"ലോകാന്തേ തവ മായതന്നെയുപസംഹൃത്യ സ്വയംഭോ ഭവാൻ
ആകാരാദി വിഹീനനായമൃതമായ് മേവുന്നു സച്ചിന്മയൻ
ഹേ കാലാത്മക കാല കർമ്മ ഗുണ നിർഭിന്നൻ ഭവാനെന്തിനോ
ശ്രീകണ്ഠാദി പിപീലികാന്തമഖിലം സൃഷ്ടിപ്പു വീണ്ടും ഹരേ"
പദാർത്ഥം:
ലോക = ഏഴു ലോകങ്ങളും ഒപ്പം ഏഴു തലങ്ങളും
ലോകാന്തേ = ലോകത്തിന്റെ അവസാനത്തിൽ, പ്രളയകലത്ത്
തവ മായ തന്നെ = അവിടുത്തെ മായയെ
ഉപസംഹൃത്യ = ഉൾവലിഞ്ഞിട്ട്
സ്വയംഭോ = തനിയെ സംഭവിച്ചവൻ,
ആകാരാദി:
ആകാര = രൂപം (shape)
ആദി = മുതലായ
അമൃത = മരിച്ചിട്ടില്ലാത്ത
സച്ചിന്മയൻ = സത് ഉം ചിത് ഉം ആയവൻ. സത് = സത്യം
കാലാത്മക = കാലരൂപൻ
നിർഭിന്നൻ = വ്യത്യസ്തനല്ലാത്തവൻ
ശ്രീകണ്ഠൻ = ശിവൻ
പിപീലിക =ഉറുമ്പ്
അഖിലം = എല്ലാം, മറ്റൊന്നില്ലാതെ എല്ലാം.
ശ്ലോകാർത്ഥം:
പതിനാലു ലോകങ്ങളുടെയും അവസാനമായ പ്രളയകാലത്ത്, സ്വയംഭൂവായ ഭവാൻ, അവിടുത്തെ മായയെ തന്നിലേക്ക് തന്നെ ഉൾവലിയിച്ചിട്ട് ആകാരാദി ഗുണ വിഹീനനായി, എന്നാൽ താൻ തന്നെ അവസാനിക്കാതെ സത്തും ചിത്തും ആയി മേവുന്നു. അല്ലയോ കാലരൂപ, ഹരേ, സ്വയം കാലരൂപനും (പരിണാമരൂപൻ, സംഹാരരൂപൻ) കർമ്മരൂപനും ഗുണരൂപനുമായ ഭവാൻ, എന്തിനു വീണ്ടും ശിവൻ മുതൽ ഉറുമ്പുവരെയുള്ള എല്ലാത്തെയും സൃഷ്ടിക്കുന്നു?
വ്യാഖ്യാനം:
ലോകങ്ങൾ അവസാനമുള്ളതാണ്. അനന്തമല്ല. എന്നാൽ കാരണഹീനനായി സ്വയം ഉണ്ടായ ഭവാൻ അനന്തനാണ്. അവിടുത്തെ മായ എന്നതിൽ 'തവ' എന്ന ഷഷ്ഠീ പ്രയോഗത്തിനാൽ മായ അവിടുത്തെ ഗുണമാണ് എന്നു വരുന്നു. എന്നാൽ ആ മായയെ തന്നിലേക്കു തന്നെ ഉപസംഹരിക്കുമ്പോൾ, പലതായി പിരിച്ചവയെയെല്ലാം തിരിച്ച് ഒന്നിലേക്ക് കൊണ്ടുവരുമ്പോൾ ദ്രവ്യവും ഗുണവും ഒന്നാവുന്ന അവസ്ഥവരുന്നു. ഗുണം ദ്രവ്യത്തിലേക്കോ, ദ്രവ്യം ഗുണത്തിലേക്കോ ലയിച്ചത് എന്നറിയാത്ത അവസ്ഥ.
ആകാരാദി വിഹീനൻ എന്നതിന്, ആകൃതി, പ്രകൃതി, മുതലായ ഗുണവിഹീനൻ എന്ന അർത്ഥം പ്രകടം. എന്നാൽ പ്രഭവകാലത്ത് അകാര, ഉകാര, മകാര, തുര്യാദി വിശ്ലിഷ്ടനായ ഓങ്കാരം, പ്രളയകാലത്ത് "പണ്ടേക്കണക്കിൽ" ആകാരാദി തുരിയാന്ത വിഹീനനായി 'ഓങ്കാരസ്വരൂപനായി' അമൃതമായ് മാറുന്നു എന്നൊരർത്ഥവും കൂടിയുള്ളതായാണ് 'സച്ചിന്മയൻ' എന്ന പ്രയോഗത്തിലൂടെ ദ്യോതിപ്പിക്കുന്നത്. ഗുരുവിന്റെ 'ശക്തിപഞ്ചാക്ഷരീ സ്തോത്ര' ത്തിലെ ആദ്യശ്ലോകമായ 'ഓങ്കാരാകാരനീശൻ സ്വയമറിവതിനായ് ഇച്ഛപൂണ്ടുത്ഭവിച്ചോരൈങ്കാരാദിത്രയം' എന്ന പ്രയോഗം ഇവിടെ സ്മർതവ്യമാണ്.
'അമൃതം' എന്ന മൂന്നു ലിംഗത്തിലും ഉപയോഗിക്കാവുന്ന പദം കൊണ്ട്, ഹരി ലിംഗാതീതനാണെന്നും വരുന്നു.
കാലാത്മകൻ, യാതൊരുവന്റെ ആത്മാവിൽ, അന്തർഭാഗത്ത് കാലം സ്ഥിതി ചെയ്യുന്നോ അവൻ. സ്വയം കാല, ഗുണ, കർമ്മ രൂപനായ അവിടുന്ന്, ശിവൻ മുതൽക്ക് ഉറുമ്പ് വരെയുള്ള അഖിലത്തെയും വീണ്ടും (മേല്പറഞ്ഞ സംഹാരത്തിനു ശേഷം) എന്തിനു വേണ്ടി സൃഷ്ടിക്കുന്നു?
കാലം സംഹാരാത്മകൻ. സംഹാരശക്തിയുള്ള വിഷം ഭക്ഷിച്ചതുകൊണ്ട്, ശിവനെ 'ശ്രീകണ്ഠൻ' എന്ന് ഈ വരിയിൽ വിളിച്ചത് എത്ര ഭാവനാനിർഭരം!
'എന്തിനോ' എന്ന പ്രയോഗത്തിലൂടെ, ഗുരു ഇത് ഹരിയോടുള്ള ചോദ്യമായാണോ, അതോ നമുക്കറിയാൻ കഴിയാത്ത എന്തോ ഒരു കാര്യത്തിനു വേണ്ടിയാണ് എന്ന പ്രസ്താവനയായാണോ അവതരിപ്പിച്ചിരിക്കുന്നത് എന്നറിയാൻ വയ്യ. മുൻശ്ലോകത്തിൽ 'മായാലീലാവിലാസം' എന്നു വിവരിച്ചതിനെ അത്ഭുതത്തോടെ നോക്കി കാണുന്നു കവി.
No comments:
Post a Comment
അഭിപ്രായം