"ത്രൈലോക്യോത്തരമോഹനം നവഘനശ്യാമം സുഹാരോജ്വലം
ഗോലോകേശ്വരി രാധികാകരധരം മാരോൽസവോൽക്കമ്പിതം
ആലോകാമൃതപൂരമീശ്വര ഭവദ്രൂപത്തെ നിത്യം സ്മരി-
ച്ചാലോ മാനിനിമാരവന്നുവശമാകില്ലാരുമുപ്പാരിലും"
പദാർത്ഥം:
ത്രൈലോക്യോത്തര = മൂന്നു ലോകത്തെക്കാൾ അധികം- , മൂന്നു ലോകത്തെയും അത്യന്തം-
മോഹനം = മോഹിപ്പിക്കുന്നത്
നവഘനശ്യാമം:
നവ = പുതിയ
ഘന = ഘനീഭവിച്ച (ജലകണങ്ങൾ കൊണ്ട്)
ശ്യാമം = നീല നിറമുള്ള
സുഹാരോജ്വലം = സുന്ദരമായ മാലകൊണ്ട് ഉജ്ജ്വലമായ
ഗോലോകേശ്വരി = പശുക്കളുടെ ലോകത്തിന്റെ (ഗോപാലികമാരുടെ) ഈശ്വരി
കരധരം = കൈ പിടിച്ചവനെ
മാരോൽസവോൽക്കമ്പിതം = രതിവിലാസത്തിന്റെ മൂർച്ഛയിൽ ശരീരം വിറക്കുന്നവനെ
ആലോകാമൃതപൂരം = കാണുന്നവരിൽ, കാഴ്ചയിൽ, കണ്ണിൽ അമൃത് പൂരിപ്പിക്കുന്ന, നിറക്കുന്നവനെ
ഈശ്വര = ഈശ്വര!
ശ്ലോകാർത്ഥം:
ഈശ്വര, അവിടുത്തെ രൂപത്തെ, ഗോപികമാരുടെ ഈശ്വരിയുടെ കരം പിടിച്ചവനായും, മൂന്നുലോകത്തെയും അങ്ങേയറ്റം മോഹിപ്പിക്കുന്നവനായും, പുതു ജലകണങ്ങൾ നിറഞ്ഞ് ഘനീഭവിച്ച കറുത്ത (മേഘത്തിനു സമമായ) വനായും, സുന്ദരമായ മാലയാൽ ജ്വലിക്കുന്ന പ്രകാശവാനായും, (രാധികയുമായുള്ള ) രതിലീലാ വിലാസജന്യമായ മൂർച്ഛയിൽ ശരീരം വിറക്കുന്നവനായും, കാഴ്ചക്കാരുടെ കണ്ണിൽ അമൃത് നിറക്കുന്നവനായും, നിത്യവും സ്മരിക്കുന്നവന്, മൂന്നുലോകത്തിലും ഏത് മാനിനിയാണ് വശമാവാത്തത്!
വ്യാഖ്യാ:
മൂന്നുലോകത്തെയും അങ്ങേയറ്റം, അതി കലശലായി, തടയാൻ പറ്റാത്തവിധം മോഹിപ്പിക്കുന്നവനാണ് ത്രൈലോക്യോത്തരമോഹനൻ. ബോധക്ഷയത്തിലെത്തിക്കുന്നത്ര (സംഭ്രമം, പരിഭ്രമം, മൗഢ്യം മുതലായവയിലൂടെ ബോധക്ഷയത്തിലെത്തുന്നു.) മോഹനം. പുതു ജലകണങ്ങൾ നിറഞ്ഞ് ഘനീഭവിച്ച് ഇപ്പോൾ പെയ്യാൻ നിൽക്കുന്ന കറുത്ത മേഘങ്ങളെ പോലെ കറുത്തവൻ. മേഘങ്ങളെ നീല നിറമായും കവികൾ വർണ്ണിക്കാറുണ്ട്. സാഗരം പോലെ അഗാധത പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണ് ഇത്. അപ്പോൾ മേഘങ്ങൾക്ക് അഗാധത ഒരു ഗുണമാണ്. കവി ഇവിടെ കറുപ്പുകൊണ്ട് 'ഉത്തര' ആകർഷണീയതയും, മേഘങ്ങളെക്കൊണ്ട് അഗാധതയും വ്യഞ്ജിപ്പിച്ചിരിക്കുന്നു. ജലകണങ്ങളായാൽ ആ നിമിഷം നിലത്തേക്കു പതിക്കുന്ന എന്തോ ഒന്നാണ് ശ്യാമ മേഘങ്ങളിൽ അടങ്ങിയിരിക്കുന്നത്. അതെന്താണെന്നറിയാതെ 'നവഘനശ്യാമം' എന്ന ഒറ്റവാക്കിൽ അതിന്റെ നിറവും, അഗാധതയും, കുളിരും വ്യഞ്ജിപ്പിക്കാൻ ഗുരുവിനു തന്നെയേ കഴിയൂ.
