<-മുൻപിലത്തേത് തുടക്കം അടുത്തത്->
"പോരത്യന്തകഠോരമായ്പുരഹരൻ ചെയ്തൂ പുരാ ഭീകരാ-
കാരൻ മൃത്യുവൊടാശ്രിതൻ മുനിസുതൻ തൻപ്രാണ രക്ഷാർഥമായ്
ഓരാതേ തവ നാമമൊന്നൊരു ഖലൻ ചൊല്ലീടവേ ഭീതനായ്
ദൂരാലോടിയൊളിച്ചിതന്തകനഹോ ത്വല്പ്രാഭവം നിസ്തുലം.
പദാർത്ഥം:
പോര് = യുദ്ധം
അത്യന്ത = അവസാനം വരെ
കഠോരമായ് = ശക്തമായ
പുരഹരൻ = ശിവൻ
ചെയ്തൂ പുരാ = പണ്ട് ചെയ്തു.
ഭീകരാകാരൻ = ഭയം ജനിപ്പിക്കുന്ന രൂപമുള്ള
മ്രുത്യുവൊട് = മരണത്തോട്
ആശ്രിതൻ = ആശ്രയിക്കുന്നവൻ
മുനിസുതൻ = മാർക്കണ്ഡേയൻ
തൻ പ്രാണരക്ഷാർത്ഥമായ് = അവന്റെ പ്രാണൻ രക്ഷിക്കാനായി
ഓരാതേ = ആലോചിക്കാതെ
തവ നാമം = അങ്ങയുടെ പേര്
അന്നൊരുഖലൻ = അന്ന് ഒരു ദുഷ്ടൻ
ചൊല്ലീടവേ = ഉച്ചരിക്കുമ്പോൾ
ഭീതനായ് = പേടിച്ച്
ദൂരാലോടിയൊളിച്ചിത് = വളരെ അകലേക്ക് ഓടിയൊളിച്ചു
അന്തകൻ = കാലൻ
അഹോ = അത്യാശ്ചര്യം
ത്വദ്പ്രാഭവം നിസ്തുലം = അവിടുത്തെ പ്രഭാവത്തിനു താരതമ്യമില്ല തന്നെ.
ശ്ലോകാർത്ഥം:
പണ്ട്, തന്റെ ആശ്രിതനും, മുനിയുടെ മകനുമായവനെ രക്ഷിക്കുവാൻ വേണ്ടി, പുരഹരനായ ശിവൻ കണ്ടാൽത്തന്നെ ഭയം ജനിപ്പിക്കുന്ന രൂപമുള്ള മ്രുത്യുവിനോട് അതികശക്തമായ യുദ്ധം ചെയ്തു. ആലോചിക്കാതെ അവിടുത്തെ പേര് അന്നൊരു ദുഷ്ടൻ പേടിച്ച് ചൊല്ലിയപ്പോൾ, കാലൻ ദൂരെ ഓടിയൊളിച്ചു. അത്ഭുതം, അവിടുത്തെ പ്രഭാവത്തിനു താരതമ്യമില്ലതന്നെ.
വ്യാഖ്യാ:
മുനിതനയനായ മാർക്കണ്ഡേയനെ മരണത്തിൽ നിന്നും രക്ഷിച്ചകഥയാണ് ആദ്യത്തെ ശ്ലോകാർത്ഥത്തിൽ വിവരിക്കുന്നത്. ശിവഭജനനിരതനായി ദിനരാത്രങ്ങൾ നയിച്ച മാർക്കണ്ഡേയനെ, ആയുസ്സെത്തിയപ്പോൾ പോത്തിൻപുറത്തു വന്ന് കയറിട്ട് പിടികൂടാൻ ശ്രമിച്ചു കാലൻ. തന്റെ ഭക്തനെ രക്ഷിക്കാൻ വേണ്ടി, ശിവൻ പ്രത്യക്ഷപ്പെട്ട്, കാലനെ, മൂന്നാം തൃക്കണ്ണുകൊണ്ടുള്ള ഒരൊറ്റ നോട്ടത്തിൽ ചാമ്പലാക്കി. വളരെ വർഷങ്ങളോളം തുടർന്ന് യുദ്ധം ചെയ്യുന്നതിനെക്കാൾ കഠോരമാണ്, കണ്ണടച്ചുതുറക്കുന്നതിനുമുമ്പുള്ള നാശം. ഇന്നത്തെ, അണുബോംബു പോലെ. അതുകൊണ്ട് തന്നെയാണ് ഗുരു കഠോരം എന്ന വാക്ക് ഉപയോഗിച്ചത്. കഠോരം എന്നതിന് കൂർത്ത മുനയുള്ള, തുളച്ചുകയറുന്ന. ഭീകരമായ എന്നൊക്കെ അർത്ഥം. ഇവിടെ ശിവനെ പ്രകീർത്തിക്കുകയാണെങ്കിലും, കഠോരമാണെങ്കിലും, യുദ്ധം ചെയ്യേണ്ടിവന്നു എന്നതാണ് അടുത്ത ശ്ലോകാർദ്ധം വായിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടത്.
