Wednesday, January 21, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 56

<-മുൻപിലത്തേത്                                തുടക്കം                              അടുത്തത് ->
"ഭക്തന്മാരുടെ ഭാവനക്കനുസൃതം രൂപങ്ങളോരോന്നു സു-
വ്യക്തം പൂണ്ടു ലസിച്ചിടുന്നിതു ഭവാൻ നാനാഭിധാനത്തൊടും
സക്തം സാധകചിത്തമാരിലവിടുന്നമ്മൂർത്തിയായ് വാഞ്ഛിതം
യുക്തം പോലരുളുന്നിതന്യഭജനം ചെയ്വോർക്കുമേ മാധവ"

പദാർത്ഥം:
ഭക്തന്മാരുടെ ഭാവനക്കനുസൃതം = ഭക്തരുടെ മനസിലെ സങ്കല്പത്തിനനുസരിച്ച്
രൂപങ്ങളോരോന്നു = ഓരോരോ വ്യത്യസ്തങ്ങളായ രൂപങ്ങൾ
വ്യക്തം = വളരെ വ്യക്തമായ്
പൂണ്ടു = സ്വീകരിച്ച്
ലസിച്ചിടുന്നിതു = തിളങ്ങുന്നു
ഭവാൻ = അവിടുന്ന്
നാനാഭിധാനത്തൊടും = പല പേരുകളോടും കൂടി
സക്തം = ചേരുന്നു
സാധകചിത്തമാരിൽ = സാധകന്മാരുടെ ചിത്തമാകുന്ന മേഘത്തിൽ
അവിടുന്നമ്മൂർത്തിയായ് = അങ്ങ് അതാതു മൂർത്തിസ്വരൂപമായ്
വാഞ്ഛിതം = ആഗ്രഹം
യുക്തം പോൽ = ഇഷ്ടമനുസരിച്ച്
അരുളുന്നിത് = നൽകുന്നു
അന്യഭജനം = മറ്റ് മൂർത്തികളെ ഭജനം
ചെയ്വോർക്കുമേ = ചെയ്യുന്നവർക്കു പോലും
മാധവ = ഹേ മാധവ

ശ്ലോകാർത്ഥം:
ഭക്തന്മാരുടെ ഭാവനക്കനുസരിച്ച് ഭവാൻ പല പേരുകളിലും പല രൂപത്തിലും വ്യക്തമായി വിളങ്ങുന്നു. ഹേ മാധവ, സാധകന്റെ മനസ്സാകുന്ന മേഘത്തിൽ അവിടുന്ന് ആ മൂർത്തിയായി, അന്യമൂർത്തികളെ ഭജനം ചെയ്യുന്നവർക്കുപോലും ആഗ്രഹങ്ങൾ യുക്തം പോലെ നൽകുന്നു.

വ്യാഖ്യാ:
“യേ യഥാ മാം പ്രപദ്യന്തേ
താംസ്തഥൈവ ഭജാമ്യഹം” എന്ന് ഗീത
‘സർവ്വദേവനമസ്കാരം കേശവം പ്രതി ഗച്ഛതി’ എന്നും

ഓരോ ഭക്തന്മാരും വ്യത്യസ്ത രൂപത്തിൽ ധ്യാനിക്കുമ്പോൾ, പല നാമങ്ങളിലും അതതു മൂർത്തിയായി അവരുടെ ഹൃദയത്തിൽ അവിടുന്നു വിലസുന്നു. മറ്റു ദേവതകളെ ഉപാസിക്കുന്നവർ പോലും ഫലത്തിൽ അവിടുത്തെയാണ് ഉപാസിക്കുന്നത്, അതുകൊണ്ടവർക്കും അങ്ങ് യുക്തം പോലെ വാഞ്ഛിതങ്ങൾ നൽകുന്നു.
ഇവിടെയും എല്ലാ മൂർത്തികളും ഒന്നാണെന്ന തത്വം വിശദമാക്കുന്നു.

No comments:

Post a Comment

അഭിപ്രായം