Monday, April 20, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 68

<--മുൻപിലത്തേത്                                    തുടക്കം                         അടുത്തത് ->
"എല്ലാമീവകയോർത്തുകൊണ്ടിത വചോകൽഹാരപുഷ്പങ്ങളെ-
ചൊല്ലർന്നുള്ളൊരു ഭക്തിയാമമലസൂത്രത്താൽ നിബദ്ധ്വാ ഹരേ
ഉല്ലാസം ബുധമാനസത്തിനരുളുന്നീസ്തോത്രമാല്യം രചി-
ച്ചെല്ലാ മംഗലവും തരാൻ തവപദേ പ്രേമ്ണാ സമർപ്പിപ്പു ഞാൻ."

പദാർത്ഥം:
എല്ലാമീവക = ഇങ്ങിനെയുള്ള കാര്യങ്ങളെല്ലാം
ഓർത്തുകൊണ്ടിത = ഓർമ്മിച്ചുകൊണ്ട് ഇതാ
വചോകൽഹാര പുഷ്പങ്ങളെ = വാക്കുകളാകുന്ന സൗഗന്ധികപുഷ്പങ്ങളെ
ചൊല്ലാർന്നുള്ളൊരു ഭക്തിയാം = പ്രസിദ്ധമായ ഭക്തിയാകുന്ന
അമലസൂത്രത്താൽ = കളങ്കമില്ലാത്ത നൂലിനാൽ
നിബദ്ധ്വാ = കോർത്തിട്ട്
ഹരേ = അല്ലയോ വിഷ്ണൂ
ഉല്ലാസം = ആനന്ദം
ബുധമാനസത്തിന് = അറിവുള്ളവരുടെ മനസ്സിന്
അരുളുന്ന = കൊടുക്കുന്ന
ഈ സ്ത്രോത്രമാല്യം = ഈ സ്തോത്രമാകുന്ന മാല
രചിച്ച് = എഴുതിയിട്ട്
എല്ലാ മംഗലവും തരാൻ = (പ്രകടം)
തവ പദേ = അവിടുത്തെ കാലടികളിൽ
പ്രേമ്ണാ = പ്രേമത്തോടുകൂടി.
സമർപ്പിപ്പു ഞാൻ = ഞാൻ പൂർണ്ണമായും വയ്കുന്നു.

ശ്ലോകാർത്ഥം:
അല്ലയോ വിഷ്ണോ, ഇങ്ങിനെയെല്ലാം ചിന്തിച്ചുകൊണ്ട്, ഇതാ, വാക്കുകളാകുന്ന സൗഗന്ധിക പുഷ്പങ്ങളെ, പ്രസിദ്ധമായ ഭക്തിയാകുന്ന കളങ്കമില്ലാത്ത നൂലിൽ കോർത്ത്, അറിവുള്ളവരുടെ മനസ്സിന് സന്തോഷം പകരുന്ന ഈ സ്തോത്രമാകുന്ന മാല എഴുതി, എല്ലാ നന്മകളും തരുവാൻ അവിടുത്തെ പാദങ്ങളിൽ പ്രേമത്തോടെ പൂർണ്ണമായും വച്ചുകൊള്ളുന്നു.

വ്യാഖ്യാ:
തീവ്രവും ശുദ്ധവുമായ ഭക്തിയാണ് ഇത്തരം വാക്കുകളെ കോർത്തിണക്കാൻ ഭക്തനെ സഹായിക്കുന്നത് എന്നു വ്യക്തമാക്കുന്ന വചോകൽഹാരപുഷ്പങ്ങളും, ഭക്തിയാമമലസൂത്രവും തരുന്ന രൂപകങ്ങൾ. ഈ സ്തോത്രം അറിവുള്ളവർക്കേ ആനന്ദം നൽകാനുതകൂ എന്ന് വ്യക്തമാക്കുന്നു ഗുരു. എന്താണ് വേണ്ടത് എന്ന് ഭക്തൻ പ്രകടമായി പറയില്ല. ‘എല്ല മംഗലവും’ എന്ന് ഭഗവാന്റെ ഇച്ഛക്ക് വിട്ടുകൊടുത്തു. രണ്ടുകൊല്ലത്തിനുള്ളിൽ ഭഗവാൻ, ശ്രീവിദ്യാ മാർഗ്ഗത്തിലെ എറ്റവും പുരാതനവും പ്രൗഢവുമായ ഭാസ്കരരായ പരമ്പരയിലെ പത്താമത്തെ ഗുരുവായ രാമേശ്വരത്തെ നീലകണ്ഠമഹാദേവ ജോഷിജിയെ ഈ ഗുരുനാഥനു ഗുരുവായും, ഗുരുവിനെ ആ പരമഗുരുവിന്റെ കേരളത്തിലെ ആദ്യത്തെ ശിഷ്യനായും കൊടുത്തു.

അതി തീവ്രമായ ഹൃദയ വ്യഥകളിൽ നിന്നാണ് പ്രൗഢകാവ്യങ്ങൾ ജനിക്കുന്നത് എന്നതെത്ര സത്യം.

No comments:

Post a Comment

അഭിപ്രായം