വിശ്വാകാരനജൻ വിരാട് പുരുഷനങ്ങല്ലാതെയില്ലൊന്നുമേ
വിശ്വം താവക വീക്ഷണാന്തവിലസന്മായാകൃതം, ലീലയാ,
ശശ്വൽപ്പൂരുഷ! നിൻ പ്രഭാവമറിവോനാരുള്ളു ലോകത്രയേ?"
പദാർത്ഥം:
വിശ്വാത്മാ = വിശ്വത്തിന്റെ ആത്മാവ്.
കുക്ഷി = അന്തർഭാഗം. അഖില = സമ്പൂർണ്ണം, മറ്റൊന്നവശേഷിക്കാതെ എല്ലാം.
വിശ്വാകാരൻ = രൂപം തന്നെ വിശ്വം ആയവൻ
അജൻ = ജനിച്ചിട്ടില്ലാത്തവൻ.
വിരാട് പുരുഷൻ = അനാദ്യന്തനായി എല്ലാം ഉൾക്കൊള്ളുന്നവൻ.
വിരാട് പുരുഷൻ = അനാദ്യന്തനായി എല്ലാം ഉൾക്കൊള്ളുന്നവൻ.
താവക = അവിടുത്തെ.
വീക്ഷണാന്ത = വീക്ഷണത്തിൽ അവസാനിക്കുന്ന
വീക്ഷണാന്ത = വീക്ഷണത്തിൽ അവസാനിക്കുന്ന
വിലസൻ = പ്രതിഭാസിക്കുന്ന (manifesting)
മായാകൃതം = മായയാൽ സൃഷ്ടിക്കപ്പെട്ട
മായാകൃതം = മായയാൽ സൃഷ്ടിക്കപ്പെട്ട
ലീലായാ = കളിതമാശയായി.
ശശ്വത് പൂരുഷ = അനാദ്യന്ത പുരുഷ
പ്രഭാവം = പ്രകർഷ ഭാവം
ശശ്വത് പൂരുഷ = അനാദ്യന്ത പുരുഷ
പ്രഭാവം = പ്രകർഷ ഭാവം
ലോകത്രയം = ഭൂ:, ഭുവ:, സുവ: ലോകങ്ങൾ
ശ്ലോകാർത്ഥം:
എല്ലാത്തിന്റെയും ആത്മായവനേ, അവിടുത്തെ അന്തർഭാഗത്ത് ബ്രഹ്മാണ്ഡം മുഴുവൻ സ്ഥിതി ചെയ്യുന്നു. എല്ലാം ഉൾക്കൊള്ളുന്ന രൂപമുള്ള ജനിക്കാത്തവനായ അങ്ങല്ലാതെ മറ്റൊന്നും ഉള്ളതല്ല. എല്ലാം അവിടുത്തെ വീക്ഷണത്തോടെ അവസാനിക്കുന്ന മായയാൽ കളിതമാശയായി സൃഷ്ടിക്കപ്പെട്ടവയാണ്. അനാദ്യന്തനായ നിന്റെ പ്രഭാവം അറിയുന്നവർ മൂന്നു ലോകത്തിലും ആരുണ്ട്!
വിശ്വാത്മാ, വിശ്വാകാരൻ, അജൻ, വിരാട്പൂരുഷൻ, വിശ്വം, ശശ്വത്പൂരുഷൻ എന്നീ പദങ്ങൾ വിഷ്ണുവിനെ വീണ്ടും വീണ്ടും വിശേഷിപ്പിക്കാനുപയോഗിച്ചിരിക്കുന്നു.
കുക്ഷി എന്ന പദം ഗുരു ഇവിടെ വളരെ രസകരമായ വിധത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.
കുക്ഷി എന്നാൽ 'ഉൾഭാഗം' എന്നാണ് ഏറ്റവും പ്രബലമായ അർത്ഥം. 'തവ കുക്ഷി' എന്നതിലെ തവ, 'വിശ്വാത്മൻ' എന്ന സംബോധനക്ക് വിഷയമാണ്. വിശ്വാത്മൻ എന്നത്, ഷഷ്ഠീ തല്പുരുഷനിൽ, 'വിശ്വത്തിന്റെ ആത്മാവ്' എന്നെടുക്കാം. കേവല സത്യം ആത്മാവു മാത്രമായതുകൊണ്ട്, മറ്റെല്ലാത്തിനും കാരണം ആത്മാവു തന്നെ. ആ ആത്മാവിൽ നിന്നും ജനിച്ചതു കൊണ്ടാണ് 'വിശ്വാത്മ' ആവുന്നത്. 'വിശ്വം' എന്ന വാക്ക്, 'വിശ്' പ്രവേശിക്കുക എന്ന മൂലത്തിൽ നിന്നുത്ഭവിച്ചതുകൊണ്ട്, സ്വയം സൃഷ്ടിച്ച് അതിലേക്കു തന്നെ പ്രവേശിച്ചവൻ എന്ന് വിശ്വത്തെ മനസ്സിലാക്കാം. കാര്യത്തിൽ കാരണം അന്തർല്ലീനമാണല്ലോ.
