"സൗവർണ്ണോജ്വല പത്രയുഗ്മ നഖിലാംനായ സ്വരൂപൻ രണേ
ദേവാധീശമദാപഹൻ തവകലാഭൂതൻ ഭുജംഗാശനൻ
ദേവാരാതി കുലാന്തകൻ ഖഗവർൻ കണ്ഡ്ഠേ ഭവാനെപ്പൃഥക്-
ഭാവം വിട്ടു ഭജിപ്പവൻ വിഷഭയം പോക്കുന്നു നോക്കൊന്നിനാൽ"
പദാർത്ഥം:
പദാർത്ഥം:
സൗവർണ്ണോജ്വല = സ്വർണ്ണത്തിനു തുല്യമായി ഉജ്ജ്വലമായ
പത്രയുഗ്മൻ = രണ്ടു ചിറകുകളുള്ളവൻ
അഖിലാമ്നായ സ്വരൂപൻ = അഞ്ചാമ്നായങ്ങളും സ്വന്തം രൂപമായവൻ
രണേ = യുദ്ധത്തിൽ
ദേവാധീശ = ദേവേന്ദ്രന്റെ
മദാപഹൻ = അഹങ്കാരത്തെ ഇല്ലാതാക്കിയവൻ
തവകലാഭൂതൻ = അവിടുത്തെകലയിൽ നിന്നു ജനിച്ചവൻ
ഭുജംഗാശനൻ = പാമ്പുകളെ തിന്നുന്നവൻ
ദേവാരാതികുലാന്തകൻ = ദേവന്മാരുടെശത്രുക്കളുടെ വംശം നശിപ്പിച്ചവൻ
ഖഗവരൻ = പക്ഷികളിൽ ശ്രേഷ്ഠൻ
കണ്ഠേ = കഴുത്തിൽ
പൃഥക് ഭാവം വിട്ടു = വേറേയാണെന്ന ചിന്തയില്ലാതെ
ഭജിപ്പവൻ = ഭജനം ചെയ്യുന്നവൻ
വിഷഭയം പോക്കുന്നു = വിഷഭയം നീക്കുന്നു
നോക്കൊന്നിനാൽ = ഒരൊറ്റ നോട്ടം കൊണ്ട്.
ശ്ലോകാർത്ഥം:
സ്വർണ്ണത്തിനു തുല്യമായി ഏറ്റവും അധികം ജ്വലിക്കുന്ന രണ്ടു ചിറകുകളോടുകൂടിയവനും, അഞ്ചാമ്നായങ്ങളും സ്വന്തം രൂപമായവനും, ദേവേന്ദ്രന്റെ അഹങ്കാരം യുദ്ധത്തിൽ ഇല്ലായ്മ ചെയ്തവനും, അവിടുത്തെ ബീജത്തിൽ നിന്നും ജനിച്ചവനും, പാമ്പുകളെ തിന്നുന്നവനും
ശത്രുക്കളുടെ ശത്രുക്കളുടെ കുലത്തെ ത്തന്നെ ഇല്ലാതാക്കിയവനും പക്ഷികളിൽ ഏറ്റവും മികച്ചവനും ആയ ഭവാനെ, കണ്ഠത്തിൽ മറ്റൊന്നാണെന്ന ഭാവം വെടിഞ്ഞ് ഭജനം ചെയ്യുന്നവൻ, ഒരൊറ്റ നോട്ടം കൊണ്ട് വിഷഭയം മാറ്റുന്നു.
വ്യാഖ്യാ:
സ്വർണ്ണത്തിനു തുല്യമായി ഏറ്റവും അധികം ജ്വലിക്കുന്ന രണ്ടു ചിറകുകളോടുകൂടിയവനും, ആറാമ്നായങ്ങളും സ്വന്തം രൂപമായവനും, ദേവേന്ദ്രന്റെ അഹങ്കാരം യുദ്ധത്തിൽ ഇല്ലായ്മ ചെയ്തവനും, അവിടുത്തെ ബീജത്തിൽ നിന്നും ജനിച്ചവനും, പാമ്പുകളെ തിന്നുന്നവനും
ശത്രുക്കളുടെ കുലത്തെത്തന്നെ ഇല്ലാതാക്കിയവനും, പക്ഷികളിൽ ഏറ്റവും മികച്ചവനും ആയ ഭവാനെ, കണ്ഠത്തിൽ മറ്റൊന്നാണെന്ന ഭാവം വെടിഞ്ഞ് ഭജനം ചെയ്യുന്നവൻ, ഒരൊറ്റ നോട്ടം കൊണ്ട് വിഷഭയം മാറ്റുന്നു.
സൗവ്വർണ്ണോജ്വല. സ്വർണ്ണത്തിനു സമാനം ഉജ്ജ്വലിക്കുന്ന. ഉജ്വലനം ജ്വലനത്തേക്കാളധികമാണ്. ജ്വലനത്തിന്റെ ഉത്തുംഗാവസ്ഥയാണ് ഉജ്ജ്വലനം. ഇനി ഇതിനും മേൽ ജ്വലിക്കാനോ, ശോഭായമാനമാവാനോ കഴിയാത്തത്ര ഉയർന്ന അവസ്ഥ. പത്രയുഗ്മൻ. രണ്ടു ചിറകുകളോടു കൊടിയവൻ. ഈ ചിറകുകളേക്കാൾ ജ്വലിക്കുന്നതൊന്നില്ല.
