Friday, April 25, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 10

<- മുൻപിലത്തേത്                                        തുടക്കം                     അടുത്തത് ->

"ക്ഷീരാബ്ധൗ സിതസൈകതേ മണിഗൃഹേ ഭോഗീന്ദ്രശയ്യാ തലേ
സ്മേരാസ്യാ രമനൽകിടും മധുരമാം ശൃംഗാരസംഭാവനം
സ് ഫാര പ്രേമമൊടാസ്വദിച്ചു മരുവും ത്വദ്രൂപമെന്നും സ്മരി-
പ്പോരാം ധന്യരെരാജ്യലക്ഷ്മിയനിശം ചെയ്യുന്നു നീരാജനം"

പദാർത്ഥം:
ക്ഷീരാബ്ധൗ = പാൽക്കടലിൽ
സിതസൈകതേ = വെളുത്ത മണൽതിട്ടയിൽ
മണിഗൃഹേ = മണിമണ്ഡപത്തിൽ
ഭോഗീന്ദ്ര = അനന്തൻ
ശയ്യാ = മെത്ത
തെലേ = മുകളിൽ
സ്മേരാസ്യാ = ചിരിക്കുന്ന മുഖത്തോടു കൂടി
രമനൽകിടും = സുഖിപ്പിക്കുന്നവൾ നൽകുന്ന
മധുരമാം = മധുരമുള്ള
ശൃംഗാര = സ്ത്രീപുരുഷ സമ്യോഗ രസം
സംഭാവനം = പൂർണ്ണമായുള്ള്ല ഭാവന
സ് ഫാര = സമൃദ്ധ
പ്രേമ = സ്ത്രീ പുരുഷ ആകർഷണം
ത്വദ്രൂപം = അവിടുത്തെ രൂപം
ധന്യരെ = സദ് ഭാഗ്യസമ്പന്നരെ
രാജ്യലക്ഷ്മി = രാജ്യം നൽകുന്ന ലക്ഷ്മി
അനിശം = രാപകൽ
നീരാജനം = ശുദ്ധിയാക്കൽ

ശ്ലോകാർത്ഥം:
പാൽക്കടലിൽ, വെളുത്ത മണൽത്തിട്ടയിലുള്ള മണിമണ്ഡപത്തിൽ അനന്തനാകുന്ന കിടക്കയിൽ, ചിരിച്ച മുഖത്തോടുകൂടി രമ ഒന്നും ബാക്കിവക്കാതെ കൊടുക്കുന്ന ശൃംഗാരം, സമൃദ്ധമായ പേമത്തോടുകൂടി ആസ്വദിച്ചിരിക്കുന്ന അവിടുത്തെ രൂപം എന്നും സ്മരിക്കുന്നവരെ, രാജ്യലക്ഷ്മി ശുദ്ധിയാക്കുന്നു.

വ്യാഖ്യാ:
പാൽക്കടൽ. പാൽ, ജനിച്ചുവീണ പുതു ജീവന്റെ ആദ്യ ഭോജനം ആണല്ലോ. അതുകൊണ്ട്, ജീവ സൃഷ്ടിക്കുതകുന്ന അമൃതു തന്നെ ക്ഷീരം, പാൽ. ആ പാൽക്കടലിലെ മണൽ തിട്ടിൽ, ദ്വീപിൽ. (പാൽക്കടലായതു കൊണ്ട്, ശാകദ്വീപം!) മണിമണ്ഡപത്തിൽ. ഭോഗീന്ദ്രൻ ഭോഗികളുടെ രാജാവ്. ഭോഗി സർപ്പം. രാജാവ് അനന്തൻ. അനന്തനാകുന്ന കിടക്കയിൽ.

ചിരിക്കുന്ന മുഖത്തോടുകൂടിയ 'രമ'. രമിപ്പിക്കുന്നവൾ രമ. ശൃംഗാരസംഭാവനം ശൃംഗാരം രതിസംബന്ധം. രതിയുടെ ആദ്യവസാനം സംബന്ധിക്കുന്നതത്രേ ശൃംഗാരം. സംഭാവനം മനസ്സ് പൂർണ്ണമായും അർപ്പിക്കുന്ന ഉൾക്കൊള്ളിക്കുന്ന അവസ്ഥ. 'ശൃംഗാര സംഭാവനം' മനസ്സും ശരീരവും പൂർണ്ണമായും രതിയിൽ ഉൾക്കൊള്ളുന്ന അവസ്ഥ. അതു നൽകുന്നവൾ 'രമ'.

'സ് ഫാര' സമൃദ്ധമായി എല്ലാവിധത്തിലും നിറഞ്ഞുകവിയുന്ന വീണ്ടും വീണ്ടും ആവർത്തിക്കുന്ന തുടർച്ചയായി നില നിൽക്കുന്ന. പ്രേമം രതിസംബന്ധമായ പ്രണയം. പ്രണയിനിയോടു തോന്നുന്ന വികാരം. നിറഞ്ഞുകവിയുന്ന പ്രേമത്തോടെ ആസ്വദിച്ചു മരുവുന്ന. ഇവിടെ രതി കൊടുക്കന്നവൾ രമയും ആസ്വദിക്കുന്നവൻ ഹരിയും. ഉപരിസുരതം മുതലായ സ്ത്രീ പ്രാധാന്യ രതിവിശേഷങ്ങൾ വ്യംഗ്യം. മരുവും സ്ഥിതി ചെയ്യും. അങ്ങിനെയുള്ള അവിടുത്തെ രൂപം നിത്യവും സ്മരിക്കുന്ന ധന്യരെ .

