Tuesday, April 22, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 9

<- മുൻപിലത്തേത്                              തുടക്കം                                    അടുത്തത് ->

"ഹേ രാധേശ ഭവൽ കൃപാവിഷയമായ്തീർന്നോൻ പരം കുൽസിതാ-
കാരൻ വൃദ്ധനനക്ഷരൻ കുവസനൻ നിസ്വാഗ്ര്യനെന്നാകിലും
മാരാർത്ത്യാവസനം കഴിഞ്ഞ ദിവിഷൽപ്പെണ്മൗലിമാരാശുതൻ
ചാരത്തെത്തു മതെത്രതുച്ഛമവനിത്രൈലോക്യവും വശ്യമാം"

പദാർത്ഥം:
ഭവൽ = അവിടുത്തെ
കൃപാ = കാരുണ്യം
വിഷയം = ലക്ഷ്യം
പരം = ഏറ്റവും
കുൽസിതാകാരൻ = ഏറ്റവും അറപ്പുളപ്പാക്കുന്ന ആകാരമുള്ളവൻ
അനക്ഷരൻ = അക്ഷരാഭ്യാസമില്ലാത്തവൻ
കുവസനൻ = മോശമായ വസ്ത്രം ധരിച്ചവൻ
നിസ്വാഗ്ര്യൻ = ദരിദ്രരിൽ അഗ്രഗണ്യൻ
മാരാർത്തി = കാമാവേശം
ആവസനം = നിറഞ്ഞു താമസിക്കുന്ന അവസ്ഥ.
ദിവിഷൽ = ദിവ്യ (സ്വർഗ്ഗീയ)
പെണ്മൗലി = സ്ത്രീവർഗ്ഗത്തിന്റെ ശിരസ്സ് / കിരീടം
ആശു = പെട്ടെന്ന്
ചാരത്ത് = അടുത്ത്
തുച്ഛം = നിസ്സാരം
ത്രൈലോക്യം = ഭൂ, ഭുവ:, സുവർ ലോകങ്ങൾ
വശ്യം = ആജ്ഞക്കധീനം

ശ്ലോകാർത്ഥം:
അല്ലയോ രാധയുടെ ഈശ്വര, അവിടുത്തെ കാരുണ്യം ആരിൽ ചേരുന്നുവോ, അവൻ ഏറ്റവും അറപ്പുളവാക്കുന്ന ആകാരമുള്ളവനായാലും, അങ്ങേയറ്റം വൃദ്ധനായാലും,  അല്പം പോലും അക്ഷരാഭ്യാസം ഇല്ലാത്തവനായാലും, ഏറ്റവും മോശമായ വസ്ത്രങ്ങൾ ധരിച്ചവനായാലും, ദരിദ്രരിൽ ഏറ്റവും ദരിദ്രനായാലും, കാമാവേശം നിറയുന്ന അവസ്ഥയിലെത്തിയ സ്വർഗ്ഗീയ സുന്ദരിമാരുടെ കൂട്ടത്തിന് കിരീടമായവർ പോലും, പെട്ടെന്ന്, അവന്റെ അടുത്തെത്തും. അതെത്രയോ നിസ്സാരം ഭൂലോകം, ഭുവർലോകം, സ്വർലോകം അതിലെല്ലാം അടങ്ങിയ സകലതും അവന്റെ ആജ്ഞാനുവർത്തികളാവും.

വ്യാഖ്യാ:
അല്ലയോ രാധാകാന്ത, രാധയുടെ ഈശ്വര, രാധയുടെ അധികാരി. ആ വിളി നോക്കൂ. പ്രധാനകളായി സത്യഭാമയും രുഗ്മിണിയും ഉള്ള കൃഷ്ണനേ, അവരുടെ ഭർത്താവ് എന്ന നിലക്ക് വിളിച്ചില്ലെങ്കിലും വേണ്ട, കൃഷ്ണാ... എന്നെങ്കിലും വിളിക്കാമായിരുന്നില്ലേ! എന്തിനു രഹസ്യ (പരസ്യ?) കാമുകിയുടെ ഈശനായി വിളിച്ചു. കവികൾക്ക് വൃത്തനിബദ്ധതയിൽ ഉറച്ചാലും, വേണ്ട വാക്കുകളേ നാവിൽ വരൂ. തുടർന്നു പറയാൻ പോകുന്ന കാര്യങ്ങൾക്ക് 'രാധാകൃഷ്ണബന്ധം' തന്നെ വേണം!

