"പ്രേമത്താലവിരാമ ഗാഢപരിരംഭം ചെയ്തു മേവീടുമ-
പ്പൂമാതിൻ കുചകുംഭകുങ്കുമമണം പൊങ്ങും തവോരസ്ഥലം
സാമാന്യാധിക ഭക്തിയോടെ ഹൃദയേ ഭാവിച്ചിടും ധന്യനെ-
ക്കാമം പോൽ പുണരുന്നിതേ സതതമഷ്ടൈശ്വര്യ മുഗ്ധാംഗിയാൾ"
പദാർത്ഥം:
പ്രേമത്താൽ = പ്രേമം കാരണമായി, പ്രേമത്തോടുകൂടി
അവിരാമ = ഇടതടവില്ലാതെ
ഗാഢപരിരംഭം ചെയ്ത് = ശക്തമായി കെട്ടിപ്പിടിച്ച്
മേവീടും = നിലനിൽക്കുന്ന
അപ്പൂമാതിൻ = മഹാലക്ഷ്മിയുടെ
കുചകുംഭകുങ്കുമമണം = കുടങ്ങൾക്ക് സമാനമായ മുലകളിലെ കുങ്കുമത്തിന്റെ മണം
പൊങ്ങും തവോരസ്ഥലം = പ്രസരിപ്പിക്കുന്ന അവിടുത്തെ നെഞ്ച്
സാമാന്യാധിക = പൊതുവേ നടപ്പുള്ളതിനേക്കാൾ അധിക
ഭക്തിയോടെ = ഭക്തിയോടു കൂടി
ഹൃദയേ = മനസ്സിൽ
ഭാവിച്ചിടും = സങ്കല്പിക്കുന്ന, ധ്യാനിക്കുന്ന
ധന്യനെ = വേണ്ടപോലെ കർമ്മം ചെയ്തവനെ
കാമം പോൽ = ഇഷ്ടത്തിനനുസരിച്ചവിധം.
പുണരുന്നിതേ = കെട്ടിപ്പിടുക്കുന്നു
സതതം = ഒരിക്കലും വിട്ടുപോവാത്തവണ്ണം
അഷ്ടൈശ്വര്യ = അണിമാ മുതലായ എട്ടെണ്ണം
മുഗ്ധാംഗിയാൾ = സുന്ദ്രങ്ങളായ അംഗങ്ങളോടുകൂടിയവൾ.
ശ്ലോകാർത്ഥം:
പ്രേമം കൊണ്ട് വിട്ടുമാറാതെ ശക്തമായി കെട്ടിപ്പിടിച്ചു നിലകൊള്ളുന്ന മഹാലക്ഷ്മിയുടെ കുടങ്ങൾക്കു സമാനമായ മുലകളിലെ കുങ്കുമത്തിന്റെ മണം പ്രസരിക്കുന്ന അവിടുത്തെ നെഞ്ച് സാധാരണയിലും കവിഞ്ഞ ഭക്തിയോടുകൂടി ഹൃദയത്തിൽ ധ്യാനിക്കുന്ന പുണ്യവാനെ, അണിമാ മുതലായ എട്ട് ഐശ്വര്യങ്ങൾ, ഇഷ്ടത്തിനു ചേർന്നവണ്ണം കെട്ടിപ്പിടിക്കുന്നു.
വ്യാഖ്യാ:
പ്രേമത്താൽ.
