Monday, April 20, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 66

<--മുൻപിലത്തേത്                                    തുടക്കം                          അടുത്തത് ->
"വേദാംഭോധിയിലൂളിയിട്ടു തിരയാൻ കെല്പില്ലെനിക്കേതുമേ
വേദാന്തപ്പടുകാട്ടിനുള്ളിലലയാനില്ലേതുമുൽസാഹവും
നാദാദ്ധ്വാവതി ദുർഘടം നിശിതശല്യാകീർണ്ണ മൂന്നീടുകിൽ
പാദം നൊന്തിടുമത്രയല്ല വഴികാട്ടാനില്ലൊരാളും വിഭോ"

പദാർത്ഥം:
വേദാംഭോധിയിൽ = വേദമാകുന്ന കടലിൽ
ഊളിയിട്ടു തിരയാൻ = മുങ്ങിത്തപ്പാൻ
കെല്പില്ല = ശക്തിയില്ല
എനിക്കേതുമേ = എനിക്ക് അല്പം പോലും
വേദാന്തപ്പടുകാട്ടിനുള്ളിൽ = വേദാന്തമാകുന്ന ദുഷിച്ചകാട്ടിനുള്ളിൽ
അലയാനില്ലേതുമുൽസാഹവും = അലയാൻ അല്പമ്പോലും ഉൽസാഹമില്ല.
നാദ = നാദത്തിലുള്ള (നാദബ്രഹ്മം)
അദ്ധ്വാവ് = യാത്ര
അതി ദുർഘടം = വളരെ വിഷമം പിടിച്ചത്
നിശിത = കടുത്ത
ശല്യാകീർണ്ണം = പലവിധ ഉപദ്രവങ്ങളാൽ കെട്ടു പിണഞ്ഞത്
ഊന്നീടുകിൽ = നിലത്ത് കാലു കുത്തിയാൽ
പാദം നൊന്തിടും = കാൽ വേദനിക്കും
അത്രയല്ല = അത്ര മാത്രമല്ല
വഴികാട്ടാനില്ലൊരാളും വിഭോ = ഹേ വിഭോ, വഴി കാട്ടാാൻ ഒരാളുമില്ല

ശ്ലോകാർത്ഥം:
വേദാംഭോധിയിലൂളിയിട്ടു തിരയാൻ കെല്പില്ലെനിക്കേതുമേ
വേദാന്തപ്പടുകാട്ടിനുള്ളിലലയാനില്ലേതുമുൽസാഹവും
നാദാദ്ധ്വാവതി ദുർഘടം നിശിതശല്യാകീർണ്ണ മൂന്നീടുകിൽ
പാദം നൊന്തിടുമത്രയല്ല വഴികാട്ടാനില്ലൊരാളും വിഭോ
എനിക്ക് വേദക്കടലിൽ മുങ്ങിത്തിരയാൻ അല്പം പോലും ശക്തിയില്ല. വേദാന്തമാകുന്ന ദുഷിച്ച കാടിനുള്ളിൽ അലയാൻ ഒട്ടും ഉൽസാഹവുമില്ല. നാദം (പ്രണവം) പിന്തുടരുന്ന വഴി വളരെ വിഷമം പിടിച്ചതാണ്, കടുത്ത പലവിധ ഉപദ്രവങ്ങളാൽ കെട്ടുപിണഞ്ഞതുമാണ്. താഴെ കുത്തിയാൽ പാദം വേദനിക്കും. അത്രയൊന്നുമല്ല വഴികാട്ടാൻ ഒരാളുമില്ല വിഭോ.

വ്യാഖ്യാ:
ഇതുമുതൽ മൂന്നു ശ്ലോകങ്ങളിൽ, ഗുരു വീണ്ടും അകളങ്കഭക്തിയെപ്പറ്റി തന്നെ വിവരിക്കുന്നു. വേദക്കടൽ, വേദാന്തപ്പടുകാട്, ഇവയിലൊന്നും എനിക്ക് താല്പര്യമില്ല. ഓങ്കാരമാകുന്ന നാദ ധ്യാനം തുടരാനുള്ള വഴി വളരെ ബുദ്ധിമുട്ടാണ്. പലവിധ ശല്യങ്ങളൂം അതിനുണ്ടാവും. ഭൗതിക ജീവിതത്തിലെ കെട്ടുപാടുകളാണ് ഗുരു ഇവിടെ ശല്യങ്ങൾകൊണ്ടുദ്ദേശിക്കുന്നത്. ആ വഴിയിലാണെങ്കിലോ, കാൽ നിലത്തുകുത്തിയാൽ വേദനിക്കും. അതു മാത്രമല്ല വഴികാട്ടാൻ ഒരാളുമില്ല.

"വഴികാട്ടാനില്ലൊരാളും വിഭോ"എന്ന രോദനം മഹാവിഷ്ണുവിന്റെ കർണ്ണത്തിൽ ചെതു പതിച്ചു എന്നത് അത്ഭുതമല്ല, അതാണ് ഗുരുവിനെ അന്വേഷിക്കുന്ന ഒരു ഭക്തന്റെ വിളിയുടെ ശക്തി. 1969 ലാണ് ഗുരു ഇതാദ്യമായി പ്രസിദ്ധീകരിക്കുന്നത്.  മുഖവുരയിൽ പറയുന്ന പ്രകാരം അതിനു രണ്ടു വർഷം മുമ്പ്, 1967 ൽ ആണ് ഇതിന്റെ രചന ഗുരു തുടങ്ങുന്നത്. അത് പരമഗുരുവിനെ കണ്ടെത്തുന്നതിനു മുൻപായിരുന്നതുകൊണ്ടായിരിക്കാം ഗുരു ഇങ്ങിനെ പറഞ്ഞു വച്ചത്. ഗുരുവിന്റെ മകൻ ശ്രീ സിദ്ധാർദ്ധൻ ഓർക്കുന്നു, ഗുരു പരമഗുരുവിനെ ആദ്യമായി കാണുന്നത് 1971 മാർച്ചിൽ ആണെന്നത്.

No comments:

Post a Comment

അഭിപ്രായം