വേദ്യൻ സജ്ജന ഹൃൽസരോജകളഹംസം സോഹമന്തശ്ചരൻ
വിദ്യാഗമ്യനമേയനാദിമമഹാജ്യോതിസ്വരൂപൻ ഭവാ-
നുദ്യദ്ഭാനു കണക്കു നീക്കിടുകയെൻ മോഹാന്ധകാരം വിഭോ"
പദാർത്ഥം:
ആദ്യൻ = ഏറ്റവും മുമ്പുണ്ടായവൻ
സർവ = മറ്റൊന്നില്ലാതെ എല്ലാം
സനാതനൻ = സന് + ആതനൻ. ആതനൻ = പരന്ന് അകത്തും പുറത്തും വ്യാപിക്കുന്നവൻ.
സനാതനൻ = ആതനത്വം സ്വഭാവമായുള്ളവൻ.
നിഖില = സമ്പൂർണ്ണമായി എല്ലാടവും
ലോകാചാര്യൻ = ലോകത്തിനും ധർമ്മാധർമ്മങ്ങൾ ഉപദേശിക്കുന്നവൻ
ആംനായ = തന്ത്രശാസ്ത്രം. പാരമ്പര്യം.
സംവേദ്യൻ = പൂർണ്ണമായും അറിയപ്പെടാൻ കഴിയുന്നവൻ
സജ്ജന = സത്തുക്കളായ ജനങ്ങൾ
ഹൃൽ = ഹൃദയ
സരോജ = പൊയ്കയിൽ ജനിച്ച
കളഹംസം = അരയന്നം
സോഹം = അത് ഞാനാകുന്നു
അന്തശ്ചരൻ = അകത്ത് ചരിക്കുന്നവൻ
വിദ്യാഗമ്യൻ = വിദ്യകൊണ്ട് അറിയാവുന്നവൻ
അമേയൻ = അളക്കാൻ കഴിയാത്തവൻ
ആദിമ മഹാജ്യോതിസ്വരൂപൻ = ആദ്യം ഉണ്ടായ പ്രകാശം സ്വരൂപമായവൻ
ഭവാൻ = അങ്ങ്
ഉദ്യദ്ഭാനു കണക്ക് = ഉദിച്ചുയരുന്ന സൂര്യനെ പോലെ
മോഹാന്ധകാരം = അറിവില്ലായ്മയാകുന്ന ഇരുട്ട്
ശ്ലോകാർത്ഥം:
ആദ്യമുണ്ടായവനും, എല്ലാത്തിന്റെയും അകത്തും പുറത്തും വ്യാപിക്കുന്നവനും, എല്ലാ ലോകങ്ങൾക്കും ധർമ്മാധർമ്മങ്ങൾ ഉപദേശിക്കുന്നവനും, തന്ത്രസമ്പ്രദായങ്ങളിലൂടെ പൂർണ്ണമായും അറിയപ്പെടാൻ കഴിയുന്നവനും, സത്തുക്കളായിരിക്കുന്ന ജനങ്ങളുടെ ഹൃദയമാകുന്ന പൊയ്കയിൽ ജനിച്ച അരയന്നമായിരിക്കുന്നവനും, അത് ഞാനാകുന്നു എന്ന ഭാവം അകത്ത് വിലസുന്നവനും, വിദ്യകൊണ്ടറിയപ്പെടാവുന്നവനും, അളക്കാൻ കഴിയാത്തവനും, ആദ്യം ഉണ്ടായ പ്രകാശം സ്വരൂപമായവനും, ആയ സർവ്വവ്യാപീ, അങ്ങ്, ഉദിച്ചുയരുന്ന സൂര്യനെപോലെ എന്റെ അറിവില്ലായ്മയാകുന്ന ഇരുട്ട് നീക്കണേ.
