Thursday, April 10, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 4

<-മുൻപിലത്തേത്                                  തുടക്കം                                 അടുത്തത് ->
"ശ്യാമാ സർവ വിമോഹിനീ പൃഥുകുചാ മന്ദാക്ഷ നമ്രാനനാ
കാമാരിക്കുരു കാമ വിഭ്രമകരീ ത്രൈലോക്യ വശ്യംകരീ
ഈമട്ടായ്തവ മായയെസ്സതതമാരാധിച്ചിടും നാരിതൻ
പ്രേമത്തിന്നടിമപ്പെടുന്നിതു യമം സാധിച്ച യോഗീന്ദ്രനും"

പദാർത്ഥം:
ശ്യാമാ = കറുത്ത, കറുത്തവൾ
സർവ വിമോഹിനീ = ഒന്നുംബാക്കിയില്ലാതെ എല്ലാത്തിനെയും വിശേഷാൽ മോഹിപ്പിക്കുന്നവൾ, മയക്കുന്നവൾ.
പൃഥുകുചാ = തടിച്ച മുലയുള്ളവൾ


മന്ദാക്ഷ = സാവധാനമുള്ള നോട്ടമുള്ളവൾ, കടാക്ഷം
നമ്രാനനാ = മുഖം കുനിച്ചവൾ (നാണത്തോടെ)
കാമാരി = ശിവൻ
ഉരു = വളരെ അധികമായ
കാമ = ആഗ്രഹം
വിഭ്രമകരീ = വിവിധരീതിയിൽ ഭ്രമിപ്പിക്കുന്നവൾ
ത്രൈലോക്യ = ഭൂ: ഭുവ: സ്വ: ലോകങ്ങൾ
വശ്യംകരീ = വശീകരിക്കുന്നവൾ
സതതം = എപ്പോഴും
യമം = ആത്മനിയന്ത്രണം, ഒരു യോഗ വിദ്യ
യോഗീന്ദ്രൻ = യോഗിമാരിൽ രാജാവ്

ശ്ലോകാർത്ഥം:
അവിടുത്തെ മായയെ (വിഷ്ണുമായയെ), കറുത്ത നിറമുള്ളവളായും, ഒന്നും ബാക്കി വക്കാതെ എല്ലാത്തിനെയും വിശേഷാൽ വിമോഹിപ്പിക്കുന്നവളായും, വലിയ മുലകളുള്ളവളായും,  നാണത്തോടെ മുഖം കുനിച്ച് സാവധാനം കടാക്ഷങ്ങളയച്ച്, കാമന്റെ ശത്രുവിനെ കാമാസക്തിയാൽ വിഭ്രമിപ്പിക്കുന്നവളായും, മൂന്നു ലോകങ്ങളേയും വശീകരിക്കുന്നവളായും, എപ്പോഴും ആരാധിക്കുന്ന സ്ത്രീയുടെ പ്രേമത്തിന്, യമം സാധിച്ച യോഗിമാരുടെ രാജാവു പോലും (ഏറ്റവും സമർത്ഥനായ യോഗി പോലും) അടിമയായിത്തീരും. 

വ്യാഖ്യാ:
കറുപ്പ് എല്ലാ രശ്മികളെയും, തരംഗങ്ങളെയും ആകർഷിക്കുന്നു എന്നത് ആധുനിക ഭൗതിക ശാസ്ത്രം പോലും തെളിയിച്ചിട്ടുള്ളതാണ്. തമോഗർത്തങ്ങൾ (black holes) വെളിച്ചത്തെ എന്നല്ല നക്ഷത്രക്കൂട്ടങ്ങളെ പോലും ആകർഷിച്ച് അകത്താക്കുന്നു. അതുകൊണ്ട്, കറുത്ത 'ശ്യാമാ', 'സർവ വിമോഹിനി' ആവാതെ വയ്യ. സർവം എന്നൽ മറ്റൊന്നും ബാക്കിവക്കാതെ എല്ലാം. അങ്ങിനെ എല്ലാത്തിനെയും 'വിമോഹി' പ്പിക്കുന്നവൾ. വിശേഷാൽ മോഹിപ്പിക്കുന്നവൾ, സാധാരണ മോഹമല്ല. അതെങ്ങിനെ? വലിയ മുലകൾ സ്ത്രീസൗന്ദര്യത്തിന്റെ ലക്ഷണമായി കവികൾ ഉപയോഗിക്കാറുണ്ട്. ഭക്തിയിലും അതു ചേരും. ശക്തിപഞ്ചാക്ഷരീ ധ്യാനത്തിലെ "നിബിഡകുചഭരാ..", സഹസ്രനാമത്തിലെ "സ്തനഭാരദളന്മദ്ധ്യ.." എന്നും മറ്റുമുള്ള പ്രയോഗങ്ങൾ പ്രസിദ്ധങ്ങൾ. "കടാക്ഷകിങ്കരീഭൂത കമലാകോടി സേവിതാ" എന്ന വർണ്ണനയും, ഗുരു ഈ ശ്ലോകത്തിൽ കലർത്തിയിരിക്കുന്നു. വലിയ മുലകളുടെ ഭാരം കൊണ്ട് മുന്നോട്ടല്പം കുനിഞ്ഞ്, നമ്രമുഖിയായി, മന്ദമായ, പതുക്കെ പതുക്കെയുള്ള നോട്ടങ്ങളോടു കൂടി നിൽക്കുന്ന ശ്യാമാ. കാണുന്നത് പരമശിവനാണെങ്കിൽ പോലും, വിശേഷേണ മോഹിപ്പിക്കുന്നവളാവും. മോഹാലസ്യം, തളർച്ച, ഇതികർത്തവ്യതാ മൂഢത എല്ലാം ചേരും 'വിമോഹ'ത്തിൽ. ഹനുമാന്റെ വലിയ രൂപം കണ്ട ഭീമന്റെയും, ശ്രീകൃഷ്ണന്റെ വിശ്വരൂപം കണ്ട അർജ്ജുനന്റെയും അവസ്ഥക്ക് സമാനമാവാം. പക്ഷേ ഇവിടെ അത് കാമാസക്തികൊണ്ടുള്ള വിമോഹമത്രെ.