ഇതാണ് ഗുരുക്കന്മാരുടെ മാഹാത്മ്യം. പ്രകടമായ വാക്കുകളിൽ അപ്രകടമായ അർത്ഥഗാംഭീര്യം വ്യക്തമാക്കും. തൃതീയാ വിഭക്തിയാണ് 'പ്രേമത്താൽ' എന്ന വാക്. തൃതീയക്ക് 'ഹേതുവായിട്ട്, -കൊണ്ട്, -ആൽ, -ഓട്, -ഊടെ' എന്നിങ്ങിനെ വിവിധ അർത്ഥങ്ങൾ ചേർക്കാം. 'രാമൻ ഹേതുവായിട്ട്, രാമനെക്കൊണ്ട്, രാമനാൽ, രാമനോട്, രാമനോടെ (രാമനോട് കൂടിച്ചേർന്ന്) എന്നിങ്ങിനെ പലവിധ അർത്ഥങ്ങൾ വരും. അപ്പോൾ 'പ്രേമത്താൽ' എന്ന വാക്കിൽ 'പ്രേമം ഹേതുവായിട്ട്' എന്നും 'പ്രേമത്തോടുകൂടി' എന്നും അർത്ഥം കല്പിക്കാം. കാമുകനെ പരിരംഭം ചെയ്യേണമെങ്കിൽ കാമുകാസക്തി വേണം. ആ ആസക്തി കാരണമാണ് കാമുകി കാമുകനെ കെട്ടിപ്പിടിക്കുന്നത്. കെട്ടിപ്പിടിക്കാതിരിക്കുന്ന അവസ്ഥയിൽ, അന്യോന്യം വിട്ടുനിൽകുന്ന അവസ്ഥയിൽ, കെട്ടിപ്പിടിക്കണം, എന്നു തോന്നിക്കുന്നതാണ് പ്രേമം. എന്നാൽ കെട്ടിപ്പിടുത്തം തുടങ്ങുമ്പോൾ കാമുകന് "ഹോ ഇതെന്തൊരു കെട്ടിപ്പിടുത്തമാണ്" എന്നു തോന്നരുത്. അതേ സമയം, ആ കെട്ടിപ്പിടുത്തത്തിൽ ആനന്ദം അനുഭവിക്കുകയും വേണം. എന്നു വച്ചാൽ, കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുമ്പോഴും പ്രേമം വേണം. കെട്ടിപ്പിടിക്കാനുള്ള ആഗ്രഹത്തിലും, കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലും, പ്രേമം തുളുമുപുന്ന അവസ്ഥയാണ് 'പ്രേമത്താൽ' എന്ന വാക്കുകൊണ്ട് ഗുരു ഉദ്ദേശിച്ചത്!
അവിരാമ. ഈ കെട്ടിപ്പിടിക്കലിൽ രതി അവസ്ഥിതമാണ്. സ്ഖലനാനന്ദം പുരുഷന്റെ താത്കാലികാനന്ദസമാപ്തിയത്രേ. അതിനു നിലനിൽക്കാൻ പറ്റില്ല. അത് ഏതാനും ചില നിമിഷങ്ങളിൽ ലഭിക്കുന്ന ആനന്ദമാണ്. അവിരാമമായ ആനന്ദം ബ്രഹ്മാനന്ദമാണ്. അങ്ങിനെ പ്രേമം കൊണ്ട് പ്രേമത്തോടുകൂടി ഒരിക്കലും നിൽക്കാത്തതും, ഇടതടവില്ലാത്തതും എന്നിവിടെ അർത്ഥം.
ഗാഢ. ഉറപ്പുള്ളത്. കാമുകനോ കാമുകിക്കോ, മറ്റേയാൾ ഇപ്പോൾ വിട്ടുപോവുമോ എന്നു തോന്നാത്ത അവസ്ഥ. മരിക്കുന്നതുവരെ നിലനിൽക്കുന്ന അവസ്ഥ.
പരിരംഭം. കെട്ടിപ്പിടിക്കൽ. ആലിംഗനം എന്നല്ല ഗുരു പ്രയോഗിച്ച വാക്ക്. പരിരംഭം (ണം) ആലിംഗനം. വെറുമൊരുകെട്ടിപ്പിടിക്കലല്ല പരിരംഭം. അത്യധികമായ ആസക്തിയോടുകൂടി, ആനന്ദവാഞ്ഛയോടുകൂടി കെട്ടിപ്പിടിക്കുന്നതാണ് പരിരംഭം.
മേവീടും. നിലനിൽക്കും. അവിരാമ എന്ന പ്രയോഗത്തിനു വീണ്ടും ശക്തികൂട്ടുന്നു. മേവുകയാണ്. കെട്ടിപ്പിടിച്ചുടനേ വിട്ടുമാറുകയല്ല.
പൂമാതിൻ. മഹാലക്ഷ്മിയുടെ. അങ്ങിനെയല്ലേ വരാനൊക്കൂ. മഹാവിഷ്ണു മഹാ ലക്ഷ്മിയുടെ അല്ലാതാരുടെ!
