Tuesday, April 21, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 70

<--മുൻപിലത്തേത്                                    തുടക്കം                          അടുത്തത് ->
"കണ്ടീടുതുന്നശേഷവും രുചിരമാം ത്വദ്രൂപമായീടണേ
മിണ്ടീടുന്നതു താവക സ്തുതികളായ് തീരേണമേ സർവ്വദാ
മണ്ടീടൊല്ലൊരിടത്തുമെന്റെ മനമപ്പാദാംബുജം വിട്ടു കൈ-
ക്കൊണ്ടീടേണമിവന്റെ പൂജയെ വിഭോ കുറ്റങ്ങളുണ്ടെങ്കിലും"

പദാർത്ഥം:
കണ്ടീടുന്നത് = കാണുന്നത്
അശേഷവും = ഒന്നും ബാക്കിയില്ലാതെ എല്ലാം
രുചിരമാം = സ്വാദുള്ള
ത്വദ്രൂപമായീടണേ = അവിടുത്തെ രൂപമായീടണേ
മിണ്ടീടുന്നത് = മിണ്ടുന്നത്
താവക = അവിടുത്തെ
സ്തുതികളായ്തീരേണമേ = (പ്രകടം)
സർവദാ = എല്ലായ്പോഴും
മണ്ടീടൊല്ല = അലയരുത്
ഒരിടത്തും = മറ്റൊരു സ്ഥലത്തും
എന്റെ മനം = എന്റെ മനസ്സ്
അപ്പാദാംബുജം = അങ്ങയുടെ കാലുകളാകുന്ന താമരപ്പൂ
വിട്ട് = കൈവിട്ടുപോയിട്ട്
കൈക്കൊണ്ടീടേണമിവന്റെ പൂജയെ = എന്റെ പൂജ സ്വീകരിക്കണം
വിഭോ കുറ്റങ്ങളുണ്ടെങ്കിലും = അല്ലയോ വിഷ്ണൂ, എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ പോലും.

ശ്ലോകാർത്ഥം:
കാണുന്നത് ഒന്നും ബാക്കിയില്ലാതെ എല്ലാം സ്വാദുള്ള അവിടുത്തെ രൂപമായീടണേ. മിണ്ടുന്നത് എല്ലായ്പോഴും അവിടുത്തെ സ്തുതികളായിത്തീരണേ. മറ്റൊരു സ്ഥലത്തും എന്റെ മനസ്സ് അങ്ങയുടെ കാലുകളാകുന്ന താമരപ്പൂ കൈവിട്ടുപോയിട്ട് അലയരുത്. അല്ലയോ വിഷ്ണൂ, എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ പോലും എന്റെ പൂജ സ്വീകരിക്കണം

വ്യാഖ്യാ:
എന്റെ ഈ ഗുരു പരമഗുരുവിനെ കണ്ടെത്തുന്നതിന് നാലുവർഷം മുമ്പെഴുതിയ സ്തോത്രമാണിത്. അന്നു തന്റെ ഗുരുവിന്റെ അച്ഛന്റെ രീതിയനുസരിച്ചുള്ള പൂജ ഗുരു ചെയ്തിരുന്നു. ഇതിലിടെ അടുത്തുള്ള കണ്ണാടി ക്ഷേത്രത്തിലെ ട്രസ്റ്റീഷിപ് കൂടി കിട്ടിയ കാലത്താണിതെഴുതുന്നത്. കണ്ണാടി മുകുരം ആണ്. ഗുരു എഴുതിയ മന്ത്രാക്ഷരമാലാ സ്തോത്രത്തിന് ‘മുകുരേശ്വരീ സുപ്രഭാതം’ എന്നാണ് പേരുകൊടുത്തിരുന്നത്. ആ ദേവിയേയും ഗുരു വിഷ്ണുമായയായാണ് സങ്കല്പിച്ചിരുന്നത്.

ഈ ശ്ലോകത്തിന് ആദി ശങ്കരന്റെ സൗന്ദര്യലഹരിയിലെ ‘ജപോ ജല്പ:...’ എന്നു തുടങ്ങുന്ന ശ്ലോകവുമായുള്ള സാമ്യം പ്രകടം. ‘പ്രാത: പ്രഭൃതി സായാന്തം സായാദി പ്രാതരന്തത: യത് കരോമി ജഗന്മാത തദസ്തു തവ പൂജനം’ (കാലത്തുമുതൽ വൈകുന്നവരെയും വൈകിട്ടുമുതൽ കാലത്തുവരെയും ഞാൻ ചെയ്യുന്നതെല്ലാം പ്രപഞ്ചത്തിന്റെ അമ്മേ, അവിടുത്തെ പൂജയായി തീരേണമേ), എന്ന, ചെയ്യാൻ പോകുന്ന സകലതും പൂജയാക്കുന്ന പ്രാർത്ഥനയും, ‘ഇത:പൂർവം പ്രാണബുദ്ധി ദേഹ:...തത്സർവം ബ്രഹ്മാർപ്പണമസ്തു’ (ഇതുവരെ ഞാൻ മനോബുദ്ധിദേഹാദികളാൽ ഉണർന്നിരിക്കുമ്പോഴും, സ്വപ്നാവസ്ഥയിലും, സുഷുപ്തിയിലും എന്റെ ധർമ്മം നിർവഹിക്കുന്നതിനായി,  ചെയ്തതും ചിന്തിച്ചതും പറഞ്ഞതും എല്ലാം ബ്രഹ്മാർപ്പണമാവട്ടെ) എന്ന, ചെയ്തുകഴിഞ്ഞ സകലതും ബ്രഹ്മാർപ്പണമാക്കുന്ന പ്രാർത്ഥനയും, എല്ലാം, ‘നാം ഈ ലോകത്ത് ജീവിക്കുന്നു’ എന്നതാണ് പൂജ എന്ന സങ്കല്പത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പക്ഷേ സ്വന്തം ധർമ്മമെന്താണെന്നറിഞ്ഞ്, അതു നിലനിർത്താൻ വേണ്ട പുരുഷാർത്ഥങ്ങളെല്ലാം നേടാൻ വേണ്ടിയാണ് ഞാൻ ജീവിക്കുന്നതെന്ന ആ സങ്കല്പം മനനം ചെയ്ത് ചെയ്യുന്ന കർമ്മങ്ങൾക്കു മാത്രമേ ഈ യോഗ്യതയുള്ളു. അല്ലാതെ, ‘ഓ ഞാൻ ചെയ്യുന്നതെല്ലാം ബ്രഹ്മത്തിനല്ലേ, എങ്കിൽ ഇതും ചെയ്യാം’ എന്ന് ഏത് ‘അധർമ്മപ്രവൃത്തികളേയും’ ന്യായീകരിക്കാനുള്ള സങ്കല്പമല്ലത്.

No comments:

Post a Comment

അഭിപ്രായം