അവിടുത്തെ കൃപാവിഷയമാവുക. വിഷയിക്ക് പ്രവർത്തിക്കാനുള്ള മണ്ഡലമാണ് വിഷയം. ചിത്രം വിഷയാമാണെങ്കിൽ ചിത്രകാരൻ വിഷയി. ചിത്രകാരന്റെ ശ്രദ്ധ മുഴുവൻ ചിത്രത്തിലാണ്. സംഗീതം വിഷയമാണെങ്കിൽ ഗായകൻ വിഷയി. ഗായകന്റെ ശ്രദ്ധ മുഴുവൻ ഗീതത്തിലാണ്. 'അവൻ' വിഷയമാവുകയും 'ഭവൽ കൃപ' വിഷയിയാവുകയും ചെയ്യുന്നു. 'ഭവൽ കൃപയുടെ' ശ്രദ്ധ മുഴുവൻ 'അവനിൽ' ആണ്. അതാണ് 'ഭവൽ കൃപാവിഷയ'മാവുന്ന അവസ്ഥ. അങ്ങിനെയുള്ളവൻ ആരായലെന്ത്!

'..അനെന്നാകിലും' എന്നതിലെ 'അൻ' അവൻ ആണ്. ആരോ ഒരുവൻ. എങ്ങിനെയുള്ളവനാണവൻ? അവനുള്ള വിശേഷണങ്ങളാണിനി പറയുന്നത്. എന്നാൽ, 
'പരം' ഏറ്റവും, എന്ന വിശേഷണം ഇവിടെ തുടർന്ന് വരുന്ന മറ്റു വിശേഷണങ്ങൾക്കെല്ലാം വിശേഷണമാണ്. 'വിശേഷേണ വിശേഷണം/ വിശേഷണവിശേഷണം' ഇനി പറയുന്ന വിശേഷണങ്ങളെല്ലാം അതിന്റെ പരമകാഷ്ഠയിലുള്ള അവസ്ഥയിലാണെന്നാണിവിടെ ഈ 'പരം' കൊണ്ട് ഗുരു ദ്യോതിപ്പിക്കുന്നത്.

എങ്ങിനെയെല്ലാമുള്ളവൻ? 
കുൽസിതാകാരൻ. "നികൃഷ്ട പ്രതികൃഷ്ടാ അർവ്വാ രേഫ: യാപ്യ: അവമ: അധമ: കുപൂയ: കുൽസിത: അവദ്യ: ഖേട: ഗർഹ്യ: അണക:" (അമരം 3:54) എല്ലാം അധമാതിനികൃഷ്ടാവസ്ഥയെ വിശേഷിപ്പിക്കുന്നു. ആകാരം രൂപം. ഒറ്റ നോക്കു കണ്ടാൽ ഝടിതി മുഖം തിരിക്കുന്നത്ര നികൃഷ്ടമായ രൂപം. എങ്ങിനെയുള്ള കുൽസിതത്വം? 'പരം കുൽസിത' അങ്ങേയറ്റം കുൽസിതൻ.

വൃദ്ധൻ. വാർദ്ധക്യം വ്യക്തം, പല്ലുകൊഴിഞ്ഞ്, തൊലി ചുളിഞ്ഞ്, കാഴ്ചയും കേൾവിയും കുറഞ്ഞ്, നടക്കാൻ വടിയുടെ സഹായം വേണ്ടുന്നവൻ. എങ്ങിനെയുള്ള വൃദ്ധൻ? 'പരം വൃദ്ധ:' അങ്ങേയറ്റം വൃദ്ധൻ.

അനക്ഷരൻ അക്ഷരാഭ്യാസമില്ലാത്തവൻ. വിദ്യയുടെ ആദ്യ പടിയാണ് അക്ഷരം. പിന്നെ വാക്. പിന്നെ വാക്യം, പിന്നെ ശാസ്ത്രാദി. ഇതിൽ അടിസ്ഥാനമായ അക്ഷരം പോലും അഭ്യസിക്കാത്തവൻ, അറിയാത്തവൻ. എങ്ങിനെയുള്ള അനക്ഷരൻ? 'പരം അനക്ഷരൻ' അങ്ങേയറ്റം അനക്ഷരൻ. യാതൊന്നും അറിയാത്തവൻ.

കുവസനൻ വൃത്തികെട്ട വസ്ത്രം ധരിച്ചവൻ. നാറ്റമുള്ള, കീറിയ, നാണം മറക്കാനുതകാത്ത, അറപ്പുളവാക്കുന്ന വസ്ത്രം. എങ്ങിനെയുള്ള കുവസനൻ? 'പരം കുവസന:' അങ്ങേയറ്റം വൃത്തികെട്ട വസ്ത്രം ധരിച്ചവൻ..

