Thursday, September 11, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 40

<-മുൻപിലത്തേത്                           തുടക്കം                അടുത്തത്->
"പത്മം കൈത്തളിരിങ്കലൊന്നുരസിപത്മാദേവിയും നാഭിയിൽ
പ്പത്മം പത്മജസത്മവും നിരുപമം തൃപ്പാദപത്മങ്ങളും
പത്മാസ്യം തവനേത്ര പത്മവുമഹം കൈവിട്ടുഭാവിപ്പവൻ
പത്മം കച്ഛപ ശംഖമാദിനിധിവർഗ്ഗത്താൽ പരം സേവ്യനാം"

പദാർത്ഥം:
പത്മം കൈത്തളിരിങ്കലൊന്ന് = കയ്യാകുന്ന പുതുനാമ്പിൽ ഒരു താമരപ്പൂവ്
ഉരസി പത്മാ ദേവിയും = മാറിൽ  മഹാലക്ഷ്മിയും
നാഭിയിൽ പത്മം = പൊക്കിളിൽ താമർപ്പൂവ്
പത്മജസത്മവും = ബ്രഹ്മാവിന്റെ ആശ്രയവും
നിരുപമം = ഒപ്പം മറ്റൊന്നില്ലാത്തത്
തൃപ്പാദപത്മങ്ങളും = തിരു കാൽ താമരകളും
പത്മാസ്യം = താമരപ്പൂവാകുന്ന മുഖവും
തവ നേത്രപത്മവും = അവിടുത്തെ കണ്ണാകുന്ന താമരയും
അഹം കൈവിട്ട് = ഞാനെന്ന ഭാവം കളഞ്ഞ്
ഭാവിപ്പവൻ= ധ്യാനിക്കുന്നവൻ
പത്മം കച്ഛപ ശംഖമാദി നിധിവർഗ്ഗത്താൽ = ഒൻപത് നിധികളാൽ
പരം സേവ്യനാം = ഏറ്റവും നന്നായി സേവിക്കപ്പെടുന്നവനാകും

ശ്ലോകാർത്ഥം:
"പത്മം കൈത്തളിരിങ്കലൊന്നുരസിപത്മാദേവിയും നാഭിയിൽ
പ്പത്മം പത്മജസത്മവും നിരുപമം തൃപ്പാദപത്മങ്ങളും
പത്മാസ്യം തവനേത്ര പത്മവുമഹം കൈവിട്ടുഭാവിപ്പവൻ
പത്മം കച്ഛപ ശംഖമാദിനിധിവർഗ്ഗത്താൽ പരം സേവ്യനാം"

കയ്യാകുന്ന പുതുനാമ്പിൽ ഒരു താമരപ്പൂവും, നെഞ്ചിൽ മഹാലക്ഷ്മിയും, പൊക്കിളിൽ ബ്രഹ്മാവിന്റെ ആധാരസ്ഥാനമായ താമർപ്പൂവും, താരതമ്യമില്ലാത്ത തിരു കാൽ താമരകളും, താമരപ്പൂവുലത്തെ മുഖവും, അവിടുത്തെ താമരക്കണ്ണുകളും, ഞാനെന്ന ഭാവം വെടിഞ്ഞ്, ധ്യാനിക്കുന്നവൻ, താമര, കച്ഛപം, ശംഖ് മുതലായ നിധികളുടെ കൂട്ടത്താൽ ഏറ്റവും പരിചരിക്കപ്പെടുന്നവനാകും.

വ്യാഖ്യാ:
ഭോഗസിദ്ധിക്കുതകുന്ന ഒരു വിഷ്ണുധ്യാനം വിവരിക്കുന്നു. 
കയ്യിലും നാഭിയിലും പത്മം. പത്മജസത്മം. സത്മം എന്നതിന് ആശ്രയം, ആധാരം എന്നെല്ലാം പറയാം. പത്മജൻ ബ്രഹ്മാവും. ബ്രഹ്മാവാകുന്ന പ്രപഞ്ചാധാരം, എന്നോ, ബ്രഹ്മാവിനുപോലും ആധാരമാകുന്ന താമര എന്നോ എടുക്കാം.
പാദപത്മങ്ങളും, വിടർന്ന താമരപോലെയുള്ള മുഖവും, കണ്ണുകളാകുന്ന താമരയും, അങ്ങ്ഹിനെ എല്ലാം എല്ലാം താമരമയമായി ധ്യാനിക്കുന്നവനെ കുബേരന്റെ ഒൻപതുനിധികളും ("മഹാപത്മശ്ച പത്മശ്ച ശംഖോ മകര കച്ഛപൗ, മുകുന്ദകുന്ദനീലാശ്ച ഖർവ്വശ്ച നിധയോ നവ") വന്നു പരിചരിക്കും.

No comments:

Post a Comment

അഭിപ്രായം