Sunday, April 27, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 12

<- മുൻപിലത്തേത്                               തുടക്കം                      അടുത്തത് - >

"പൂമാതിൻ കുചചൂചുകത്തിലുമനംഗാരാതി തൻ ഹൃത്തിലും
കാമൻ തൻ വിശിഖത്തിലും യതികൾതൻ ഭ്രൂമദ്ധ്യ ചക്രത്തിലും
സോമൻ തൻ കിരണത്തിലും തരുണിതൻ തേജസ്സിലും മേവിടും
ശ്രീമന്മാധവ നിൻ വിഭൂതികളറിഞ്ഞോൻ തന്നെ വിജ്ഞോത്തമൻ"

പദാർത്ഥം:
പൂമാത് = മഹാലക്ഷ്മി
കുചം = മുല
ചൂചുകം = മുലക്കണ്ണ്
അനംഗ = കാമദേവൻ
അനംഗാരാതി = അനംഗന്റെ ശത്രു ശിവൻ
ഹൃത്തിലും = മനസ്സിലും
വിശിഖം = അമ്പ്
യതി = ഇന്ദ്രിയങ്ങളടക്കിയവൻ
സോമൻ = ചന്ദ്രൻ
തരുണിതൻ തേജസ് = സ്ത്രീകളുടെ രജസ്
ശ്രീമന്മാധവ = ശ്രീയോട് (മഹാലക്ഷ്മിയോട്) ചേർന്നിരിക്കുന്ന കൃഷ്ണ
വിഭൂതി = വിവിധങ്ങളായ അസ്തിത്വങ്ങൾ
വിജ്ഞോത്തമൻ = അറിയുന്നവരിൽ ഏറ്റവും ഉത്തമൻ

ശ്ലോകാർത്ഥം:
മഹാലക്ഷ്മിയുടെ മുലക്കണ്ണുകളിലും, കാമദേവന്റെ ശത്രുവിന്റെ മനസ്സിലും, കാമദേവന്റെ ശരങ്ങളിലും, ഇന്ദ്രിയ നിഗ്രഹം ചെയ്തവരുടെ ആജ്ഞാചക്രത്തിലും, ചന്ദ്രന്റെ കിരണങ്ങളിലും, തരുണിയുടെ രജസിലും മേവുന്ന ലക്ഷ്മീസമേതനായ കൃഷ്ണ, നിന്റെ വിവിധങ്ങളായ അസ്ത്തിത്വങ്ങൾ അറിഞ്ഞവൻ തന്നെയാണ് വിശിഷ്ടമായ അറിവുള്ളവരിൽ ഏറ്റവും ഉത്തമൻ

വ്യാഖ്യാ:
വിഭൂതികൾ. വിവിധങ്ങളായ/വിശിഷ്ടങ്ങളായ ഭൂതികൾ അസ്തിത്വങ്ങൾ.

സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾക്കോരോന്നിനും ഈരണ്ടുദാഹരണങ്ങളിലൂടെ, ഇതു മൂന്നും വിഷ്ണുവിന്റെ 'വൈഭവ'മാണ് എന്നു പറഞ്ഞുറപ്പിച്ച ഈ ശ്ലോകം, ഈ ഗ്രന്ഥത്തിലെ തന്നെ ഒരു 'മാധവ'മാണ്. 

സൃഷ്ടി: തരുണിതൻ തേജസ്. 'തരുണി' തരണം ചെയ്തവളാണ്. ബാല്യം തരണം ചെയ്ത് ഋതുമതിയായി പുന:സൃഷ്ടിക്ക് തയാറായവൾ. ബീജം പുരുഷന്റെ 'തേജസ്' എന്ന പോലെ 'തരുണിതൻ തേജസ്' അണ്ഡവും അതിനെ വഹിക്കുന്ന രജസുമാണ്. 
"ശുക്ലം തേജോ രേതസീ ച ബീജവീര്യേന്ദ്രിയാണി ച " (അമരം: മനു: 62)
രജസ്വലയായവളാണ് തരുണി. തരുണിയുടെ തേജസ് വഹിക്കുന്ന അണ്ഡം സൃഷ്ടിക്കു തയ്യാറായി, ബീജത്തെ കാത്തു നിൽക്കുന്നതാണ്. അവിടെ നീ സൃഷ്ടി വൈഭവം പ്രകടിപ്പിച്ചു മേവുന്നു.

