Friday, September 5, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 37

<-മുൻപിലത്തേത്                              തുടക്കം                         അടുത്തത്->
"കോപത്താലജമസ്തകത്തെ നഖരാഗ്രം കൊണ്ടു ഖണ്ഡിച്ചതിൻ
പാപം ഭീകരരൂപമാർന്നു ഗിരിശഗ്രാസത്തിനെത്തീടവേ
താപാർത്തൻ ശിവനാദികേശവ ഭവൽപ്പാദാംബുജം സേവ ചെയ്-
താപന്മുക്തിയുമാത്മശുദ്ധിയുമഹോ സാധിച്ചു ലക്ഷ്മീപതേ"

പദാർത്ഥം:
കോപത്താൽ = ദേഷ്യം കൊണ്ട്
അജമസ്തകത്തെ = ജനിക്കാത്തവന്റെ തലയെ
നഖരാഗ്രംകൊണ്ട് = നഖത്തിന്റെ മുനകൊണ്ട്
ഖണ്ഡിച്ചതിൻ = മുറിച്ചതിന്റെ
പാപം = പാപം
ഭീകരരൂപമാർന്ന് = ഭയം ജനിപ്പിക്കുന്ന രൂപം ധരിച്ച്
ഗിരിശഗ്രാസത്തിന് = രുദ്രനെ പിടിക്കാൻ
എത്തീടവേ = എത്തുമ്പോൾ
താപാർത്തൻ = പശ്ചാത്താപം കൊണ്ട് ദു:ഖിച്ചവൻ
ശിവൻ = ശിവൻ
ആദികേശവ = ആദ്യമായുണ്ടായ വിഷ്ണു
ഭവൽ = അവിടുത്തെ
പാദാംബുജം = കാലുകളാകുന്ന താമരകൾ
സേവ ചെയ്ത് = പരിചരിച്ച്
ആപന്മുക്തി = ആപത്തിൽ നിന്ന് രക്ഷ
ആത്മശുദ്ധി = ആത്മാവിന്റെ ശുദ്ധി
അഹോ = അത്ഭുതദ്യോതകം
സാധിച്ചു = നേടി
ലക്ഷ്മീപതേ = ലക്ഷ്മിയുടെ ഭർത്താവേ.

ശ്ലോകാർത്ഥം.
ആശ്ചര്യം! കോപം കൊണ്ട് ജനിക്കാത്തവന്റെ തലയെ നഖമുനകൊണ്ട് മുറിച്ചതിന്റെ പാപം ഭയം ജനിപ്പിക്കുന്ന രൂപം പൂണ്ട് രുദ്രനെ പിടിക്കാൻ എത്തുമ്പോൾ, അല്ലയോ ആദികേശവ, ലക്ഷ്മിയുടെ ഭർത്താവേ, പശ്ചാത്താപദു:ഖിതനായ ശിവൻ അവിടുത്തെ കാലാകുന്ന താമരയെ പരിപരിച്ച് ദു:ഖത്തിൽ നിന്ന് മോചനവും, ആത്മശുദ്ധിയും സാധിച്ചു.

വ്യാഖ്യാ:
കോപത്താലജമസ്തകത്തെ നഖരാഗ്രം കൊണ്ടു ഖണ്ഡിച്ചതിൻ. ബ്രഹ്മാവിന്റെ തലയിൽ ഒരെണ്ണം ശിവൻ നുള്ളിയെടുത്തതിനെ പറ്റി പരാമർശം. കോപത്താൽ. സ്വന്തം മഹിമയെപറ്റി ബ്രഹ്മാവും വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിൽ മാദ്ധ്യസ്ഥനായി വന്നത് ശിവലിംഗം. ഈ ലിംഗത്തിന്റെ ഓരോ അറ്റവും കണ്ടുപിടിക്കാൻ വിഷ്ണു താഴേക്കും, ബ്രഹ്മാവ് മുകളിലേക്കും യാത്ര തിരിച്ചു. അറ്റം കാണാതെ വിഷ്ണു തിരിച്ചു വന്നു. പകുതിവഴി പോയി മുകളിലേക്കുപോയ ബ്രഹ്മാവ്, താഴേക്കുവന്ന കൈതപ്പൂവും കൊണ്ട് തിരിച്ചെത്തി, അന്ത്യം കണ്ടു എന്ന് പറഞ്ഞു. വിശ്വാസം വരാതെ, വിഷ്ണു കൈതപ്പൂവിനോടു ചോദിച്ചു. കൈതപ്പൂവും നുണപറഞ്ഞു. അതും വിശ്വാസമാവാതെ ശിവനോടു തന്നെ ചോദിച്ചു. ശിവൻ സത്യമറിഞ്ഞ് അതി കോപിഷ്ഠനായി. കൈതപ്പൂവിനെ സ്വപൂജക്ക് നിഷിദ്ധമാക്കി ശപിച്ചതോടൊപ്പം, ബ്രഹ്മാവിന്റെ ഒരു തല നുള്ളിയെടുക്കുകയും അതിലെ തലയോട്ടി പിൽക്കാലത്ത് ഭിക്ഷാടനത്തിനുപയോഗിക്കുകയും ചെയ്തു. ഇതാണിവിടെ പറയപ്പെട്ട 'കോപം'. 
അജമസ്തകം. അജൻ, ജനിക്കാത്തവൻ. സൃഷ്ടികർത്താവായ ബ്രഹ്മാവ് സൃഷ്ടിക്കപ്പെട്ടവനാക വയ്യല്ലോ. സൃഷ്ടികൾക്ക് സ്രഷ്ടാവ് ബ്രഹ്മാവാണെങ്കിൽ, ബ്രഹ്മാവിന് സ്രഷ്ടാവാരെന്ന ചോദ്യം വരും. അതുകൊണ്ട്, ബ്രഹ്മാവ് അജൻ, ജനിക്കാത്തവൻ. 
മസ്തകം. തല. ഏറ്റവും ഉയർന്നത് എന്നുമാം. അജമസ്തകം എന്നു പറഞ്ഞു വച്ചപ്പോൾ, അജന് മസ്തകമല്ലാതെ മറ്റും ചിലതുണ്ടായിരുന്നു എന്നു വരും. മസ്തകം ഏറ്റവും ഉയർന്നത്, ഏറ്റവും പ്രധാനപ്പെട്ടത് എന്നെല്ലാം അർത്ഥം വരുന്നതുകൊണ്ട്, ഖണ്ഡിക്കപ്പെട്ട വസ്തുവിന്റെ മാഹാത്മ്യം ഒന്നുകൂടി വ്യക്തമാക്കുന്നു.
നഖരാഗ്രംകൊണ്ട്. നഖത്തിന്റെ അറ്റം കൊണ്ട്. ഖണ്ഡിച്ചതിൻ. മുറിച്ചതിന്റെ.