വ്യാഖ്യാ:
ആദ്യൻ. അക്ഷരത്തിൽ അ പോലെ ആദ്യം ഉണ്ടായിരുന്ന സത്. പ്രണവമായ ഓങ്കാരവും ഉത്ഭവികുന്നത് 'അ' ഇൽ തന്നെ! കാരണം കാര്യപൂർവമായതുകൊണ്ട് അകാരണൻ. ആദി, തുടക്കത്തിലെ. അന്. ശ്വാസം, ജീവിതം. ഏറ്റവും ആദ്യത്തെ ശ്വാസം, ജീവൻ. വൈയാകരണികമതമനുസരിച്ച് 'പശ്യകൻ' 'കശ്യപൻ' ആകുന്നതുപോലെ 'സിംഹാസനേശ്വരി' എന്ന നാമത്തിലെ 'സിംഹം' 'ഹിംസ'യെ പ്രതിനിധീകരിക്കുന്നു എന്ന് ഭാസുരാനന്ദനാഥൻ. അതു പോലെ 'ആദി + അന്' എന്ന പദം 'അന് + ആദി' എന്നാവുമ്പോൾ 'അനാദി' തുടക്കമില്ലാത്ത എന്നും അർത്ഥം കല്പിക്കാം. 'അനന്തൻ' ആണെന്ന് അന്യത്ര പരാമർശങ്ങളുള്ളതുകൊണ്ട്, 'അനാദ്യന്തൻ' അല്ലെങ്കിൽ 'ആദ്യന്തവിഹീനൻ' എന്നുമുള്ള അർത്ഥം വന്നുകൂടി.
സനാതനൻ. അകത്തും പുറത്തും വ്യാപിക്കുക എന്നത് സ്വഭാവം ആയവൻ. 'തദന്തരസ്യ സർവസ്യ തദു സർവസ്യാസ്യ ബാഹ്യത:' എന്ന് ശ്രുതി. സർവ ഒന്നും ബാക്കി വക്കാതെ എല്ലാത്തിന്റെയും. ആദ്യനായതുകൊണ്ട് അവനാണല്ലോ എല്ലാത്തിനും കാരണം. മറ്റെല്ലാം അവനിൽ നിന്നുണ്ടാവണം. അവൻ രൂപാന്തരം പ്രാപിച്ച്, എല്ലാത്തിന്റെയും അകത്തും പുറത്തും ഉണ്ടാവണം.
നിഖിലലോകാചാര്യൻ. നിഖില. സമ്പൂർണ്ണമായ, എല്ലാ. ലോക. ഭുആദിസത്യാന്ത സപ്തലോകങ്ങളും. ലോകം 'തല'ങ്ങളെയും പ്രതിനിധീകരിക്കുന്നു. 'ചതുർദശലോകങ്ങൾ' അതലാദിപാതാളാന്ത സപ്തലോകങ്ങളും. അങ്ങിനെ പതിനാലുലോകങ്ങളും. അതിനു തന്നെയാണ് ഗുരു 'നിഖില' എന്നു കൂടി ചേർത്തത്. അല്ലെങ്കിൽ 'ലോകാചാര്യൻ' എന്നു പറഞ്ഞാലും ഏഴു ലോകങ്ങളെയും പെടുത്താം. തലങ്ങളെകൂടി 'നിഖില' ശബ്ദം കൊണ്ട് ഉൾക്കൊള്ളിച്ചു. ആചാര്യൻ. "ഉപനീയ തു യ: ശിഷ്യം വേദമദ്ധ്യാപയേദ്വിജ: സകല്പം സരഹസ്യം ച തമാചാര്യം പ്രചക്ഷതേ" (മനു: 2.140)