നിസ്വാഗ്ര്യൻ. നിസ്വൻ ദരിദ്രൻ. ദരിദ്രരിൽ അഗ്രൻ ഏറ്റവും ദരിദ്രൻ. എങ്ങിനെയുള്ള ദരിദ്രൻ? 'പരം നിസ്വാഗ്ര്യൻ' അങ്ങേയറ്റം ദരിദ്രരെക്കാളും ദരിദ്രൻ.

ഇങ്ങിനെയെല്ലാമാണെങ്കിലും അവന്റെ സമീപത്തെത്തും! ആര്?

'മൗലിമാർ', കിരീടങ്ങൾ. തലകൾ. കിരീടം തലയെ വിശേഷാൽ അലങ്കരിക്കുന്നതാണ്. തലയോ, ശരീരത്തിലെ ഏറ്റവും പ്രധാനാവയവം. അവിടെയാണ് ഹക്ഷാത്മകമായ ആജ്ഞാചക്രവും, ദ്വാദശാരവും, സഹസ്രാരവും, ബ്രഹ്മരന്ധ്രവും എല്ലാം എല്ലാം. എന്തിന്റെ കിരീടം അല്ലെങ്കിൽ ആരുടെ ശിരസ്സ്? 'പെണ്മൗലിമാർ'. സ്ത്രീകളുടെ ശിരസ്സ്. ശരീരത്തിൽ ഏറ്റവും പ്രധാനമായ, ഏറ്റവും നിർണ്ണായകമായ തല പോലെ, സ്ത്രീവർഗ്ഗത്തിൽ തന്നെ ഏറ്റവും പ്രധാനികൾ, ഏറ്റവും നിർണ്ണായകരായ സ്ത്രീകൾ. സ്ത്രീവർഗ്ഗത്തിനു തന്നെ കിരീടമായിരിക്കുന്ന സ്ത്രീകൾ. സൗന്ദര്യം, ലാസ്യം, മൃദുലത, കടക്കണ്ണേറ്, മൃഗരാജകടി, ഗജരാജവിരാജിത മന്ദഗതി, സ്തനഭാരദളന്മദ്ധ്യ, സൗഭാഗ്യമാർദ്ദവോരുദ്വയ, മരാളി, മന്ദഗമന, മുതലായ അനേകം സ്ത്രീസഹജ സൗന്ദര്യഗുണനിറകാരണങ്ങൾ സമ്മേളിച്ചവർ.

എങ്ങിനെയുള്ള പെണ്മൗലിമാർ? ഭൂമിയിലെയോ? 'ദിവിഷൽ' സ്വർല്ലോക 'പെണ്മൗലിമാർ'!! എന്താണവരുടെ അവസ്ഥ? കാമാസക്തി, രതിയോടുള്ള ആർത്തി, ആകെനിറഞ്ഞു നിൽകുന്ന അവസ്ഥ 'കഴിഞ്ഞവർ'. ഇവിടെ കഴിഞ്ഞവർ എന്ന വാക്കിന്, ബാലാവസ്ഥ കടന്ന് തരുണീ അവസ്ഥ എത്തിക്കഴിഞ്ഞവർ എന്നാണ് ഗുരു ഉദ്ദേശിച്ചിരിക്കുന്നത്.

ഇത്രയും വിരൂപനും, വൃത്തികെട്ടവനും, ദരിദ്രനും, വിഡ്ഡിയുമായവൻ, അവിടുത്തെ കരുണക്ക് വിഷയമായാൽ മാരാർത്തി വന്നു കഴിഞ്ഞ സ്വർഗ്ഗീയ സുന്ദരിമാർക്കുകിരീടമായവർ ഇടിമിന്നലിന്റെ വേഗത്തിൽ അവന്റെ അടുത്തു വന്നു ചേരും!!!

ഏകദേശം അത്രയൊക്കെ ആദി ശങ്കരനും സൗന്ദര്യലഹരിയിൽ പറഞ്ഞുവച്ചിട്ടുണ്ട്. ".. വിഗളിതദുകൂലാ യുവതയ:" എന്നവസാനിക്കുന്ന ശ്ലോകം നോക്കുക. പക്ഷേ ശങ്കരൻ ഇത്ര കൊട്ടി ഘോഷിച്ച വിഷയം ഗുരുനാഥന് "അതെത്ര തുച്ഛം"! കാരണം "അവനിത്രൈലോക്യവും വശ്യമാം"! ത്രൈലോക്യത്തിൽ മൂന്നുലോകവും അതിലധിവസിക്കുന്ന സകലചരാചരങ്ങളും ഒതുങ്ങി. പിന്നെന്തീ തുച്ഛമായ 'ദിവിഷൽപ്പെണ്മൗലി'!

No comments:

Post a Comment

അഭിപ്രായം