മൂന്നു ലോകങ്ങളും അപ്പാടെ. സർവം എന്നു പറഞ്ഞിട്ട് വീണ്ടും ത്രിലോകം എന്നു പറഞ്ഞത് ആ മോഹത്തിന്റെയും, എല്ലാമെല്ലാം എന്ന പൗനരുക്ത്യത്തിന്റെയും വിശേഷ ശക്തി പ്രകടിപ്പിക്കാൻ തന്നെ ആവണം. 'കാമാരിക്കുരുകാമവിഭ്രമകരി' കാമനെ അഗ്നിനേത്രം കൊണ്ട് ഭസ്മമാക്കിയ ശിവന് 'ഉരു കാമവിഭ്രമം' ഉണ്ടാക്കുന്നവൾ. കാമാരി, കാമന്റെ ശത്രു, കാമനെ ഭസ്മമാക്കിയവൻ, അവനെ, അതേ കാമന്റെ 'വിഭ്രമ' ത്തിന് അടിമയാക്കുന്നവൾ!! വിഭ്രമം = വിവിധ ഭ്രമം =  പലവിധത്തിലുള്ള ഭ്രമം. സ്ഥല ജല ഭ്രമം, ഭൂമിയോ, ജലമോ എന്ന സ്ഥല ഭ്രമം, ഇന്നോ ഇന്നലെയോ എന്ന കാലഭ്രമം, രാത്രിയോ പകലോ എന്ന കാലഭ്രമം. പൂർണ്ണചന്ദ്രൻ ഉദിച്ചിരിക്കുമ്പോൾ, സ്ഥലജലഭ്രമം ഉണ്ടാവുന്നത്, പ്രസിദ്ധം. പകൽ കണ്ട ദിക്കുകൾ പൂർണ്ണചന്ദ്ര അദ്ധ്യക്ഷതയിൽ, ആകെ അജ്ഞാതമാവുന്നതും പ്രസിദ്ധം.  ഈ കാമം, സൃഷ്ട്യുന്മുഖമായ ആസക്തി തന്നെ. മുൻപ് പറഞ്ഞതുപോലെ, 'കാല കർമ്മ ഗുണ നിർഭിന്ന', 'സച്ചിന്മയ', 'ആകാരാദി വിഹീന' നെന്ത് കാമം? 'ആ' കാരം ഇല്ലെങ്കിൽ 'ക' മുതൽ 'മ' വരെയുള്ള വ്യഞ്ജനങ്ങൾ ചിന്മയമായി, ഗുണവിഹീനമായിരിക്കും. 'അ' മുതൽ 'ഉ' ൽ കൂടി 'ം' വരെയുള്ള 'ഓം'കാര ജീവനാണ് 'കാ' 'മം' പ്രത്യക്ഷത്തിൽ കൊണ്ടു വരുന്നത്. 'കാമം' എന്ന കാരണത്തിൽ നിന്ന് 'അഖിലം' എന്ന കാര്യം സൃഷ്ടിക്കപ്പെടുന്നു. എന്നാൽ ക മുതൽ മ വരെയുള്ള കാരണം 'ആ'കാരാദി കാര്യത്തിൽ അടങ്ങിയിരിക്കുന്നു. താന്ത്രിക കർമ്മങ്ങളിലെ പഞ്ചമോപാസനയും, ഇങ്ങിനെ തന്നെ കാണേണ്ടതാണ്. 

അടിമ, ഉടമയുടെ എല്ലാ ആജ്ഞകളും തഥാവിധി ശിരസാ വഹിക്കാൻ നിയുക്തനത്രൻ. ഇങ്ങിനെയെല്ലാമുള്ള രൂപത്തിൽ ദേവിയെ ആരാധിക്കുന്ന സ്ത്രീക്ക് 'അടിമപ്പെടും',  അഷ്ടാംഗയോഗത്തിലെ ഒരു പ്രധാന അവസ്ഥയായ ആത്മനിയന്ത്രണം ഏറ്റവും നന്നായി സാധിച്ച യോഗി വര്യൻ പോലും, പ്രേമത്തിനടിമയാവും.

No comments:

Post a Comment

അഭിപ്രായം