കുചകുംഭം. കുചങ്ങൾ രതിയുടെ ആദ്യവാക്കാണ്. സുന്ദരിയുടെ കുചങ്ങളേ പലവിധത്തിലും കവികൾ വർണ്ണിക്കാറൂണ്ട്. 'സ്തനഭാരദളന്മദ്ധ്യ..' എന്ന സഹസ്രനാമൈകത്തിൽ, കുചങ്ങളൂടെ ഭാരത്തെയാണ് വാഗ്ദേവതകൾ വർണ്ണിക്കുന്നത്. സുന്ദരിയുടെ കുചഭംഗി കണ്ണുകളാൽ കണ്ടാസ്വദിക്കുന്ന പുരുഷനുപോലും ആയുസ്സു നീട്ടിക്കിട്ടുന്നു, എന്ന് ആധുനിക മനശ്ശാസ്ത്രവിദഗ്ധന്മാർ കണ്ടുപിടിക്കുന്നു. (http://timesofindia.indiatimes.com/life-style/health-fitness/health/Stare-at-boobs-to-live-longer/articleshow/5304136.cms) പൗരുഷം സ്ത്രീക്ക് നയനാനന്ദകരമല്ല. എന്നാൽ സ്ത്രീസൗന്ദര്യം, പുരുഷന് നയനാനന്ദകരമത്രേ. സ്ത്രീയുടെ ഓരോ അവയവങ്ങളും, ചുണ്ട്, മുലകൾ, പൊക്കിൾ, തുടകൾ (കാമേശജ്ഞാത സൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ- ലളിതാ സഹസ്രനാമം) യോനി, മുതലായ ഓരോന്നും പുരുഷന് കാമോദ്ദീപകവും കാമപൂർത്തികരവുമാണെന്നിരിക്കിലും, പുരുഷന്റെ അവയഭംഗിയുടെ ദർശനം സ്ത്രീക്ക് കാമോദ്ദീപകമല്ല. കാണാൻപറ്റാത്തതും, അനുഭവവേദ്യമാത്രവുമായ പൗരുഷമാണ് സ്ത്രീക്ക് കാമോദ്ദീപകം. ഇവിടെ തന്നെ കാമാസക്തിയോടെ കെട്ടിപ്പിടിക്കുന്ന മഹാലക്ഷ്മിയുടെ കുചങ്ങളെ, മഹാവിഷ്ണു കുടങ്ങൾക്ക് സമാനമായി കാണുന്നതായി വിവരിക്കുന്നു.
കുങ്കുമമണം പൊങ്ങും തവോരസ്ഥലം. മഹാലക്ഷ്മി സദാ സ്വന്തം മാറിടത്തിൽ കുങ്കുമമണിഞ്ഞ് നിൽകുന്നു. കുങ്കുമം വസ്തുവും (പദാർത്ഥം) മണം അതിന്റെ ഗുണവുമാണ്. ഒരു പരിരംഭണത്തിലൂടെ, കാമുകിയുടെ മാറിടത്തിലെ കുങ്കുമം കാമുകന്റെ നെഞ്ചിൽ പടരാം. എന്നാൽ ആ കുങ്കുമത്തിന്റെ ഗന്ധം കൂടി പടരണമെങ്കിൽ, ആലിംഗനത്തിന്റെ ദൃഢത അവർണ്ണനീയമാവുന്നു.
പൊങ്ങും തവോരസ്ഥലം. അങ്ങിനെ സ്വന്തം മാറിടത്തിൽ, മഹാലക്ഷ്മി അണിഞ്ഞ കുങ്കുമത്തിന്റെ ഗന്ധം നാലുപാടും പ്രസരിക്കുന്നത്, ആ ലക്ഷ്മീ മാറിടത്തിൽ നിന്നല്ല, അങ്ങയുടെ, വിഷ്ണുവിന്റെ നെഞ്ചിൽ നിന്നാണ്. ആലിംഗനത്തിലൂടെ പുരുഷന്റെ നെഞ്ചിൽ പകരുന്ന കുങ്കുമമണം നാലുപാടും പ്രസരിക്കാൻ സമർത്ഥമാണെങ്കിൽ, അവളുടെ നെഞ്ചിൽ ഉദ്ഭവിക്കുന്ന കുങ്കുമമണം എത്ര അഗാധമാണെന്ന് ഗുരു ഇവിടെ സൂചിപ്പിക്കുന്നു.അത്രതന്നെയല്ല, അവളുടെ മാറിന്റെ മിടുക്കാണോ, അവന്റെ നെഞ്ചിന്റെ ഗുണമാണോ, ഈ മണം പകരുന്നതിലോ, പിടിച്ചുനിർത്തുന്നതിലോ, കഴിവുറ്റത് എന്ന് ഭക്തന്മാരെ ഗുരു ചിന്തിപ്പിക്കുന്നു.
