Sunday, May 4, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 13

<- മുൻപിലത്തേത്                           തുടക്കം                      അടുത്തത് ->
"ത്വന്മായാ ത്രിഗുണാത്മികാ ഗുണസമത്വത്താൽ പ്രധാനാഖ്യയായ്
ബ്രഹ്മാണ്ഡം ത്രിഗുണാധികൻ ത്വയിലയിക്കെത്താനുമില്ലാതെയാം
നിർമ്മാണോൽസുകനായ് ഭവാൻ മിഴിതുറന്നീടുന്ന നേരം രജ-
സ്സമ്മർദ്ദാൽ ഗുണസാമ്യമറ്റുചലനം സംജാതമാം മായയായ്."

പദാർത്ഥം:
ത്വന്മായാ = അവിടുത്തെ മായ
ത്രിഗുണാത്മികാ = ത്രിഗുണ സ്വരൂപിണി (സത്വരജസ്തമോഗുണങ്ങൾ)
ഗുണസമത്വത്താൽ = മൂന്നു ഗുണങ്ങളും സമമായിരിക്കുന്ന അവസ്ഥകൊണ്ട്
പ്രധാനാ = പ്രധാനാ എന്ന സാംഖ്യ നിർവചന
ആഖ്യയായ് = പേരുള്ളവളായി
ബ്രഹ്മാണ്ഡം = ബ്രഹ്മമാകുന്ന മുട്ട
ത്രിഗുണാധികൻ = ത്രിഗുണത്തിനും അപ്പുറത്തുള്ളവൻ. പുരുഷൻ
ത്വയി = നിന്നിൽ
ലയിക്കെത്താനും = ലയിച്ചു ചേരുന്ന സമയത്ത്
നിർമ്മാണോൽസുകൻ = നിർമ്മിക്കാൻ ഉൽസാഹമുള്ളവൻ
രജസ്സമ്മർദ്ദാൽ = രജോഗുണത്തിന്റെ തള്ളിച്ചയാൽ
ഗുണസാമ്യമറ്റു = ത്രിഗുണങ്ങളുടെ സമാവസ്ഥ മുറിഞ്ഞു പോയിട്ട്
ചലനം സംജാതമാം = ചലനം എല്ലാവിധത്തിലും തുടങ്ങും
മായയായ് = മായാ രൂപത്തിൽ

ശ്ലോകാർത്ഥം:
അവിടുത്തെ മായ ത്രിഗുണങ്ങളുടെ സമാവസ്ഥകൊണ്ട് 'പ്രധാനാ' എന്ന് പേരുള്ളവളായി. ത്രിഗുണങ്ങൾക്കും മുകളിലായ അങ്ങയിൽ ലയിക്കുമ്പോൾ ബ്രഹ്മാണ്ഡം ഇല്ലാതെയാവും. നിർമ്മാണത്തിൽ, ഉൽസുകനായി അങ്ങ് കണ്ണു തുറക്കുമ്പോൾ രജസ്സിന്റെ തള്ളിച്ചയാൽ ത്രിഗുണങ്ങളുടെ സമാവസ്ഥ നശിച്ച് ചലനം (സൃ, സര് = ചലിക്കുക. സം + സൃ = സംസാരം) മായയായി പൂർണ്ണമായി എല്ലാവിധത്തിലും ജനിക്കുന്നു.

വ്യാഖ്യാ:
ഉപാസനാ മൂർത്തികളില്ലെന്നു വാദിക്കുന്ന സാംഖ്യന്മാരെ, സഗുണോപാസനയിലേക്ക് ഒരൊറ്റ ശ്ലോകം കൊണ്ട് കെട്ടിയിട്ട ഈ ശ്ലോകമല്ലേ ഈ ഗ്രന്ഥത്തിലെ മായപ്പൊന്മാൻ!

ത്രിഗുണാത്മികാ. തിഗുണ. സത്വാദി മൂന്നുഗുണങ്ങളും. ആത്മികാ ആത്മാവായിട്ടുള്ളവൾ. യാതൊന്നാണോ എല്ലാ കാരണങ്ങൾക്കും കാരണമായിരിക്കുന്നത് അത് ആത്മാ. അതിൽ നിന്ന്, ശ്വാസം (അന്) ചലനം (അത്) വീശൽ {കാറ്റ് വീശുന്നത്} (വാ) ഉണ്ടാകുന്നതുകൊണ്ട്. അതു തന്നെ എല്ലാനിലല്പിന്റെയും കാരണം.
"ഹേതുർന്നാ കാരണം ബീജം നിദാനന്ത്വാദികാരണം
ക്ഷേത്രജ്ഞ ആത്മാ പുരുഷ: പ്രധാനം പ്രകൃതി:..." (അമരം: 1.കാല.31)
എന്നതുകൊണ്ട് ആത്മാ തന്നെ കാരണകാരണം, ആദികാരണം.
അങ്ങിനെയുള്ള ആത്മാവ് യാതൊരാൾക്കാണോ, ത്രിഗുണങ്ങൾ ആയിരിക്കുന്നത് അവൾ ത്രിഗുണാത്മികാ.
ത്വന്മായാ. നിന്റെ, ഹരിയുടെ മായ അങ്ങിനെയുള്ളവളാണ്. നിന്റെ മായ ത്രിഗുണാത്മികയാണ്. 'നിന്റെ' എന്ന് ഷഷ്ഠീ വിഭക്തിയിൽ പറഞ്ഞതുകൊണ്ട്, മായ നിന്റെ ഗുണമാണെന്നു വരുന്നു. നിന്റെ ഗുണമായ ആ മായ തന്നെ 'ത്രിഗുണാത്മിക'യാണ്.
ഗുണസമത്വത്താൽ. ത്രിഗുണങ്ങളും സമാവസ്ഥയിൽ തുല്യാവസ്ഥയിൽ ഒന്നും അധികമായിനിൽക്കാത്ത അവസ്ഥയിൽ. പ്രധാനാഖ്യയായ്. പ്രധാനാ എന്ന് പേരുള്ളവളായി.