ചൂചുകം. മുലക്കണ്ണ്. ചൂചുകം തന്നെ മുലക്കണ്ണായിരിക്കെ ഗുരു എന്തിന് 'കുച ചൂചുകം' എന്നു പറഞ്ഞു? സൃഷ്ടികർമ്മത്തിലും, ഉടനേ തുടരുങ്ങുന്ന സ്ഥിതി ഭാവത്തിലും ഇതിന്റെ രണ്ടിന്റെയും പ്രാധാന്യമാണ് വിഷയം. സ്ത്രീകളുടെ മുലക്കണ്ണ് ലൈംഗിക വികാരത്തിന്റെ ഒരു പ്രധാന ഇരിപ്പിടമാണ്. പുരുഷ ലിംഗ വിജൃംഭണം പോലെ തന്നെ സ്ത്രീകൾക്ക് മുലയും മുലക്കണ്ണും വിജൃംഭിക്കുന്നു. തുടർന്നുണ്ടാവാൻ പോകുന്ന ആനന്ദത്തിന്റെ ആദ്യസ് ഫുരണവും ഇതിൽ തുടങ്ങുന്നു. എന്നാൽ, ഇപ്പോൾ ജനിച്ച കുഞ്ഞിന് ജീവാമൃതമായ പാൽ, ഇതേ മുലകൾ തന്നെയാണ് നിമിഷങ്ങൾക്കുള്ളിൽ സംഭരിച്ച്, ചൂചുകങ്ങളിലൂടെ കുഞ്ഞിനു ചുരത്തികൊടുക്കുന്നത്.  ഈ വിശേഷം കൊണ്ടാണ് 'കുച ചൂചുകം' എന്ന് ഗുരു എടുത്തു പറഞ്ഞത്.
എന്നാൽ ഇവിടെ വിഷയം അത്രയുമല്ല! 'പൂമാതിൻ' കുച ചൂചുകങ്ങളാണ്. മഹാലക്ഷ്മിയുടെ. അതിൽ രതി മഹാലക്ഷ്മിയും മഹാവിഷ്ണുവുമായാണ്. അത് പ്രപഞ്ചസൃഷ്ടിയുടെ രതിയാണ്. ആ മുലകളിലെ ആനന്ദസ് ഫുരണം ഇന്ദ്രിയാതീതമായ സച്ചിദാനന്ദ സ് ഫുരണമാണ്. ജനിച്ചുവീണ 'സംസാരത്തിനെ' പാലൂട്ടി വളർത്തുന്ന മുലയും മുലക്കണ്ണുമാണ് 'പൂമാതിൻ കുച ചൂചുകം'. സ്രൃഷ്ടിയിൽ നിന്ന് സ്ഥിതിയിലേക്കുള്ള ഈ സംക്രമണത്തിലും നീ വൈഭവം പ്രകടിപ്പിച്ചു മേവുന്നു.

സ്ഥിതി:  കാമൻ. കാമ: എന്ന സംസ്കൃത പദം മലയാളത്തിലായത്.
"ഇച്ഛാ കാംക്ഷാ സ്പൃഹേഹാ തൃഡ്വാഞ്ഛാ ലിപ്സാ മനോരഥ:
കാമോZഭിലാഷസ്തർഷശ്ച സോZത്യർത്ഥം ലാലസാ ദ്വയോ:" (അമരം: 1.നാ.28)
എന്നതുകൊണ്ട് കാമൻ എന്നത് ഇച്ഛാ, ആഗ്രഹം, കാംക്ഷാ എന്നിങ്ങിനെ.

"ലക്ഷം ലക്ഷ്യം ശരവ്യഞ്ച ശരാഭ്യാസ ഉപാസനം
പൃഷത് കബാണ വിശിഖാ അജിഹ്മഗ-ഖഗാZശുഗാ:" (അമരം: 2.ക്ഷ.86)
എന്നതുകൊണ്ട് വിശിഖം എന്നത് ലക്ഷ്യം അല്ലെങ്കിൽ ഉന്നം. 