യാതൊരു ദ്വിജൻ (രണ്ടു പ്രാവശ്യം ജനിച്ചവൻ) ശിഷ്യനെ ഉപനയിച്ച് വേദങ്ങൾ ആചാരങ്ങളോടും, രഹസ്യങ്ങളോടും കൂടി അധ്യാപനം ചെയ്യുന്നു, അവൻ ആചാര്യൻ എന്ന് പ്രസിദ്ധൻ. 'ദ്വിജപംക്തി' എന്ന് വശിന്യാദികൾ ഉദ്ഘോഷിക്കുന്ന പല്ലുകൾ പോലെ ആദ്യം പഞ്ചകോശസമന്വിതനായി നര ജന്മവും, പിന്നീട് സ്വയം ഗുരുവാൽ 'അടുത്തു ചേർക്കപ്പെട്ടവനായി' കർമ്മം കൊണ്ട് രണ്ടാം ജന്മമെടുത്തവൻ ദ്വിജൻ. ശിഷ്യൻ. 'രിപുണാപി.....യാവദാപൂതസമ്പ്ലവം' (കുളാർണ്ണവം:11.102). മുൻപു പറഞ്ഞപോലെയുള്ള ദ്വിജൻ ഇപ്പറഞ്ഞപോലെയുള്ള ശിഷ്യന്. 'അധ്യാപനം' അധി+ആപനം. മുകളിൽനിന്ന് എത്തിപ്പിടിക്കുക. കര കയറ്റുക. വേദം അറിവ്. 'സകല്പം' ആചാരങ്ങളോടുകൂടി. 'സരഹസ്യം'. രഹസ്യത്തോടുകൂടി. കുശിഷ്യന്മാരും അനർഹശിഷ്യന്മാരും അറിയാൻ പാടില്ലാത്ത കാര്യങ്ങളോടുകൂടി. ഓട്ടപാത്രത്തിൽ ഒഴിക്കാൻ പാടില്ലാത്ത അമൃത് കൂടി ഒഴിച്ചുകൊടുത്തുകൊണ്ട് ഇരിക്കുന്നവൻ ആചാര്യൻ. പതിനാലുലോകങ്ങൾക്കും അങ്ങിനെയുള്ള ആചാര്യനാണ് 'നിഖിലലോകാചാര്യൻ'
ആംനായ സംവേദ്യൻ. വേദ്യൻ. അറിയപ്പെടാവുന്നവൻ. കുരുടൻ ആനയെ അറിയുന്നുണ്ട്. അത് തൂണാണ്, മുറമാണ്, വിശറിയാണ് എന്നിങ്ങിനെ. ആന കുരുടന് വേദ്യൻ ആണ്. അതുകൊണ്ടാണ് ഗുരു 'സംവേദ്യൻ' സമ്യക്കായി വേദ്യൻ. എല്ലാ പ്രകാരത്തിലും അറിയപ്പെടാവുന്നവൻ എന്ന് പറഞ്ഞത്. ഒരൊറ്റ കുരുടൻ, ആന, മുറവും, വിശറിയും, തൂണും, കയറും എല്ലാം ആണെന്നറിയുന്നതു പോലെ. അതെങ്ങിനെ? ആംനായ സംവേദ്യൻ. ആംനായങ്ങളിലൂടെ പൂർണ്ണമായും അറിയപ്പെടാൻ കഴിയുന്നവൻ. ആംനായങ്ങൾ അഞ്ചെണ്ണം. പൂർവം, ദക്ഷിണം, പശ്ചിമം, ഉത്തരം, ഊർദ്ധ്വം. ഈ അഞ്ചാംനായ്ങ്ങളിൽ നുന്നുത്ഭവിക്കുന്ന വിവിധ തന്ത്രശാഖകളിലൂടെ 'സംവേദ്യൻ'. 'ആംനായൈ:' എന്ന് ഗുരു പറഞ്ഞില്ല. ഏതെങ്കിലും ഒരു ആംനായം കൊണ്ടു തന്നെ അങ്ങ് സംവേദ്യനാണ്. അവനവന്റെ അംനായം അറിഞ്ഞ്, 'സമ്പ്രദായ വിശ്വാസാഭ്യാം' (പ.ക.സൂ: 1.9) പിന്തുടരുന്നവന് നീ സംവേദ്യൻ.
