Monday, May 4, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 75

<--മുൻപിലത്തേത്                                 തുടക്കം                          അടുത്തത്-->
"കല്പാന്തേ വിലയം ഭയന്ന രവിതൻ സാഹസ്രകദ്വാദശം
ത്വല്പാദേ ശരണം ഗമിക്കെ വളരും കാരുണ്യപൂരത്തിനാൽ
നല്പാഥോജകരേ ഗ്രഹിച്ചഭയമേകാനായ് കിരീടത്തില-
ങ്ങുല്പന്ന പ്രണയേന നന്മണികളായ് ബന്ധിച്ചുവെന്നാകുമോ?"

പദാർത്ഥം:
കല്പാന്തേ = പ്രളയകാലത്ത്
വിലയം ഭയന്ന = (പ്രളയത്തിൽ) ലയിച്ചില്ലാതാകുന്നതിനെ ഭയന്ന
രവിതൻ സാഹസ്രകദ്വാദശം = അസംഖ്യം ദ്വാദശാദിത്യന്മാർ
ത്വല്പാദേ ശരണം ഗമിക്കെ = അവിടുത്തെ കാലിൽ ശരണം ചെല്ലുമ്പോൾ
വളരും കാരുണ്യപൂരത്തിനാൽ = വളരുന്ന കരുണാ സാഗരം കൊണ്ട്
നല്പാഥോജ കരേ = നല്ല താമരയാകുന്ന കയ്യിൽ
ഗ്രഹിച്ചഭയമേകാനായ് = പിടിച്ച് ഭയം മാറ്റി ആശ്രയം കൊടുക്കാനായ്
കിരീടത്തിലങ്ങ് = അങ്ങ് അങ്ങയുടെ കിരീടത്തിൽ
ഉല്പന്ന പ്രണയേന = ഉണ്ടായ സ്നേഹവായ്പോടെ
നന്മണികളായ് ബന്ധിച്ചുവെന്നാകുമോ = നല്ല രത്നക്കല്ലുകളായ് ചേർത്തുവച്ചതാണോ

ശ്ലോകാർത്ഥം:
എണ്ണമില്ലാത്ത ദ്വാദശാദിത്യന്മാർ (പന്ത്രണ്ട് സൂര്യന്മാർ) ലോകാവസാനമായ പ്രളയത്തിൽ, തങ്ങളും ലയിച്ച് ഇല്ലാതാകുന്നതിനെ ഭയന്ന് അവിടുത്തെ പാദത്തിൽ ശരണം പ്രാപിക്കുമ്പോൾ, വളരുന്ന കരുണാസാഗരത്തിനാൽ അഭയം നൽകുന്നതിനായി, നല്ല താമരപ്പൂവിനു സമമായ കയ്യാൽ പിടിച്ച് കിരീടത്തിൽ രത്നങ്ങളായ് ചേർത്തുവച്ചതാണോ?

വ്യാഖ്യാ:
ദാർശനികത്വത്തിനെക്കാൾ കവിത്വം വർദ്ധമാനമാകുന്ന ശ്ലോകദ്വയം, ഇതും മുൻപിലത്തേതും. മുൻപിലത്തെ ശ്ലോകത്തിൽ അവിടുത്തെ കിരീടത്തിൽ തിളങ്ങുന്ന മഞ്ഞുസമാനവും പ്രപഞ്ചത്തിന്റെ ഇരുട്ടു മാറ്റുന്നതുമായ അസംഖ്യം സൂര്യന്മാരെ, മഴവില്ലൊളി ചിന്തുന്ന രത്നങ്ങളായുപമിച്ചു. ഇവിടെ ആ രത്നക്കല്ലുകൾ അങ്ങുതന്നെ അഭയം നൽകാനായ് സ്ഥാപിച്ച അസംഖ്യം ദ്വാദശാദിത്യന്മാരല്ലേ എന്ന ഉല്പ്രേക്ഷ! ഹാ!

ദ്വാദശാദിത്യന്മാർ: ധാതാവ്, മിത്രൻ, അര്യമാവ്, രുദ്രൻ, വരുണൻ, സൂര്യൻ, ഭഗൻ, വിവസ്വാൻ, പൂഷാവ്, സവിതാവ്, വിഷ്ണു എന്നിവർ

No comments:

Post a Comment

അഭിപ്രായം