കാമൻ തൻ വിശിഖത്തിലും. ആഗ്രഹങ്ങളുടെ ലക്ഷ്യത്തിൽ. കാമം ജനിക്കുന്നത് 
"ധ്യായതോ വിഷായാൻ പുംസ: സംഗസ്തേഷൂപജായതെ സംഗാത് സംജായതെ കാമ:.." എന്ന് 'ശ്രീമന്മാധവൻ' തന്നെ പറഞ്ഞു വച്ചിട്ടുമുണ്ട്. ആ വിഷയങ്ങൾ തന്നെ കാമന്റെ ലക്ഷ്യവും. അങ്ങിനെ കാമലക്ഷ്യങ്ങളായ എല്ലാ വിഷയങ്ങളിലും നിറഞ്ഞ്, അതിൽ കുടുങ്ങി സംസാരം നിലനിൽകാൻ നീ സ്ഥിതി വൈഭവം പ്രകടിപ്പിച്ചു മേവുന്നു.

സോമൻ തൻ കിരണത്തിലും. സോമൻ ചന്ദ്രൻ. ചന്ദ്രകിരണങ്ങൾ അമൃത്. ചന്ദ്രമണ്ഡലത്തിൽനിന്നാണ് ചന്ദ്രകിരണങ്ങൾ പ്രവഹിക്കുന്നത്. സോമമണ്ഡലം കാമപ്രദമാണെന്നത് തന്ത്രത്തിൽ പ്രസിദ്ധം. മേൽ പറഞ്ഞ കാമലക്ഷ്യങ്ങൾ പ്രദാനം ചെയ്യുന്ന ചന്ദ്രകിരണങ്ങളിലും നീ സ്ഥിതിവൈഭവം പ്രകടിപ്പിച്ചു മേവുന്നു.

സംഹാരം: അനംഗാരാതി. അനംഗന്റെ കാമദേവന്റെ ശത്രു. ശിവൻ സംഹാരപ്രതീകം. അവന്റെ ഹൃത്തിൽ, മനസ്സിൽ തുടങ്ങും സംഹാരകർമ്മം. അവിടെയും നീ സംഹാര വൈഭവം പ്രകടിപ്പിച്ചു മേവുന്നു.

യതികൾ. ഇന്ദ്രിയം സംഹരിച്ചവർ. ജീവന്മുക്തർ. സംസാര വിനിർമുക്തർ. അവരുടെ ഭ്രൂമദ്ധ്യ ചക്രത്തിൽ ആജ്ഞാ ചക്രത്തിൽ. മനസ്തത്വവ്യാപകമായ അജ്ഞാ ചക്രത്തിൽ. എവിടെയാണോ പഞ്ചേന്ദ്രിയങ്ങളെ നിഗ്രഹിച്ച് അതിനെല്ലാം കാരണഭൂതമായ മനസ്തത്വത്തിൽ ലയിച്ചിരിക്കുന്നത് അവിടെ. അവിടെയും നീ സംഹാര വൈഭവം പ്രകടിപ്പിച്ചു മേവുന്നു.

ശ്രീമന്മാധവ. ശ്രീമൻ. ശ്രീ മഹാലക്ഷ്മി. മഹാലക്ഷ്മീ സമേത. മാധവ യാദവകുലത്തിൽ ജനിച്ചവനേ, മധു തേൻ നിറഞ്ഞവനേ, വസന്തമേ.
ഇങ്ങിനെ സൃഷ്ടി സ്ഥിതി സംഹാരാത്മകമായി എല്ലാടവും മേവുന്ന വിവിധങ്ങളായ ഭൂതികൾ അസ്തിത്വങ്ങൾ നിന്റെയാണ് എന്നറിഞ്ഞവൻ തന്നെയാണ് വിജ്ഞന്മാരിൽ വിശേഷജ്ഞാനം നേടിയവരിൽ ഉത്തമൻ ഏറ്റവും ഉയർന്നവൻ.

No comments:

Post a Comment

അഭിപ്രായം