Wednesday, May 6, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 90

<--മുൻപിലത്തേത്                                            തുടക്കം                              അടുത്തത് -->

"പത്മം ശംഖമിതി പ്രസിദ്ധനിധിയുഗ്മം വച്ചു പൂജിക്കുവാൻ
പത്മാസ്ത്രൻ വിരചിച്ച മഞ്ജുളമണിച്ചെപ്പെന്നു തോന്നും വിധം
പത്മാകാമുക നിസ്തുലാഭ ചിതറും ജാനുദ്വയം മന്മന:
പത്മത്തിങ്കലശേഷമംഗലമണച്ചെന്നും ലസിക്കേണമേ"

പദാർത്ഥം:
പത്മം ശംഖമിതി = പത്മം ശംഖം എന്ന്
പ്രസിദ്ധനിധിയുഗ്മം= പ്രസിദ്ധമായ രണ്ടുനിധികൾ
വച്ചു പൂജിക്കുവാൻ = (പ്രകടം)
പത്മാസ്ത്രൻ = കാമദേവൻ
വിരചിച്ച = ഉണ്ടാക്കിയ
മഞ്ജുളമണിച്ചെപ്പെന്നു = മനോഹരമായ മണിച്ചെപ്പ് എന്ന്
തോന്നും വിധം = തോന്നുന്ന വിധത്തിൽ
പത്മാകാമുക = മഹാലക്ഷ്മിയുടെ കാമുക
നിസ്തുലാഭ = താരതമ്യ്മില്ലാത്ത പ്രകാശം
ചിതറും = പരത്തുന്ന
ജാനുദ്വയം = രണ്ടു മുട്ടുകൾ
മന്മന:പത്മത്തിങ്കൽ = എന്റെ മനസ്സാകുന്ന താമരപ്പൂവിൽ
അശേഷമംഗലമണച്ച് = ബാക്കിയില്ലാതെ എല്ലാ മംഗലങ്ങളും എത്തിച്ച്
എന്നും ലസിക്കേണമേ = എന്നും പ്രകാശിക്കണേ

ശ്ലോകാർത്ഥം:
മഹാലക്ഷ്മിയുടെ കാമുക, പത്മം ശംഖം എന്ന് പ്രസിദ്ധമായ രണ്ടുനിധികൾ വച്ചു പൂജിക്കുവാൻ കാമദേവൻ ഉണ്ടാക്കിയ മനോഹരമായ മണിച്ചെപ്പ് എന്ന്  തോന്നുന്ന വിധത്തിൽ താരതമ്യമില്ലാത്ത പ്രകാശം പരത്തുന്ന രണ്ടു മുട്ടുകൾ, എന്റെ മനസ്സാകുന്ന താമരപ്പൂവിൽ ബാക്കിയില്ലാതെ എല്ലാ മംഗലങ്ങളും എത്തിച്ച് എന്നും പ്രകാശിക്കണേ.

വ്യാഖ്യാ:
അംഗോപാംഗവർണ്ണനം തുടരുന്നു. ഇവിടെ മുട്ടുകളെ നവ നിധികളിൽ പ്രധാനമായ രണ്ടെണ്ണമായ പത്മം, ശംഖം എന്നിവ വച്ച് പൂജിക്കാൻ കാമദേവൻ തീർത്ത മണിച്ചെപ്പിനോടുപമിക്കുന്നു.
ഓരോ അംഗങ്ങളും ധ്യാനിക്കുമ്പോഴും പുരുഷാർത്ഥങ്ങൾ സിദ്ധിക്കുന്നു. എന്നാറെ ആകപ്പാടെ ധ്യാനിച്ചാൽ എന്തായിരിക്കും?

No comments:

Post a Comment

അഭിപ്രായം