Tuesday, September 2, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 35

<-മുൻപിലത്തേത്                        തുടക്കം                          അടുത്തത്->
"നാദബ്രഹ്മമയം സുരാരിഹൃദയോൽക്കമ്പപ്രദം മേദുരാം-
ഭോദധ്വാനസമം, സമാധിനിരതശ്രോത്രാമൃത സ്യന്ദകം
ശ്രീദ ശ്രീധര പാഞ്ചജന്യ ജനിതം മന്ത്രാരവം താവകം
ഖേദം സർവ്വമകറ്റി മംഗലമെനിക്കേകട്ടെ  സർവ്വ്വോത്തമം"


പദാർത്ഥം:
നാദബ്രഹ്മമയം = ബ്രഹ്മത്തിന്റെ നാദാവസ്ഥയായ
സുരാരിഹൃദയ = അസുരന്മാരുടെ മനസ്സിൽ
ഉൽക്കമ്പപ്രദം = ഭയങ്കര വിറയൽ ഉണ്ടാക്കുന്ന
മേദുര = വലിയ
അംഭോദ = മേഘത്തിന്റെ
ധ്വാനസമം = ഇടിവെട്ടിന്റെ ശബ്ദത്തിനുസമമായ
സമാധിനിരത = സമാധിയിൽ ലയിച്ചവരുടെ
ശ്രോത്രാമ്രുതസ്യന്ദകം = ചെവികളിൽ അമ്രുത് ഒഴിക്കുന്ന
ശ്രീദ ശ്രീധര = ധനം തരുന്ന മഹാവിഷ്ണുവിന്റെ
പാഞ്ചജന്യ ജനിതം = പാഞ്ചജന്യശംഖിൽ ജനിച്ച
മന്ത്രം താവകം = അവിടുത്തെ മന്ത്രം
ഖേദം = വിഷമം
സർവമകറ്റി = എല്ലാം മാറ്റി
മംഗലം = നന്മ
എനിക്കേകട്ടെ = എനിക്കു തരട്ടേ
സർവ്വോത്തമം = എല്ലാത്തിലും ഉത്തമമായ

ശ്ലോകാർത്ഥം:
സമ്പത്ത് കൊടുക്കുന്ന ശ്രീധര, പാഞ്ചജന്യത്തിൽ ജനിച്ച, അസുരന്മാരുടെ മനസ്സിൽ ഭയത്തിന്റെ ഭയങ്കരമായ വിറയൽ ഉണ്ടാക്കുന്ന, വലിയ മേഘത്തിന്റെ ഇടിവെട്ടിനു സമമായ, സമാധിയിൽ ലയിച്ചവരുടെ ചെവിക്ക് അമ്രുതപ്രവാഹമായ അവിടുത്തെ മന്ത്രം, എല്ലാ വിഷമങ്ങളും നീക്കി ഏറ്റവും ഉത്തമമായ നന്മ എനിക്ക് തരട്ടെ.

വ്യാഖ്യാ:
പ്രണവമന്ത്രത്തെ ഇവിടെ വിവരിക്കുന്നു. പ്രണവം മംഗളധ്വനിയാണ്. ബ്രഹ്മം നാദരൂപമമാണ്. അത് കാലാതീതവുമായതിനാൽ, പരിണാമാത്മക പരിണാമവിധേയമായ പ്രപഞ്ചവും നാദമയം തന്നെ. നാദമായിരുന്നത്, പലതായി പഞ്ചഭൂതങ്ങളുമായി, പഞ്ചീകരണം നടന്ന് പതിനാലു ലോകങ്ങളായ പ്രപഞ്ചമായി മാറുന്നു. കേവലമായ നാദരൂപ ബ്രഹ്മം, സാധാരണക്കാരന് വേദ്യമല്ലാതായിത്തീരുന്നു. നാദബ്രഹ്മത്തിൽ നിന്നു തന്നെയുണ്ടായ മായയാൽ അത് മറക്കപ്പെടുന്നു. എന്നാൽ സമാധിയിൽ ലയിച്ചവർക്ക്, പ്രാപഞ്ചിക വ്യവഹാരത്തിൽ നിന്ന് പുറത്തിറങ്ങിയവർക്ക്, വീണ്ടും ആ നാദം കേൾക്കാം. അതു സൃഷ്ടി മാത്രമല്ല, സ്ഥിതി സംഹാരാത്മകവുമാണ്. ആ ഓങ്കാരം പാഞ്ചജന്യത്തിൽ നിന്നു ജനിക്കുമ്പോൾ അത് വലിയ കാർമേഘങ്ങളുണ്ടാക്കുന്ന ഇടിവെട്ടിന്റെ ശബ്ദം പോലെ അസുരന്മാരുടെ മനസ്സിൽ ഭയത്തിന്റെ പ്രകമ്പനങ്ങളുണ്ടാക്കുന്നു. എല്ലാവർക്കും സമ്പത്ത് പ്രദാനം ചെയ്യുന്നവനും, സദാ ശ്രീയെ മാറിൽ ധരിക്കുന്നവനുമായ വിഷ്ണോ, അവിടുത്തെ ആ മന്ത്രാരവം, എല്ലാ ദു:ഖങ്ങളുമകറ്റി എനിക്ക് ഏറ്റവും ശൃഷ്ഠമായ, ഉത്തമമായ, വിശേഷമായ മംഗളം തരട്ടെ.

No comments:

Post a Comment

അഭിപ്രായം