ്ഡം അന്യത്രവ്യാഖ്യാനിച്ചിട്ടുണ്ട്.
നിശ്ശേഷം കന്ദുകവൽ. വെറുമൊരു പന്തുപോലെ. ബ്രഹ്മാണ്ഡം നിശ്ശേഷം എന്നുപറഞ്ഞതുകൊണ്ട് അകവും പുറവുമില്ലാത്ത അവസ്ഥയായി.
തവാംശോത്ഭവൻ. അവിടുന്നു തന്നെ ഒരംശംകൊണ്ടുണ്ടായതാണ് ഈ അനന്തൻ. ഒരൊറ്റ അംശത്തിന്റെ ഒരൊറ്റത്തലകൊണ്ട് ബ്രഹ്മാണ്ഡം നിശ്ശേഷം താങ്ങാൻ കഴിയുമെങ്കിൽ അങ്ങയുടെ മാഹാത്മ്യം എന്ത്, എന്ന ആശ്ചര്യവും ഇവിടെ ദ്യോതിക്കുന്നു.
വിലയേ രോഷം പൂണ്ട് വക്ത്രാനലജ്വാലയാ ജഗത്രയത്തെ ശോഷം ചെയ്വവൻ. കല്പാന്തപ്രളയകാലത്ത്, അനന്തനന്റെ മുഖങ്ങളിൽ നിന്ന് വിഷാഗ്നിജ്വാലകൾ പോലെ സങ്കർഷണമൂർത്തിയായ രുദ്രൻ ആവിർഭവിച്ച്, മൂന്നുലോകങ്ങളെയും നശിപ്പിക്കുന്നു എന്ന് വിഷ്ണുപുരാണം.
ഈശ. രക്ഷിക്കുന്നവനേ.
ത്വദ്ഭക്തരെ ശീതകരനായ് സേവിപ്പു. അവിടുത്തെ ഭക്തന്മാരെയാവട്ടെ ശിതകരനായ്, അമ്രുതപ്രവാഹം കൊണ്ട് പരിചരിക്കുന്നു. ശീതം തണുപ്പ്. അത് ഈ സന്ദർഭത്തിൽ അമ്രുതിനെ തന്നെ പ്രതിനിധീകരിക്കുന്നു. എല്ലാം സംഹാരസമയത്ത് നശിക്കുമ്പോഴും അവിടുത്തെ ഭക്തന്മാർ മോക്ഷത്തോടെ അമരത്വം വരിക്കുന്നു.

No comments:

Post a Comment

അഭിപ്രായം