സജ്ജന. സത്തുക്കളായ ജനങ്ങൾ. സത് തന്നെ ചിത്തും ആനന്ദവും. അതു തന്നെ ബ്രഹ്മം. ജനം എപ്പോൾ സ്വയം 'സത്' ആകും? അറിയപ്പെടുന്നത് പ്രമേയം, ജ്ഞേയം ബ്രഹ്മം. അറിയുന്നവൻ പ്രമാതാ, ജ്ഞാതാ ബ്രഹ്മം. അറിയാനുതകുന്ന മാർഗ്ഗം, പ്രമാണം ബ്രഹ്മം. അറിവ്, പ്രജ്ഞാ, ജ്ഞാനം ബ്രഹ്മം. ഇങ്ങിനെ 'സർവ്വം ഖല്വിദം ബ്രഹ്മ' എന്ന അറിവുണ്ടാകുന്ന നിഷം വിഷയവും വിഷയിയും, ജ്ഞാതാവും ജ്ഞേയവും, പ്രമാതാവും പ്രമേയവും, ജനവും സത്തും ഒന്നാകുന്നു. ബ്രഹ്മത്തെ അറിയുന്നവൻ സ്വയം ബ്രഹ്മമാവുന്നു. 'ബ്രഹ്മജ്ഞാനീ തു ബ്രാഹ്മണ:'. അങ്ങിനെയുള്ള ബ്രാഹ്മണർ. അല്ലാതെ, നമ്പൂരിയുടെയോ, അയ്യരുടെയോ, അയ്യങ്കാരുടെയോ, പട്ടേരിയുടെയോ, ഓയ്ക്കന്റെയോ മകനായി പിറന്നാൽ പോരാ. സ്വയം 'സത്' ആയ ജനം. 'ബ്രഹ്മക്ഷത്രിയവൈശ്യശൂദ്രാ: ഇതി ചത്വാരോ വർണ്ണാസ്തേഷാം വർണ്ണാനാം ബ്രാഹ്മണ ഏവ പ്രധാന ഇതി വേദവചനാനുരൂപം സ്മൃതിഭിരപ്യുക്തം. തത്ര ചോദ്യമസ്തി കോ വാ ബ്രാഹ്മണോ നാമ, കിം ജീവ: കിം ദേഹ: കിം ജാതി: കിം ജ്ഞാനം കിം കർമ്മ കിം ധാർമ്മിക ഇതി....യ: കശ്ചിദാത്മാനമദ്വിതീയം, ജാതിഗുണക്രിയാഹീനം, ഷഡൂർമ്മിഷഡ്ഭാവേത്യാദി സർവദോഷരഹിതം സത്യജ്ഞാനാനന്ദാനന്തരൂപം സ്വയം നിർവികല്പമശേഷകല്പാധാരമശേഷഭൂതാന്തര്യാമിത്വേന വർത്തമാനമന്തർ ബഹിശ്ചാകാശവദനുസ്യൂതാഖണ്ഡാനന്ദസ്വഭാമപ്രമേയമനുഭവൈകവേദ്യമപ്രോക്ഷതയാഭാസമാനം .....യ: സ ഏവ ബ്രാഹ്മണ ഇതി ശ്രുതിസ്മൃതി പുരാണേതിഹാസാനാമഭിപ്രായ:....' (വജ്രസൂചികോപനിഷത്) അങ്ങിനെയുള്ള ജനം സജ്ജനം.
ഹൃത്സരോജകളഹംസം.
(1) ഹൃദയമാകുന്ന പൊയ്കയിൽ ജനിച്ച, മധുരമായി, മൃദുവായി, അസ്പഷ്ടമായി, പാടുന്ന ഹംസം. ഹംസം, പാലും വെള്ളവും ചേർന്ന മിശ്രിതത്തിൽ നിന്ന് പാലിനെ മാത്രം വേർതിരിച്ചെടുക്കാൻ കഴിവുള്ള പക്ഷി. വെള്ള നിറം. അതു തന്നെ ഗുരുവിന്റെ ലക്ഷണങ്ങളും. "ശ്വേതം ശ്വേതവിലേപമാല്യവസനം.." വെള്ള നിറം, വെള്ള ലേപനങ്ങളണിഞ്ഞ്, വെള്ള മാല ചാർത്തി, വെള്ള വസ്ത്രം ധരിച്ച്, അവിദ്യയിൽ നിന്നും വിദ്യയെ തിരിച്ചെടുക്കാൻ, അജ്ഞാനത്തിൽനിന്ന് വിജ്ഞാനത്തെ തിരിച്ചെടുക്കാൻ കഴിവുള്ള ഗുരു.