ധന്യൻ സുകൃതി, പുണ്യവാൻ, ഭാഗ്യവാൻ. അവരെ. രാജ്യലക്ഷ്മി(ല.സ:689) 'രാജ്യാഭിമാനിനീ ലക്ഷ്മീ തന്ത്രരാജതന്ത്രത്തിലെ ഒരു മന്ത്രം'  (സഹസ്രനാമം ഭാസുരാനന്ദ വ്യാഖ്യാ). രാജ്യത്തിൽ അഭിമാനിക്കുന്ന ലക്ഷ്മി. ഭക്തനു രാജ്യം പ്രദാനം ചെയ്യാൻ സമർത്ഥ. രാജ്യത്തിന്റെ ലക്ഷ്മി. അനിശം നിരന്തരം, ഇടതടവില്ലാതെ, രാപകലില്ലാതെ, നിർത്താതെ. നീരാജനം ദീപം ഉഴിയൽ. വിശേഷാൽ കർപൂരം ഉഴിയൽ. അങ്ങിനെയുള്ള ഭാഗ്യവാനെ, രാജ്യം പ്രദാനം ചെയ്യാൻ സമർത്ഥയായ ലക്ഷ്മി, കർപ്പൂരം ഉഴിയുന്നു

ഹരിയും രമയും ചേർന്നുള്ള രതി ബ്രഹ്മാനന്ദമാണ്. അതിനു ഭോഗീന്ദ്രൻ ഭോഗികളുടെ ആനന്ദത്തിന്റെ രാജാവ് തന്നെ ശയ്യയാവണം. സർപ്പം കാമാവേശത്തിന്റെ പ്രതിനിധിയും കൂടിയാണ്.

"സോമോ വാ ഏതസ്യ രാജ്യമാധത്തെ....തസ്യ ഭാസാ സർവ്വമിദം വിഭാതി" എന്ന, സപര്യയിൽ കർപ്പൂര നീരാഞ്ജനത്തുനുപയോഗിക്കുന്ന ഋക് ആരാരോടു പറയുന്നു എന്ന സന്ദിഗ്ധാവസ്ഥ ഗുരു ഇവിടെ തീർത്തു.  'സോമൻ ഈ രാജ്യം ഇവനു കൊടുക്കുന്നു (അശ്വമേധം തീർത്തവന്) രാജാവായവൻ സോമം കൊണ്ട് യജ്ഞം ചെയ്യുന്നു. ദേവസുക്കൾക്ക്  (അഗ്നി, സോമ, സവിതൃ ബൃഹസ്പതി, ഇന്ദ്ര, മിത്ര, വരുണ, രുദ്ര) ഇവ (എട്ടു ധാന്യപ്പൊടികളാൽ നിർമ്മിക്കപ്പെടുന്ന 'പുരോദസ്') ഹവിസ്സായിത്തീരട്ടെ. ദേവകളുടെ പ്രേരണാശക്തി ഇവനിൽ ഇതു വർഷിക്കുന്നു. ഇവൻ വീണ്ടും രാജ്യത്തിനുവേണ്ടി ഹവിസ്സർപ്പിക്കുന്നു.  സാമ്രാജ്യം ഭോജ്യം സ്വാരാജ്യം വൈരാജ്യം പാരമേഷ്ഠ്യഗ്ം രാജ്യം മഹാരജ്യമാധിപത്യം (ഇവയെല്ലാം ഇവനിൽ പതിക്കട്ടെ)
ആര് തീർച്ചയായും ബ്രഹ്മത്തിന്റെ അമൃത് ചുറ്റുന്ന പുരിയെ അറിയുന്നു, അവന് ബ്രഹ്മം ആയുസ്സും, കീർത്തിയും, പ്രജകളെയും നൽകുന്നു.
അവിടെ സൂര്യൻ പ്രകാശിക്കുന്നില്ല. ചന്ദ്ര താരകങ്ങളും. ഇടിമിന്നലും പ്രകാശിക്കുന്നില്ല പിന്നെ എന്തഗ്നി! ആ പ്രകാശത്തിനെ തന്നെ എല്ലാം അനുഗമിക്കുന്നു. അതിന്റെ പ്രകാശം കൊണ്ടിവയെല്ലാം പ്രകാശിക്കുന്നു.'

ഇത് ദേവത സാധകന് കൊടുക്കേണ്ട അനുഗ്രഹമാണ്. . സാധകൻ ദേവതക്കല്ല. കൊടുക്കുന്നതോ, 'സാമ്രാജ്യം, ഭോജ്യം, പാരമേഷ്ഠ്യഗ്ം രാജ്യം'. ഇവ കൊടുക്കാൻ കഴിവുള്ളത്, 'രാജ്യലക്ഷ്മി'ക്കു തന്നെ. അവൾ അത് കൊടുക്കുന്നതോ 'ധന്യരെ.. നീരാജനം' ചെയ്തുകൊണ്ട്!!.

"സഹസ്രാരാംബുജാരൂഢാ സുധാസാരാഭിവർഷിണീ" എന്ന നാമങ്ങൾകൊണ്ടും സഹസ്രാരം ക്ഷീര സഞ്ചയമാണ്. അവിടെയാണ് ".. വാമേന രക്തോല്പലം ബിഭ്രത്യാ പ്രിയയേതരേണാശ്ലിഷ്ടം പ്രസന്നാനനം... ശിരസ്ഥ ഗുരു" വും സ്ഥിതി ചെയ്യുന്നത്.


No comments:

Post a Comment

അഭിപ്രായം