'പ്രധാന' എന്ന പദം സാംഖ്യന്റെ പ്രയോഗമാണ്. പ്രകൃതി, മഹദ് അഹംകാരാദി മൂന്ന് തത്വങ്ങൾ സാംഖ്യരുടെ ഇരുപത്തിനാലു തത്വങ്ങളിൽ ആദ്യത്തെ മൂന്നു തത്വങ്ങൾ. അതിൽ, പ്രകൃതി മൂല തത്വം. പരിണാമത്തിൽ ഏറ്റവും പ്രധാന ഉപകരണമായതുകൊണ്ട് അവൾക്ക് സാംഖ്യർ, പ്രധാന എന്നും പേരിട്ടു. പരിണാമത്തിനു മുൻപ് അപ്രത്ര്യക്ഷീകൃതമായതുകൊണ്ട് അവൾക്കവർ 'അവ്യക്താ' എന്നും പേരിട്ടു. പ്രകൃതിയും അവളുടെ പരിണിതങ്ങളും സമ്യുക്തങ്ങളാകകൊണ്ട് (നൈയായികന്റെ 'സമ്യുക്തം') അവളാകുന്ന വിഷയത്തെ അറിയാനുള്ള വിഷയി 'പുരുഷൻ'. അനുഭവങ്ങൾ ഖണ്ഡങ്ങളായി വരിക കൊണ്ട്, അവയെ കൂട്ടിയിണക്കി അർത്ഥം നൽകാൻ ബോധമുള്ളവൻ പുരുഷൻ. പല ആത്മാക്കളില്ല, ഒന്നേയുള്ളായിരുന്നുവെങ്കിൽ ജനന മരണസുഖദു:ഖാദികൾ ഒരുമിച്ചായിരിക്കും എല്ലാവർക്കും വേദ്യം. പ്രത്യക്ഷത്തിൽ അങ്ങിനെയല്ലാത്തതുകൊണ്ട് 'പുരുഷൻ' അനേകം.
പ്രാപഞ്ചികവസ്തുക്കളിൽ ക്രിയാത്മകത, നാശാത്മകത, ശാന്താത്മകത എന്നിങ്ങിനെ ത്രിഗുണങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ അവസ്ഥ അധിക പ്രകടമായതുകൊണ്ട്, ആ പ്രാപഞ്ചികവസ്തുക്കൾക്ക് കാരണമായ പ്രകൃതിയിലും, (പ്രധാന/അവ്യക്ത) ഈ മൂന്ന് അവസ്ഥകൾ ഉണ്ട്. അതു മൂന്നും തുല്യമായിരിക്കുന്ന അവസ്ഥ 'പ്രകൃതി'. അതുതന്നെ പ്രളയാവസ്ഥ. ഈ അപ്രാപഞ്ചികമായ അവസ്ഥയിലും സാംഖ്യന് പ്രകൃതി നിഷ്ക്രിയയല്ല. ത്രിഗുണങ്ങൾ തങ്ങളെ തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

'ബ്രഹ്മാണ്ഡം'. "തവ കുക്ഷിതന്നിലഖിലബ്രഹ്മാണ്ഡവും സംസ്ഥിതം" (ഹരി.ഗു.തോ. 2)
എന്ന് ഗുരു തന്നെ മുൻപേ പറഞ്ഞുവച്ചു. യാതൊന്നാണോ പ്രഭവസാമർത്ഥ്യമുള്ള, വിരിഞ്ഞ് പലതാകാൻ കഴിയുന്നത്, ആ ബ്രഹ്മമാകുന്ന അണ്ഡം. അവിടുത്തെ കുക്ഷിയിൽ സ്ഥിതിചെയ്യുന്ന അത്. 'ത്രിഗുണാധികൻ'. സത്വാദിമൂന്നുഗുണങ്ങൾക്കും അപ്പുറത്തുള്ളവൻ. ത്രിഗുണാത്മകനല്ല, ത്രിഗുണാധികൻ. 'ത്വയി'. അങ്ങയിൽ. 'ലയിക്കെത്താനുമില്ലാതെയാം'. ഒന്നായിത്തീരുമ്പോൾ ഇല്ലാതെയാകും. അവിടുത്തെ കുക്ഷിക്കകത്ത് സ്ഥിതിചെയ്യുന്ന, നാനാപദാർത്ഥസംചയമായ പ്രപഞ്ചമായി പ്രപഞ്ചിക്കാൻ കഴിവുള്ള ആ മുട്ട അങ്ങയിൽ തന്നെ ലയിച്ചില്ലാതെയാകും. പിന്നെ അങ്ങു മാത്രം!