സുഹാരം എല്ലാവിധത്തിലും 'സദ്' ആയിരിക്കും. സുന്ദരം, സുരഭിലം, സുരമ്യം, സുരസം (തേൻ നിറഞ്ഞ് വണ്ടുകളെ ആകർഷിക്കുന്ന), സുഭഗം, സുഗമം, സുകുമാരം. അത്തരം ഒരു ഹാരം കൊണ്ട് ജ്വലിച്ചു നിൽക്കുന്നവൻ.
പശുക്കളുടെ കുലത്തിനല്ല (ഗോകുലം) ലോകത്തിനു തന്നെ ഈശ്വരിയായവൾ 'ഗോലോകേശ്വരി'. അങ്ങിനെയുള്ള രാധികയുടെ കൈ പിടിച്ചുകൊണ്ട്, പ്രപഞ്ചസൃഷ്ടിക്കു കാരണമായ മാരോൽസവ ജന്യമായ ആനന്ദത്തിൽ, ശരീരമാകെ വിറക്കുന്ന ഈശ്വരനെ (വിഷ്ണുവിനെ) കാണുന്നവരുടെ കണ്ണിൽ അമൃത് കോരിയൊഴിക്കുന്നവനായി, മൂന്നുലോകത്തെയും അത്യന്തം മോഹിപ്പിക്കുന്നവൻ.
ഈശ്വരൻ. വിഷ്ണുവിനെ (ഹരിയെ) ഈശ്വരനാക്കുന്ന (ഹരൻ) ആ വിദ്യ നോക്കൂ. ശ്രീ എം.ഡി.രാമനാഥന്റെ "ഹരിയും ഹരനും ഒൻഡ്രേ എൻഡ്ര്" എന്നു തുടങ്ങുന്ന കൃതി ഇതേ തത്വം വളരെ രസകരമായി പ്രതിപാദിക്കുന്നുണ്ട്. അതോടൊപ്പം ഗുരു ഇവിടെ രാധയെ ഗോലോകത്തിന്റെയാണെങ്കിലും ഈശ്വരിയും ആക്കി!
ഇപ്രകാരം അവിടുത്തെ രൂപത്തെ നിത്യവും സ്മരിക്കണം. നിത്യം. എങ്കിൽ മൂന്നുലോകത്തിലെയും ഏത് മാനിനി തന്നെ വശമാകില്ല. മാനിനി, സ്വയം മാനിക്കുന്നവൾ. കാമുകനോടു പോലും കോപിച്ചിരിക്കുന്നവൾ. അവൾ പോലും!
ഷഡ്കർമ്മങ്ങളിലെ വശ്യപ്രയോഗത്തെ പ്രതിപാദിക്കുന്നതാണ് ഇതിനു മുൻപത്തെ 'ശ്യാമാ' എന്നു തുടങ്ങുന്ന ശ്ലോകവും, ഈ ശ്ലോകവും. അവിടെ സ്ത്രീ പുരുഷനെ വശീകരിക്കുന്ന വിദ്യ പറഞ്ഞു. ഇവിടെ പുരുഷൻ സ്ത്രീയെ വശീകരിക്കുന്ന വിദ്യ പറയുന്നു. അവിടെ സ്ത്രീ ദേവിയെ 'ശ്യാമാ' (കറുത്തവൾ) ആയി ധ്യാനിക്കുന്നു. ഇവിടെ പുരുഷൻ ദേവനെ 'ശ്യാമ:' (കറുത്തവൻ) ആയി ധ്യാനിക്കുന്നു. അവിടെ 'ത്രൈലോക്യ വശ്യംകരി' ആണെങ്കിൽ, ഇവിടെ 'ത്രൈലോക്യോത്തരമോഹന:' ഇവിടെ 'ഭവദ്രൂപത്തെ നിത്യം സ്മരിക്കുക' ആണെങ്കിൽ, അവിടെ 'തവ മായയെ സതതമാരാധിക്കുക' യാണ്. യോഗീന്ദ്രൻ, 'നാരിതൻ പ്രേമത്തിന്നടിമപ്പെടു' ന്നതു പോലെ മുപ്പാരിലും, 'മാനിനിമാരവന്നു വശമാകില്ലാര്'
No comments:
Post a Comment
അഭിപ്രായം