Tuesday, May 5, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 78

<--മുൻപിലത്തേത്                                     തുടക്കം                             അടുത്തത്-->
"ചില്ലീവില്ലതിമോഹനം ഹരവിരിഞ്ചേന്ദ്രാദ്യരുൽക്കണ്ഠപൂണ്ട-
ല്ലീതച്ചലനത്തെ നോക്കി മരുവീടുന്നൂ സദാ കാലവും
ചില്ലീലാസ്പദമാമതൊന്നുയരുകിൽക്കല്പാന്തമായീ വിഭോ
സല്ലീലം വിചലിക്കിലോ ഭുവനസർഗ്ഗാരംഭമെന്തൽഭുതം!"

പദാർത്ഥം:
ചില്ലീ വില്ല് = പുരികങ്ങളാകുന്ന വില്ല്
അതിമോഹനം = (പ്രകടം)
ഹര വിരിഞ്ചേ ന്ദ്രാദ്യർ = രുദ്രൻ, ബ്രഹ്മാവ്, ഇന്ദ്രൻ തുടങ്ങിയവർ
ഉൽക്കണ്ഠപൂണ്ടല്ലീത് = ഉൽക്കണ്ഠയോടെയല്ലേ
അച്ചലനത്തെ നോക്കി = ആ ചലനത്തെ നോക്കി
മരുവീടുന്നൂ സദാ കാലവും = എല്ലാ കാലത്തും ജീവിക്കുന്നത്
ചില്ലീലാസ്പദമാം = ചിത് ന്റെ ലീലാ വിലാസങ്ങൾക്ക് അടിസ്ഥാനമായ
അതൊന്നുയരുകിൽ = (പ്രകടം)
കല്പാന്തമായീ = പ്രപഞ്ചത്തിന്റെ അവസാനമായ പ്രളയമായി
വിഭോ = അല്ലയോ വിഭൂ
സല്ലീലം = ലീലയോടുകൂടി
വിചലിക്കിലോ = ഓടുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും വിറക്കുകയാണെങ്കിലോ
ഭുവനസർഗ്ഗാരംഭം = പ്രപഞ്ചത്തിന്റെ നിർമ്മാണം വീണ്ടും തുടങ്ങുന്നു
എന്തൽഭുതം = (പ്രകടം)

ശ്ലോകാർത്ഥം:
പുരികങ്ങളാകുന്ന വില്ല് അതിമോഹനമാണ്. രുദ്രൻ, ബ്രഹ്മാവ്, ഇന്ദ്രൻ തുടങ്ങിയവർ എല്ലാ കാലത്തും ജീവിക്കുന്നത്, ഉൽക്കണ്ഠയോടെ ആ ചലനത്തെ നോക്കിക്കൊണ്ടല്ലേ.
ചിത് (ബ്രഹ്മം) ന്റെ ലീലാ വിലാസങ്ങൾക്ക് അടിസ്ഥാനമായ അതൊന്നുയരുകിൽ പ്രപഞ്ചത്തിന്റെ അവസാനമായ പ്രളയമായി. അല്ലയോ വിഭൂ, ലീലയോടുകൂടി ഓടുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും വിറക്കുകയാണെങ്കിലോ പ്രപഞ്ചത്തിന്റെ നിർമ്മാണം വീണ്ടും തുടങ്ങുന്നു. എന്തൽഭുതം.

വ്യാഖ്യാ:
പുരികങ്ങൾ ഉയർത്തുന്നത് സാധാരണയായി അവജ്ഞ, വെറുപ്പ് മുതലായതിനെ ദ്യോതിപ്പിക്കുന്നു. അവിടുത്തെ പുരികങ്ങൾ ഉയർന്നാൽ പ്രപഞ്ചം അവസാനിച്ചു. അതു തന്നെ ലീലയായി (ലീല എന്ന പദത്തെ കാവ്യത്തിന്റെ ആദ്യഭാഗത്തിൽ ത്തന്നെ വിസ്തരിച്ച് വ്യാഖ്യാനിച്ചിട്ടുണ്ട്) ഇളകുമ്പോൾ വീണ്ടും പ്രപഞ്ചത്തിന്റെ സൃഷ്ടി ആരംഭിക്കുന്നു. സൃഷ്ടിസംഹാരങ്ങൾക്ക് അവിടുത്തെ പുരികത്തിന്റെ വിവിധ ചലങ്ങൾ മതി. സ്ഥിതി അങ്ങു തന്നെ നോക്കി നടത്തുന്നു. സൃഷ്ടി നടത്തുന്ന ബ്രഹ്മാവും, സംഹാരം നടത്തുന്ന രുദ്രനും താന്താങ്ങളുടെ കർമ്മപ്രചോദനത്തിന് അവിടുത്തെ പുരികചലനം, ഉൽക്കണ്ഠയോടെയല്ലാതെങ്ങിനെ നോക്കി നിൽക്കും!

No comments:

Post a Comment

അഭിപ്രായം