സാമാന്യാധികഭക്തി. ഭക്തിയിൽ തന്നെ യുക്തിയില്ല. പുഴയുടെമീതെ നടക്കാൻ ശങ്കരനാൽ വിളിക്കപ്പെട്ട പത്മപാദനിൽ ഭക്തിയുണ്ടായിരുന്നു. 'വിഡ്ഢിക്കൂശ്മാണ്ഡം' എന്നത് ഒരു മന്ത്രമാണെന്ന് വിശ്വസിച്ച ശിഷ്യനും ഭക്തിയുണ്ടായിരുന്നു. അങ്ങിനെ എന്തും സാധിക്കാവുന്നതാണ് ഭക്തി. അത് സാമാന്യ ഭക്തി. അതിലും അധികമായ ഭക്തി 'സാമാന്യാധികഭക്തി'. അതെന്താണെന്നീ വ്യാഖ്യാതാവിനറിവുള്ളതല്ല. എങ്കിലും സർവ്വശക്തമായ സാമാന്യഭക്തിയെക്കാൾ പതിന്മടങ്ങു തീവ്രതയുള്ളതായിരിക്കണം ഇത്.
ഹൃദയേ. മനസ്സിൽ
ഭാവിച്ചിടും ധന്യനെ. ഭാവന ചെയ്യുന്ന പുണ്യവാൻ. ഭാവന എന്നത് വെറും വിചാരമോ ചിന്തയോ അല്ല. സ്വയം ധ്യാതൃവിഷയമായി മാറുന്നതാണ് ഭാവന. ആ കുങ്കുമമണം പ്രസരിക്കുന്ന വൈഷ്ണവ നെഞ്ചായി സ്വയം മാറുന്നത് ഭാവന!. അത്തരം ഭാവനകൊണ്ത്തന്നെ ഒരുവൻ പുണ്യവാനായിമാറുന്നു. എന്നിരിക്കെ, സ്വതവെ പുണ്യവാനായ ധന്യനാണിതുചെയ്യുന്നതെങ്കിൽ! അവനെ.
കാമമ്പോൽ. കാമത്തിനനുസരിച്ച്. കാമം ആഗ്രഹം. ആഗ്രഹത്തിനനുസരിച്ച്. എങ്ങിനെയാണ്, എപ്രകാരമാണ് ആഗ്രഹിക്കുന്നത് അപ്രകാരം / അതിനനുസരിച്ച്.
പുണരുന്നിതേ. കെട്ടിപ്പിടിക്കുന്നു.
സതതം. എല്ലായ്പോഴും
അഷ്ടൈശ്വര്യ മുഗ്ധാംഗിയാൾ. അഷ്ടൈശ്വര്യങ്ങളാകുന്ന സുന്ദരങ്ങളാകുന്ന അവയവങ്ങളോടു കൂടിയവൾ. അഷ്ടൈശ്വര്യങ്ങൾ. അണിമാ, ലഘിമാ, മഹിമാ, ഈശിത്വം, വശിത്വം, പ്രാകാമ്യം, ഭുക്തി, ഇച്ഛാ എന്നിവ. താന്ത്രിക സങ്കല്പാത്തിൽ ഐശ്വര്യങ്ങൾ പ്രാപ്തി, സർവകാമാ എന്നിവ ചേർന്ന് പത്ത്. ശബ്ദതാരാവലിയിൽ കൊടുത്തിട്ടുള്ള അഷ്ടൈശ്വര്യങ്ങൾ ശരിയല്ല. ഈ ഐശ്വര്യങ്ങൾ സുന്ദരമായ അംഗങ്ങളായവൾ, മുഗ്ധാംഗിയാൾ.
ലക്ഷ്മിയുടെ 'ഗാഢപരിരംഭണ'ത്തിനു ചേർന്നവണ്ണം അഷ്ടൈശ്വര്യങ്ങൾ 'പുണരുന്നിതേ'
ആ പരിരംഭണം അവിരാമമാകകൊണ്ട്, 'സതതം'
ഗുരവേ നമ:
At the feet of my Guru
ReplyDeleteഎന്റെ ഗുരുപാദപങ്കജങ്ങളിൽ
Excellent!
ReplyDelete