Monday, April 20, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 67

<--മുൻപിലത്തേത്                                   തുടക്കം                                 അടുത്തത് ->
"ധ്യാനത്തിങ്കലിളക്കമറ്റു നിലകൊള്ളുന്നീല മന്മാനസം
നൂനം യോഗമതീവദുഷ്കരമെനിക്കില്ലാ മനോദാർഢ്യവും
ശ്രീനാരയണ നാമകീർത്തനവുമേ മുട്ടാതെ ചെയ്തീടുവാൻ
ഞാനാളല്ലുദരം ഭരിക്കുവതിനായ് കൃത്യാന്തരവ്യാപൃതൻ."

പദാർത്ഥം:
ധ്യാനത്തിങ്കൽ = ധ്യാനിച്ചിരിക്കുന്ന സമയത്ത്
ഇളക്കമറ്റു = ധ്യാനിക്കുന്ന പദാർത്ഥത്തിൽ ഉറച്ച്
നിലകൊള്ളുന്നീല = നിൽക്കുന്നില്ല
മന്മാനസം = എന്റെ മനസ്സ്
നൂനം = തീർച്ചയായും
യോഗം = യോഗവിദ്യ / ധ്യാനിക്കപ്പെടുന്ന പദാർത്ഥവുമായുള്ള ചേർച്ച
അതീവ ദുഷ്കരം = ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ളത്
എനിക്കില്ലാ മനോദാർഢ്യവും = എനിക്ക് മനസ്സിന് ഉറപ്പുമില്ല
ശ്രീ നാരായണ നാമകീർത്തനവുമേ = മഹാവിഷ്ണുവിന്റെ നാമം പാടൽപോലും
മുട്ടാതെ ചെയ്തീടുവാൻ = ഇടതടവില്ലാതെ ചെയ്യുവാൻ
ഞാനാളല്ല = എനിക്ക് കഴിയില്ല
ഉദരം ഭരിക്കുവതിനായ് = വയറു നിറക്കാൻ
കൃത്യാന്തരവ്യാപൃതൻ = മറ്റു പ്രവൃത്തികളിൽ മുഴുകിയവൻ.

ശ്ലോകാർത്ഥം:
ധ്യാനിക്കുന്ന സമയത്ത്, ധ്യാനം ചെയ്യപ്പെടുന്ന പദാർത്ഥത്തിൽ എന്റെ മനസ്സ് ഇളക്കമറ്റു നിലകൊള്ളുന്നില്ല. അതുകൊണ്ടു തന്നെ ആ പദാർത്ഥവുമായുള്ള യോഗം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ളതാണ്. എനിക്ക് മനസ്സിന് ഉറപ്പുമില്ല. ഇടതടവില്ലാതെ ശ്രീ നാരയണന്റെ നാമങ്ങൾ പാടാൻ പോലും എനിക്ക് കഴിയില്ല. (ഞാൻ) വയറു നിറക്കുന്നതിനു വേണ്ടി മറ്റു പ്രവൃത്തികളിൽ മുഴുകിയവനാണ്.

വ്യാഖ്യാ:
ഇവിടെയും ഗുരു സാധനാ മാർഗ്ഗത്തിലെ തന്റെ കഠിനതകളെ പാടുന്നു. ‘യമനിയമാസനപ്രാണായാമപ്രത്യാഹാരധാരണാധ്യാനസമാധീത്യാദയോഷ്ടാംഗമാർഗ്ഗ:’ എന്ന വാക്യമനുസരിച്ച് ധ്യാനം ധാരണ (മനസ്സിനെ ഉറപ്പിച്ച സ്ഥലത്തു തന്നെ നിലനിർത്തുക) കഴിഞ്ഞ ഉടനെ വരുന്ന അവസ്ഥയാണ്. അതുകൊണ്ട് യോഗമാർഗ്ഗവും സ്വയം കഠിനമായിത്തീരുന്നു. അത് മനസ്സിന് ദാർഢ്യമില്ലാഞ്ഞിട്ടാണെന്നും ഭക്തനറിയുന്നു. ഇതുവരെ പുകഴ്ത്തിക്കൊണ്ടിരുന്ന ശ്രീ നാരായണനാമസങ്കീർത്തനത്തിന്റെ ഗുണം അറിയാം, അതു പോലും കഴിയുന്നില്ല. ധർമ്മാനുസൃതമായ അർത്ഥകാമാദി സമ്പാദനത്തിനായുള്ള കർമ്മത്തിൽ മുഴുകിയതുകൊണ്ടാണെന്നും അറിയുന്നു. അത്, ധർമ്മാനുസൃതമായതുകൊണ്ട് അതും വിടാൻ നിവൃത്തിയില്ല.

No comments:

Post a Comment

അഭിപ്രായം