(2) ഹൃദയമാകുന്ന താമര. നിജബോധരൂപനായ ഗുരുവിന്റെ ആവാസസ്ഥാനം. പറയപ്പെട്ടിട്ടുണ്ട്:
"ഹൃദംബുജേ കർണ്ണികമദ്ധ്യസംസ്ഥം
സിംഹാസനേ സംസ്ഥിത ദിവ്യമൂർത്തിം
ധ്യായേത് ഗുരും ചന്ദ്രശിലാപ്രകാശം
ചിത്പുസ്തകാഭീതി വരം ദധാനം
ശ്വേതാംബരം ശ്വേതവിലേപമാല്യം
മുക്താവിഭൂഷം മുദിദം ദ്വിനേത്രം
വാമാങ്കപീഠസ്ഥിത ദിവ്യശക്തിം
മന്ദസ്മിതം പൂർണ്ണകൃപാനിധാനം
ആനന്ദമാനന്ദകരം പ്രസന്നം
ജ്ഞാനസ്വരൂപം നിജബോധരൂപം
യോഗീന്ദ്രമീഠ്യം ഭവരോഗവൈദ്യം
ശ്രീമദ് ഗുരും നിത്യമഹം സ്മരാമി" (ഗുരുഗീത: 2.4)
കളഹംസം. കള. അവ്യക്തം, മൃദു. ഹംസം. ശ്രീപ്രാസാദപരാ മന്ത്രം. 'ശിവാദികൃമിപര്യന്തം പ്രാണിനാം പ്രാണവർത്മനാ | നിശ്വാസോച്ഛ്വാസരൂപേണ മന്ത്രോയം വർത്തതെ പ്രിയേ ||' (കുളാർണ്ണവം: 3.50). സ്പഷ്ടമല്ലാത്ത ഒരു മന്ത്രമാണ് ശ്രീ പ്രാസാദപരാ. അതുകൊണ്ടു ഋഷിതന്നെ ഹംസവും, ഛന്ദസ് അവ്യക്തഗായത്രിയും ആവുന്നത്. 'ഹംസം' തന്നെ സൃഷ്ട്യാത്മകമാണ്. സ്വയം ബ്രഹ്മമാണെന്ന പ്രജ്ഞാനം ലഭിച്ച ജനങ്ങളുടെ, ഹൃദയമാകുന്ന താമരയിൽ സ്ഥിതിചെയ്യുന്ന സ്വന്തം ബോധരൂപമായ ഗുരു ചൊല്ലിക്കൊടുക്കുന്ന ശ്രീപ്രാസാദപരാമന്ത്രം
(3) 'ചിന്തയാമി ഹൃദി ചിന്മയം വപുർനാദബിന്ദുമണിപീഠമണ്ഡലം' (പാദുകാപഞ്ചകം:3) നാദബിന്ദുക്കൾക്കും ശിവ:ശക്തികൾക്കും ശുക്ലരക്തങ്ങൾക്കും ഹംസത്തിനും താദാത്മ്യം. രഹസ്യാർത്ഥം ഗുരുമുഖത്തു നിന്നറിയണം.
(4) കളഹംസം. 'ലളയോരഭേദ:' കലഹംസം. ഹംസം സൃഷ്ടികർതൃത്വകം. സർവ്വകർതൃത്വസാമർത്ഥ്യമുള്ള ജീവൻ വിവിധ പ്രാപഞ്ചിക വസ്തുക്കൾ സൃഷ്ടിക്കുന്നതുകൊണ്ടുണ്ടാകുന്ന സംകുചിതത്വം 'കല'. പ്രാപഞ്ചികവസ്തുക്കളുടെ ഉച്ഛ്വാസമായി ജീവൻ നിലനിർത്തുന്ന സാമർത്ഥ്യം.
സോഹമന്തശ്ചരൻ:
(1) 'സ: + അഹം = സോഹം' അവൻ ഞാനാണ് എന്ന അറിവ് അകത്ത് വിലസുന്നവൻ.
