"ഇക്കാണുന്ന ഭവം മന:കൃതമസത്തെന്നാകിലെല്ലാർക്കുമെ-
ന്തക്കാണുന്നതിലൈകരൂപ്യമുളവാകാൻ ഭിന്നചിത്തം നൃണാം
നീക്കാവല്ലനുമാന മായതുഭവൽ സ്സങ്കല്പമെന്നാർക്കുമേ
പോക്കാവുന്നതുമല്ലതെങ്കിലുമൊഴിച്ചീടുന്നു ത്വൽഭക്തരെ"
പദാർത്ഥം:
ഇക്കാണുന്ന ഭവം = ഈ കാണപ്പെടുന്ന പ്രപഞ്ചം
മന:കൃതം = മനസ്സു സൃഷ്ടിച്ചത്
അസത് = യഥാർത്ഥത്തിലില്ലാത്തത്
എന്നാകിൽ = അങ്ങിനെയാണെങ്കിൽ
എല്ലാർക്കും = സകല ജീവജാലങ്ങൾക്കും
എന്ത് = എന്താണ്
അക്കാണുന്നതിൽ = അങ്ങിനെ കാണുന്നതിൽ
ഐകരൂപ്യം = ഒരേ രൂപം എന്ന അവസ്ഥ
ഉളവാകാൻ = ഉണ്ടാവാൻ
ഭിന്ന ചിത്തം = വ്യത്യസ്തമായ ചിത്തം
നൃണാം = മനുഷ്യരുടെ
നീക്കാവല്ല = ഒഴിവാക്കാൻ പറ്റില്ല
അനുമാനം = കാരണങ്ങളിൽ നിന്നും കാര്യത്തിലെത്തുന്ന ചിന്താ പദ്ധതി
ആയതു = ഈ കാണുന്ന ഭവം
ഭവൽ = അവിടുത്തെ
സങ്കല്പം എന്ന് = പൂർണ്ണമായ കല്പനയാണ് എന്ന്
ആർക്കും = ഒരാൾക്കുപോലും
പോക്കാവുന്നതുമല്ലത് = അത് ഒഴിവാക്കാനും പറ്റില്ല
എങ്കിലും ഒഴിച്ചീടുന്നു = എന്നാൽ പോലും ഒഴിവാക്കുന്നു
ത്വൽഭക്തരെ = അവിടുത്തെ ഭക്തരെ
ശ്ലോകാർത്ഥം:
ഈ കാണാനാകുന്ന പ്രപഞ്ചം മനസ്സിന്റെ സൃഷ്ടിയും, അസത്തും ആണെങ്കിൽ, വിഭിന്നങ്ങളായ ചിത്തങ്ങളുള്ള മനുഷ്യർക്ക് ഇതിൽ എന്താണ് ഒരേ രൂപത്തിൽ കാണാൻ? ഇത് അവിടുത്തെ സങ്കല്പമാണെന്ന അനുമാനം ഒഴിവാക്കാൻ പറ്റില്ല. ഒരാൾക്കും അതൊഴിവാക്കാനും പറ്റില്ല. എന്നാൽ പോലും അത് അവിടുത്തെ ഭക്തരെ ഒഴിവാക്കി വിടുന്നു.
വ്യാഖ്യാ:
ഭവം എന്നാൽ ഉണ്ടായതെല്ലാം. പരബ്രഹ്മം മാത്രമാണല്ലോ ഉണ്ടാവാത്തത്. കാരണം അത് അനാദ്യന്തമാണെന്നതു തന്നെ. ആ ബ്രഹ്മത്തിൽ നിന്നും ഉണ്ടായ പ്രപഞ്ചമാണ് ഭവം. വേദാന്തമനുസരിച്ച്, പ്രാപഞ്ചികവ്യവഹാരം, സ്വപ്നാവസ്ഥക്കു സമം യഥാർത്ഥത്തിലില്ലാത്തതാണ്. മനസ്സ് ഉണ്ടാക്കുന്ന സ്വപ്നം ഉറക്കത്തിൽ നിന്നുണരുമ്പോൾ ഇല്ലാതാകുന്നതുപോലെ, ഇല്ലാതാവുന്നതാണ് പ്രപഞ്ചവും. ഈ പ്രപഞ്ചം ഓരോരുത്തരുടെയും മനസ്സിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന, യഥാർത്ഥത്തിലില്ലാത്ത അസത് ആണെങ്കിൽ, എല്ലാവർക്കും അതൊരേരൂപത്തിൽ അനുഭവപ്പെടുന്നതെങ്ങിനെ. കാരണം ഓരോ മനുഷ്യരുടേയും ചിത്തം വ്യത്യസ്തമാണല്ലോ.
എന്നാൽ ഈ ഭവം അവിടുത്തെ സങ്കല്പമാണ് അല്ലാതെ പ്രത്യഗാത്മാക്കളുടെയല്ല എന്ന അനുമാനത്തിലെത്താതിരിക്കാൻ ഒരുതരത്തിലും കഴിയില്ല. അതുകൊണ്ടു തന്നെ ഒരു ജീവിക്കും അത് ഒഴിവാക്കാവുന്നതുമല്ല. ഇതൊക്കെയാണെങ്കിലും, അവിടുത്തെ മനുഷ്യരെ ഈ ഭവം ഒഴിവാക്കുന്നു. ഭവസാഗരത്തിൽ നിന്നും കരകയറുന്നു.
സഹസ്രനാമത്തിലെ “മനോരൂപേക്ഷുകോദണ്ഡാ, പഞ്ചതന്മാത്രസായകാ” എന്ന വരി ഇവിടെ സ്മരണീയമാണ്. മനസ്സകുന്ന വില്ലിൽ നിന്നും പഞ്ചഭൂതങ്ങളാകുന്ന അമ്പുകൾ പുറത്തേക്ക് വിക്ഷേപിക്കുന്നു, എന്നാണല്ലോ അതിനർത്ഥം. അപ്പോൽ പഞ്ചഭൂതാത്മകമായ ഈ പ്രപഞ്ചം ദേവിയുടെ മനസ്സിൽ നിന്നും സൃഷ്ടിക്കപ്പെടുന്നു. ഗുരു ആദ്യം മുതലേ തന്നെ, ഇതിൽ സുന്ദരിക്കും ഹരിക്കും വ്യത്യാസം കാണുന്നില്ലല്ലോ.
അപ്പോൾ ഓരോ മനുഷ്യരുടെയും മനസ്സിൽ നിന്നും സൃഷ്ടിക്കപ്പെടുന്നതല്ല ഈ പ്രപഞ്ചം, അതുകൊണ്ട് ഓരോരുത്തർക്കും മിഥ്യ എന്ന നിലക്ക് അതിൽ നിന്നും രക്ഷ് നേടാൻ കഴിയുകയുമില്ല.
എന്നാൽ അതിനുള്ള ഉപായമെന്താണ്? ത്വൽഭക്തി. അങ്ങയിലുള്ള ഭക്തി. ഈ ഭവസാഗരദു:ഖം ഹരിക്കാൻ ഹരിക്കേ കഴിയൂ. അതുകൊണ്ട് ഹരിഭക്തനാവുക.
No comments:
Post a Comment
അഭിപ്രായം