Wednesday, May 6, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 89

<--മുൻപിലത്തേത്                                  തുടക്കം                                  അടുത്തത് -->

"ശ്രോണീബിംബമശേഷലോകലലനാ വിക്ഷോഭകം നിസ്തുലം
കാണിക്കീക്ഷണലക്ഷ്യമാകിലുളവാം സർഗ്ഗക്രിയാസ്തംഭനം
വാണീശന്നഴലേകുമെന്നുകരുതിച്ചാർത്തുന്നതാമബ്ഭവ-
ദ്രോണീനവ്യപതാകപോൽ വിലസിടും പീതാംബരത്തെബ്ഭജേ"

പദാർത്ഥം:
ശ്രോണീബിംബം = ആസനം
അശേഷ = ബാകിയില്ലാതെ എല്ലാ
ലോകലലനാ = ലോകത്തിലെ സ്ത്രീകൾക്കും
വിക്ഷോഭകം = കാമാസക്തി ഉണ്ടാക്കുന്നത്
നിസ്തുലം = താരതമ്യമില്ലാത്തത്
കാണിക്ക് = ക്ഷണനേരത്തിന്
ഈക്ഷണലക്ഷ്യം = കാഴ്ചക്ക് ലക്ഷ്യം
ആകിലുളവാം = ആയാൽ ഉണ്ടാവാം
സർഗ്ഗക്രിയാസ്തംഭനം = പ്രപഞ്ച സൃഷ്ടികൾ നിർമ്മിക്കുന്ന പ്രവൃത്തിക്ക് സ്തംഭനം
വാണീശന്നഴലേകുമെന്ന് = സരസ്വതിയുടെ ഈശന് കഷ്ടപ്പാടുണ്ടാക്കുമെന്ന്
കരുതിച്ചാർത്തുന്നതാം = വിചാരിച്ചിട്ട് അണിയുന്നതായ
അബ്ഭവദ്രോണീ = ആ പ്രപഞ്ചമാകുന്ന തോണിയുടെ
നവ്യപതാകപോൽ = പുതിയ കൊടിപോലെ
വിലസിടും = വിലസിക്കുന്ന
പീതാംബരത്തെ ബ്ഭജേ = മഞ്ഞ മുണ്ടിനെ ഭജിക്കുന്നു ഞാൻ.

ശ്ലോകാർത്ഥം:
വിസ്തൃതമായ നിതംബം, ബാക്കിയില്ലാതെ എല്ലാ ലോകത്തിലെ സ്ത്രീകൾക്കും കാമാസക്തി ഉണ്ടാക്കുന്നതാണ്. താരതമ്യമില്ലാത്ത അത്, ക്ഷണനേരത്തിന് കാഴ്ചക്ക് ലക്ഷ്യം ആയാൽ പ്രപഞ്ച സൃഷ്ടികൾ നിർമ്മിക്കുന്ന പ്രവൃത്തിക്ക് സ്തംഭനം ഉണ്ടാവാം. സരസ്വതിയുടെ ഈശന് കഷ്ടപ്പാടുണ്ടാക്കുമെന്ന് വിചാരിച്ചിട്ട് അണിയുന്നതായ ആ പ്രപഞ്ചമാകുന്ന തോണിയുടെ പുതിയ കൊടിപോലെ വിലസിക്കുന്ന മഞ്ഞ മുണ്ടിനെ ഭജിക്കുന്നു ഞാൻ.

വ്യാഖ്യാ:
ഭഗവാന്റെ നിതംബം കാണാനിടയായാൽ മഹാലക്ഷ്മിക്കു പോലും കാമാസക്തിയുണ്ടാകുന്നു. എന്നിരിക്കെ, പതിനാലുലോകങ്ങളിലെയും എല്ലാ ലലനകൾക്കും അതുണ്ടാവും. ഗോപികമാർക്ക് കൃഷ്ണനിലുണ്ടായതുപോലെ പ്രേമാത്മകഭക്തികൊണ്ട് അവരൊക്കെ സായൂജ്യം പ്രാപിക്കുകയും ചെയ്താൽ, സംസാരചക്രം നിശ്ചലമായിത്തീരും. അതുകൊണ്ട് അതു മറക്കാനാണ് ഭഗവാൻ ആ മഞ്ഞച്ചേല പുതക്കുന്നത്. അതാകട്ടെ സംസാരമാകുന്ന തോണിയുടെ കൊടിപോലെ പറന്നുലയുന്നു.

No comments:

Post a Comment

അഭിപ്രായം