അഖിലായാമ്നായസ്വരൂപൻ. അഞ്ചാമ്നായങ്ങളാണ് പ്രസിദ്ധം. പൂർവ്വമ്നായം, ദക്ഷിണാമ്നായം, പശ്ചിമാമ്നായം, ഉത്തരാമ്നായം, ഊർദ്ധ്വാമ്നായം.
സാക്ഷാൽ ശിവൻ ഈശാനൻ, തത്പുരുഷൻ, അഘോരൻ, വാമദേവൻ, സദ്യോജാതൻ എന്നിങ്ങിനെ അഞ്ച് മുഖങ്ങളാൽ സൃഷ്ടിച്ചതാണ് അഞ്ച് ആമ്നായങ്ങൾ. "... പഞ്ചഭി: മുഖൈ: പഞ്ചാമ്നായാൻ പരമാർത്ഥസാരഭൂതാൻ പ്രണനായ." (പ.ക.സൂ.2). പരമമായ അർത്ഥങ്ങളാകുന്ന പാലിലെ വെണ്ണയാകുന്ന സാരമായ അഞ്ചാമ്നായങ്ങൾ. ഇത് ഗുരുമുഖത്തുനിന്നും അറിയേണ്ടതാണ്. ആ അഞ്ചാമ്നായങ്ങൾ സ്വന്തം രൂപമായവൻ. അഞ്ചാമ്നായങ്ങൾ സ്വയം ഒരു പക്ഷിയുടെ രൂപമെടുത്തതാണ് എന്നു വ്യംഗ്യം.
രണേ. യുദ്ധത്തിൽ. ദേവാധീശമദാപഹൻ. ദേവേന്ദ്രന്റെ അഹങ്കാരം ശമിപ്പിച്ചവൻ. കശ്യപപ്രജാപതി പുത്രകാമേഷ്ടിനടത്തുവാനുള്ള ഹോമത്തിനുള്ള വിറകു കൊണ്ടുവരാൻ ദേവേന്ദ്രനേയും ബാലഖില്യന്മാരേയും നിയോഗിച്ചെങ്കിലും, കുറഞ്ഞസമയത്തിനുള്ളിൽ ദേവേന്ദ്രൻ മുഴുവൻ വിറകും എത്തിച്ച്, ബാലഖില്യന്മാരെ നോക്കി അപഹസിച്ചു. അതിൽ ക്രുദ്ധരായ, ബാലഖില്യർ ദേവേന്ദ്രനെ ശപിച്ചതിന്റെ ഫലമായാണ് കശ്യപനു ജനിച്ച ഗരുഡൻ, അമ്രുതാപഹരണസമയം ദേവേന്ദ്രനെ തോല്പിച്ചത്.
തവ കലാഭൂതൻ. അവിടുത്തെ ബീജത്തിൽ നിന്നും ജനിച്ചവൻ. അമരസിംഹ ഹലായുധാദികൾ, കലക്ക് ബീജവാഹിയായ ശുക്ലം എന്നർത്ഥം കല്പിക്കുന്നു. മുപ്പത്താറിൽ എട്ടാമത്തെ തത്വമാണ് കല. ജീവന്റെ സർവ്വകർതൃത്വത്തിന് കലകൊണ്ടാണ് 'ഇതിനെ ഞാൻ സൃഷ്ടിക്കുന്നു, അതിനെ ഞാൻ സൃഷ്ടിക്കുന്നു, ഗരുഡനെ വിഷ്ണു സൃഷ്ടിക്കുന്നു' എന്നിങ്ങിനെയുള്ള സംകുചിതത്വം വരുന്നത്.
"ദേഹോ ദേവാലയപ്രോക്തോ ജീവോ ദേവ: സദാശിവ:" എന്നും പറയപ്പെട്ടിട്ടുള്ളതുകൊണ്ട്, ജീവൻ തന്നെ സർവകർത്താവായ ശിവൻ.
ഭുജംഗാശനൻ. പാമ്പുകളെ തിന്നുന്നവനാണ് ഗരുഡൻ എന്നത് പ്രസിദ്ധം. മഹാഭാരതാദികൾ നോക്കുക.
ദേവാരാതികുലാന്തകൻ. അസുരന്മാരുടെ കുലത്തെ നശിപ്പിച്ചവൻ എന്നത് പ്രസിദ്ധം. ഖഗവരൻ. പക്ഷികളിൽ ശ്രേഷ്ഠൻ.
ഇങ്ങിനെയെല്ലാമുള്ള ഭവാനെ, കണ്ഠത്തിൽ, വിശുദ്ധിചക്രത്തിൽ, 'ഞാൻ തന്നെയാണീ ഗരുഡൻ' എന്ന് പരസ്പരഭേദമില്ലാതെ ഭജിക്കുന്നവൻ, ഒരൊറ്റ നോട്ടം കൊണ്ട് വിഷം തീണ്ടിയവന്റെ വിഷത്തെ നീക്കുന്നു.
"സ സർപ്പാണാം ദർപ്പം ശമയതി ശകുന്താധിപ ഇവ' എന്ന സൗന്ദര്യലഹരീ ശ്ലോക സമാനം.
കണ്ഡേ എന്നതിന് പാമ്പുകടിച്ച മുറിവെന്ന അർത്ഥം പറഞ്ഞുകൂടെ? കഴുത്തിന് കണ്ഠം ആണ് സാധാരണ ഉപയോഗം. ചിരങ്ങെന്ന അർത്ഥം ഗൂഗിള് നല്കുന്നു.
ReplyDeleteസംസ്കൃതത്തിൽ "കണ്ഠേ" എന്ന വാക്കിന്റെ അർത്ഥം കണ്ഠത്തിൽ എന്നാണ്.
Delete