Tuesday, May 5, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 88

<--മുൻപിലത്തേത്                            തുടക്കം                                   അടുത്തത് -->

"സൗന്ദര്യാഖിലസാരമായ് മരതകസ്തംഭാഭമായ് കണ്ണിനാ-
നന്ദം ഭാർഗ്ഗവ നന്ദിനിക്കനിശമേകീടും തവോരുദ്വയം
കന്ദർപ്പൻ ഗതദർപ്പനായ്ച്ചിരമുപാസിച്ചിത്രിലോകത്തെ നിഷ്-
പന്ദം വെന്നു ഭരിക്കുവാൻ ചതുരനായ് തീർന്നെന്നു തോന്നുന്നു മേ"

പദാർത്ഥം:
സൗന്ദര്യാഖില സാരമായ് = സകല സൗന്ദര്യത്തിന്റെയും അർത്ഥമായ്
മരതകസ്തംഭാഭമായ് = മരതകക്കല്ലുകൊണ്ടുണ്ടാക്കിയ തൂണിനു സമമായ്
കണ്ണിനാനന്ദം = (പ്രകടം)
ഭാർഗ്ഗവ നന്ദിനിക്ക് = ഭൃഗുവിന്റെ പുത്രന്റെ പുത്രിക്ക്
അനിശമേകീടും = രാപകൽ കൊടുക്കുന്ന
തവോരുദ്വയം = അവിടുത്തെ രണ്ടു തുടകൾ
കന്ദർപ്പൻ = കാമദേവൻ
ഗതദർപ്പനായ് = നഷ്ടപ്പെട്ട അഹങ്കാരത്തോടെ
ചിരമുപാസിച്ച് = വളരെക്കാലം ഉപാസന ചെയ്ത്
ഇത്രിലോകത്തെ = മൂന്നുലോകങ്ങളെയും
നിഷ്പന്ദം = ഇളക്കമില്ലതെ
വെന്നു ഭരിക്കുവാൻ = കീഴടക്കി ഭരിക്കുവാൻ
ചതുരനായ്തീർന്നെന്നു  = കഴിവുറ്റവനായിത്തീർന്നു എന്ന്
തോന്നുന്നു = (പ്രകടം)
മേ = എനിക്ക്

ശ്ലോകാർത്ഥം:
സകല സൗന്ദര്യത്തിന്റെയും അർത്ഥമായി മരതകക്കല്ലുകൊണ്ടുണ്ടാക്കിയ തൂണിനു സമമായി, ഭൃഗുവിന്റെ പുത്രന്റെ പുത്രിക്ക് രാപകൽ കണ്ണിനാനന്ദം കൊടുക്കുന്ന, അവിടുത്തെ രണ്ടു തുടകൾ, കാമദേവൻ നഷ്ടപ്പെട്ട അഹങ്കാരത്തോടെ വളരെക്കാലം ഉപാസന ചെയ്തിട്ട്, മൂന്നുലോകങ്ങളെയും ഇളക്കമില്ലതെ കീഴടക്കി ഭരിക്കുവാൻ കഴിവുറ്റവനായിത്തീർന്നു, എന്നെനിക്കു തോന്നുന്നു.

വ്യാഖ്യാ:
ഭൃഗുവിന്റെ പുത്രൻ ഖ്യാതി. ഖ്യാതിയുടെ പുത്രി ലക്ഷ്മി.
കാമദേവൻ എല്ലാ രതിസൗന്ദര്യത്തിന്റെയും അധിപനാണല്ലോ. ആ കാമദേവൻ പോലും ലക്ഷ്മിയുടെ കണ്ണിന് രാപകൽ ആനന്ദം കൊടുക്കുന്ന അങ്ങയുടെ തുടകൾ കണ്ട് അഹങ്കാരം നഷ്ടപ്പെട്ടവനാകുന്നു. അങ്ങിനെ അവൻ അനേകകാലം ആ തുടകളെ ഉപാസനചെയ്തിട്ടാണ് ഒരിളക്കം പോലുമില്ലാതെ, ഇടതടവില്ലാതെ, മൂന്നുലോകങ്ങളെയും കീഴടക്കി ഭരിക്കുവാൻ ശക്തി നേടുന്നത്, എന്ന് കവി ശങ്കിക്കുന്നു.

1 comment:

  1. ശ്രീ രാധയെ കുറിച്ചു പറയുന്നതു മാറി കൃഷ്ണനെ കുറിച്ചു അർത്ഥം വെക്കുന്നതു ശരിയല്ല.

    ReplyDelete

അഭിപ്രായം