പാപം ഭീകരരൂപമാർന്നു ഗിരിശഗ്രാസത്തിനെത്തീടവേ. പാപം. യാതൊന്നിൽ നിന്ന് ആത്മാവിനെ രക്ഷിക്കണമോ അത്. (അമരം. പാരമേശ്വരീ വ്യാഖ്യാ). ഭീകരരൂപമാണ്ട്. രൂപം, കാഴ്ചക്ക് വിധേയം. കണ്ടാൽത്തന്നെ ഭയം ജനിപ്പിക്കുന്നത്, ഭീകരരൂപം. പൂണ്ട്. സ്വീകരിച്ച്. ആത്മാവിനെ യാതൊന്നിൽ നിന്നാണോ രക്ഷിക്കേണ്ടത് അത് കണ്ടാൽത്തന്നെ ഭയം ജനിപ്പിക്കുന്ന വിധത്തിൽ. "അസൂര്യാ നാമ തേ ലോകാ: അന്ധേന തമസാവൃതാ: താംസ്തേ പ്രത്യാഭിഗച്ഛന്തി, യേ കേ ചാത്മഹനോ ജനാ:" എന്ന ഉപനിഷദ് വാക്യം ശ്രദ്ധിക്കുക.
ഗിരിശഗ്രാസത്തിനെത്തീടവേ. ഗിരിശ: കൈലാസത്തിൽ ശയിക്കുന്നവൻ, ശിവൻ. ഗ്രാസത്തിന്. തിന്നാൻ. ശിവനായാൽ പോലും, വന്ന കോപത്തിനും, അതുകൊണ്ടെടുത്തനടപടിക്കും ന്യായീകരണങ്ങളുണ്ടാകാമെങ്കിലും മറ്റൊരുവന്റെ ശിരച്ഛേദനം ചെയ്ത പാപം അനുഭവിച്ചുതന്നെ തീരണം എന്ന കർമ്മ-പാപ സംബന്ധം വ്യക്തമാക്കുന്നു. അങ്ങിനെ വരുന്ന സമയത്ത്.

താപാർത്തൻ ശിവൻ. താപം. ചൂട്, വേദന. ആർത്തൻ. ദു:ഖിതൻ. ശിവൻ. സാക്ഷാൽ ശിവൻ, ആരുടെ രണ്ടറ്റംകണ്ടുപിടിക്കാൻ പോയിട്ടു പോലും ബ്രഹ്മാവിനും വിഷ്ണുവിനും സാധിച്ചില്ലയോ ആ ശിവൻ പോലും പാപാക്രാന്ത തപ്തനായി.
ആദികേശവ. ആദ്യനായ കേശവ. ഭവല്പാദാംബുജം. അവിടുത്തെ പാദമാകുന്ന താമര. സേവചെയ്ത്. പരിചരിച്ച്. ആദികേശവൻ തിരുവട്ടാറ്റെ ദേവതാ സങ്കല്പത്തിൽ, കേശിയേയും കേശനേയും പരാജയപ്പെടുത്തിയ കേശവനെ ശിവൻ പാദസേവചെയ്യുന്നതായി സങ്കല്പം.

ആപന്മുക്തിയുമാത്മശുദ്ധിയും. ആപത്തിൽനിന്നുള്ള രക്ഷയും ആത്മാവിന്റെ ശുദ്ധിയും. പാപം ആത്മാവിനെ ദുഷിക്കുന്നതാണല്ലോ. അതിൽ നിന്നുള്ള രക്ഷ. സാധിച്ചു ലക്ഷ്മീപതേ. ലക്ഷ്മി. ധനം സമ്പത്ത്. പുരുഷാർത്ഥങ്ങളിൽ അർത്ഥത്തിന്റെ മാഹാത്മ്യം വിവരിക്കുന്നു. "യസ്യാസ്തി വിത്തം" എന്ന ഭർതൃഹരീ വാക്യം സ്മർത്തവ്യം. അങ്ങിയുള്ള സമ്പന്നനു മാത്രമേ മറ്റൊരുവന്റെ ആർത്തിതീർക്കാനാവു. എന്നതുകൊണ്ടു തന്നെ ലക്ഷീപതേ എന്ന സംബോധന ഉചിതം.

No comments:

Post a Comment

അഭിപ്രായം