'നിർമ്മാണോൽസുകനായ് ഭവാൻ മിഴിതുറന്നീടുന്ന നേരം'. അതിവിശിഷ്ടമായ, അതീന്ദ്രിയമായ ആ 'ലയാവസ്ഥ' പ്രളയാവസ്ഥയിൽ, അങ്ങ് വീണ്ടും നിർമ്മാണോൽസുകനാവുന്നു. ആ സമയം അങ്ങ് കൺ തുറക്കുന്നു. ആ നേരത്ത്. 'രജസ്സമ്മർദ്ദാൽ' ക്രിയാത്മകശക്തിയുടെ എല്ലാവിധത്തിലുമുള്ള, കാലദിഗ്ഗുണാത്മകങ്ങളായ (multi-dimensional projectional pressure of Einstein!) മർദ്ദം കൊണ്ട്.
'ഗുണസാമ്യ'. ഗുണങ്ങളുടെ തുല്യാവസ്ഥ. 'അറ്റു' മുറിഞ്ഞുപോയിട്ട്. 'ചലനം സംജാതമാം'. ചലനം തുടങ്ങുന്നു. 'മായയായ്' മായയായിട്ട്. സത്വ, രജ, തമോ ഗുണ സമാവസ്ഥയിൽ പ്രളയാവസ്ഥയിലുള്ള പ്രധാന, ആ സമാവസ്ഥ മുറിഞ്ഞുപോയിട്ട്, രജസ്സിന്റെ മാത്രം എല്ലാവിധത്തിലുമുള്ള മർദ്ദം കൊണ്ട് മായയായി സമ്യക്കായി, എല്ലാവിധത്തിലും ഭവിക്കുന്നു, ഉണ്ടായിത്തീരുന്നു.

'ത്വന്മായാ' എന്നു തുടങ്ങി 'മായയായ്' എന്നു തീരുന്ന ഈ ശ്ലോകം നോക്കുക. ഇതല്ലെങ്കിൽ പിന്നെന്തു മായ. ഒരൊറ്റ ശ്ലോകത്താൽ ശിഷ്യപ്രഭൃതികൾക്ക് മായ എന്താണെന്ന് 'മത്ചിത്തരൂപേണ... ഭവദാസനം" തരുന്ന എന്റെ ഗുരു നിഷ്കഞ്ചുകനായി എനിക്ക് പറഞ്ഞു തരുന്നു!!

സാംഖ്യന് 'പ്രകൃതി' തന്നെ ഇരുപത്തിനാലു തത്വങ്ങളിൽ, 'മായ'. ഗുണസാമ്യമുള്ള ആ 'പ്രധാന' തന്നെ ഒന്നാമത്തെ തത്വം. കൗളന് മായ മുപ്പത്താറ് തത്വങ്ങളിൽ ആറാമത്തെ തത്വം. സാംഖ്യന്റെ 'പ്രധാന', ത്രിഗുണസമാവസ്ഥയിലുള്ളവൾ. അവൾ, ഹരിയുടെ കൺതുറക്കലിലൂടെ, കൗളന്റെ പഞ്ചകഞ്ചുക (അവിദ്യാദി നിയത്യന്ത) പരിമിതത്വം പുരുഷന് കൊടുക്കുന്ന മായായായി മാറുന്നു.  വിഷ്ണുസഹസ്രനാമത്തിലെ "പ്രധാനപുരുഷേശ്വര:" എന്ന നാമത്തെ, ഇതിലും നന്നായി എങ്ങിനെ വ്യാഖ്യാനിക്കാം? 'പ്രധാന' (പ്രകൃതി), 'പുരുഷ', 'ഈശ്വര:'

'പുരസ്താദ് പാർശ്വയോ: പൃഷ്ഠേ നമസുകുര്യാമുപര്യധ:
സദാ മത്ചിത്ത രൂപേണ നിധേഹി ഭവ ദാസനം' എന്നല്ലാതെ എന്റെ ഗുരുവായ ആ ഭഗവാനോട്, ഞാനെന്തപേക്ഷിക്കാൻ!!!!

No comments:

Post a Comment

അഭിപ്രായം