ബ്രഹ്മാണ്ഡം അണ്ഡരൂപമത്രെ. അണ്ഡം പ്രഭവ സാമർത്ഥ്യമുള്ളതും എന്നാൽ ഇപ്പോഴും പ്രഭവിക്കാത്തതും, പ്രഭവത്തിലേക്കടുത്തുകൊണ്ടിരിക്കുന്നതുമാണ്. സംഭവിക്കാൻ പോകുന്നതെല്ലാം, എല്ലാ തത്വങ്ങളും, അവിടുത്തെ കുക്ഷിയിൽ നിലകൊള്ളുന്നു. വിരിയുന്നതു വരെ അകത്തെന്താണെന്നറിയാനും വയ്യ. 'യാതൊന്നിൽ നിന്നും ഇതെല്ലാം ഉത്ഭവിച്ചോ അതിനകത്തു തന്നെ, ഇനിയും പ്രഭവിക്കാൻ സാമർത്ഥ്യമുള്ള ബ്രഹ്മാണ്ഡവും, പൂർണ്ണമായും (സമ്യക്) സ്ഥിതി ചെയ്യുന്നു.! അകവും പുറവും ഇല്ലാത്തവനെന്തു തന്നെ വയ്യ? "തദന്തരസ്യ സർവസ്യ. തദു സർവ്വസ്യാസ്യ ബാഹ്യത:" (ഈശ: 1:5)വിശ്വം എന്ന വാക്കിനെ കൂടുതൽ മൂന്നാമത്തെ വരിയിൽ വീണ്ടും വർണ്ണിക്കുന്നുണ്ട്.
ജനിക്കാത്തവൻ (അതുകൊണ്ടു മരണവുമില്ല, നിത്യൻ), അനാദ്യന്തനായി വിശ്വം തന്നെ തന്റെ മൂന്നിലൊന്നിലൊതുക്കിയവൻ, അങ്ങല്ലാതെ മറ്റൊന്നില്ല. പ്രപഞ്ചത്തിലെ ഏതൊരു പദാർത്ഥമെടുത്താലും അത് അങ്ങാണ്. "സർവ്വം ഖല്വിദം ബ്രഹ്മ", "ഈശാവാസ്യമിദം സർവ്വം" തുടങ്ങിയ ഉപനിഷദ് വാക്യങ്ങൾ ഓർക്കുക.
വിശ്വം അവിടുത്തെ മായയാൽ വലിയൊരു കളിതമാശയായി രചിക്കപ്പെട്ടതാണ്. വിശേഷേണ ലസിക്കുന്നതാണ് വിലാസം. ലസം തന്നെ കുട്ടിക്കളി. ഒന്നിനെപ്പറ്റിയും ചിന്തിക്കാതെയുള്ള കളി. എല്ലാം മറന്ന കേളി. അതു തന്നെ സാധാരണയിലധികം വിശേഷമാവുമ്പോൾ 'വിലാസം'. അതു തന്നെ ലീലയാവുമ്പോൾ തികഞ്ഞ കാരണരഹിതമാവും. ഇങ്ങിനെ മായാലീലാവിലാസത്തിൽ സൃഷ്ടിക്കപ്പെട്ട വിശ്വമാകട്ടെ, അവിടുത്തെ ഒരൊറ്റവീക്ഷണം കൊണ്ട് മറയും. ആ വീക്ഷണം വരെയുള്ള വിഷ്ണുമായ മാത്രമാണ് എല്ലാം (എല്ലാം!!)
അഹോ ആദിയും അന്തവുമില്ലാത്തവനേ, മൂന്നു ലോകങ്ങളിലും, അവിടുത്തെ പ്രഭാവം (പ്രകർഷ ഭാവം) അറിയുന്നവർ ആരുമില്ല.
സംഭവിക്കാൻ പോകുന്ന പ്രപഞ്ചം ഉൾക്കൊണ്ട അണ്ഡം അങ്ങയുടെ കുക്ഷിയിൽ സംസ്ഥിതമാണ്. സംഭവിച്ച പ്രപഞ്ചത്തിലെ എല്ലാം, ഓരോ പദാർത്ഥവും അങ്ങയുടെ മൂന്നിലൊന്നിൽ ഉൾക്കൊണ്ട ഒരു ഭാഗമാണ്. അങ്ങയുടെ വീക്ഷണത്തോടെ ഇതെല്ലാം അവസാനിക്കും. അങ്ങിനെ സ്വയം അനാദ്യന്തനായ അങ്ങ്, സൃഷ്ടിസ്ഥിതിസംഹാരകാരനായി രസിക്കുന്നു/ കളിക്കുന്നു.
No comments:
Post a Comment
അഭിപ്രായം