(2) 'സോഹം' സംഹാരദ്യോതകമായ പരാപ്രാസാദമന്ത്രം. സംഹാരം മോക്ഷാന്തം. 'അന്ത:' അവസാനത്തിലേക്ക് നയിക്കുന്ന മന്ത്രം. അതിൽ ചരിക്കുന്നവൻ
സജ്ജനഹൃത്സരോജ. സ്വയം ബ്രഹ്മമാണെന പ്രജ്ഞാനം ലഭിച്ച ജനങ്ങളുടെ ഹൃദയത്തിലെ താമര.
കളഹംസം സോഹം. 'കല ഹംസം സോഹം'. ശിവൻ മുതൽ കൃമിവരെയുള്ള പ്രാപഞ്ചിക 'ജഗത്യാം ജഗത്' ആയിരിക്കുന്ന പ്രാണികൾ അകത്തേക്കു വലിക്കുന്ന ശ്വാസം 'സോഹം'. പുറത്തേക്ക് വിടുന്ന ശ്വാസം 'ഹംസ:'. മുപ്പത്താറു തത്വങ്ങളിൽ എട്ടാമത്തെ തത്വമായ, സർവകർതൃത്വത്തിനെ യത്കിഞ്ചിത് കർതൃത്വം കൊണ്ട് പരിമിതമാക്കുന്ന കല തന്നെ 'ഹംസംസോഹം' എന്ന മന്ത്രം.
അന്തശ്ചരൻ. (1) സംഹാരത്തിലേക്ക് നയിക്കുന്നവൻ. (2) അകത്ത് വിലസുന്നവൻ
വിദ്യാഗമ്യൻ. വിദ്യകൊണ്ട് മാത്രം അറിയപ്പെടാൻ കഴിയുന്നവൻ.
അമേയൻ. അളക്കാൻ കഴിയാത്തവൻ. യാതൊരു 'മാനം' കൊണ്ടും അറിയാൻ കഴിയാത്ത, സ്വാനുഭൂതികൊണ്ട് മാത്രം അറിയപ്പെടാൻ കഴിയുന്നവൻ.
ആദിമ മഹാജ്യോതിസ്വരൂപൻ.
'സകലഭുവനോദയസ്ഥിതിലയമയലീലാവിനോദനോദ്യുക്ത: | അന്തർലീനവിമർശ: പാതു മഹേശ: പ്രകാശമാത്രതനു: || (കാമകലാവിലാസ: 1.1.)
പ്രകാശം മാത്രം, ജ്യോതിസ് മാത്രം. തനു: സ്വരൂപമായവൻ.
ഉദ്യദ്ഭാനു എങ്ങിനെ ഇരുട്ട് നീക്കുന്നു. അതുപോലെ എന്റെ മോഹമാകുന്ന ഇരുട്ട് നീക്കണമേ വിഭോ.
ഹരിസുധലഹരിയുണ്ടെങ്കില്‍ എന്തിനു വേറെ ലഹരി? അത്രത്തോളം ആനന്ദകരം. വ്യാഖ്യാനവും ഹൃദ്യം. അനുത്തരാമ്നായം കൂടി ചേര്‍ത്ത് ആറു ആമ്നായങ്ങള്‍ ഉണ്ട്.
ReplyDeleteഅറിയാം. എന്നാലും, 'പഞ്ചഭി: മുഖൈ: പഞ്ചാംനായാൻ പ്രണനായ' എന്ന് സൂത്രകാരൻ പറഞ്ഞു വച്ചപ്പൊ അത്രന്ന മതീ ന്ന് ഞാനും വിചാരിച്ചു. :-)
ReplyDeleteഅഭ്യര്‍ത്ഥന മാനിച്ച് ചിത്രം കൊടുത്തതില്‍ വളരെ സന്തോഷം. അതിന്‍റെ കൂടെ രണ്ടു ചിത്രങ്ങള്‍കൂടിയുണ്ട്. ഇടക്കിടക്ക് മാറി മാറി കൊടുത്താല്‍ കൊള്ളാം. വ്യാഖ്യാനം വളരെ കേമമായിട്ടുണ്ടെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ?
ReplyDelete