ഭീകരാകാരൻ മ്രുത്യുവൊട്. ഭയം ജനിപ്പിക്കുന്ന രൂപമുള്ള മരണത്തോട്. മരണം ഭയം ജനിപ്പിക്കുന്നതാണ്. മരണഭയത്തിൽനിന്നാണ് എല്ലാ സദസത് ചിന്തകളും ഉദ്ഭവിക്കുന്നത്.
ആശ്രിതൻ എന്ന വാക്കുകൊണ്ട്, സ്വമനസ്സാലെ ചെന്നു ചേരുന്നത് സൂചിപ്പിക്കുന്നു. ഇത്തിൾക്കണ്ണി മരത്തിനെ ആശ്രയിക്കുന്നു. താമര ജലത്തെ ആശ്രയിക്കുന്നു. മേഘങ്ങൾ ആകാശത്തെ ആശ്രയിക്കുന്നു. സേവകൻ യജമാനനെ ആശ്രയിക്കുന്നു. ഒന്നില്ലാതെ മറ്റേതിന് നിലല്പില്ലാത്ത അവസ്ഥ. ശിവനെ ആശ്രയിച്ചെങ്കിലേ തനിക്ക് നില നില്പുള്ളൂ എന്ന് മാർക്കണ്ഡേയൻ തിരിച്ചറിഞ്ഞു.
അങ്ങിനെ മാർക്കണ്ഡേയനെപ്പോലെ ശുദ്ധമനസ്കനായ ഒരുവൻ, അത്യധികം ശ്രദ്ധയോടും ഭക്തിയോടും ആലോചിച്ച്, മരണഭയത്തോടുകൂടി, തന്റെ നിലനിൽപ്പിന് ശിവൻ വേണം എന്ന ആഗ്രഹത്തോടെ ആശ്രയിച്ചപ്പോൾ, അതികഠോരമായൊരു യുദ്ധം ചെയ്ത് ശിവൻ ഭക്തനെ മരണത്തിൽ നിന്നു രക്ഷിച്ചു.
എന്നാൽ വിഷ്ണുവോ..
അജാമിളനെപ്പോലൊരു ദുഷ്ടൻ, ഭക്തിയോ ശ്രദ്ധയോ ഇല്ലാതെ അല്പം പോലും ആലോചിക്കാതെ, മരണഭയത്തോടുകൂടി, അടുത്തുള്ള മകനെ വിളിക്കാൻ വേണ്ടി 'നാരായണാ' എന്നു വിളിച്ചപ്പോൾ, ആ വിളി കേട്ട് ഭയന്ന് മ്രുത്യു ഓടിയൊളിച്ചു. വിഷ്ണുവിന് കഠോരമെന്നല്ല, യുദ്ധമെന്നാല്ല, അവന്റെ അടുത്ത് വരിക പോലും ചെയ്യേണ്ടി വന്നില്ല. അങ്ങിനെയുള്ള അവിടുത്തെ പ്രഭാവം താരതമ്യം ചെയ്യാൻ മറ്റൊന്നില്ലതന്നെ.
No comments:
Post a Comment
അഭിപ്രായം