Friday, December 19, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 51

<-മുൻപിലത്തേത് തുടക്കം അടുത്തത്->
"ചേർക്കുന്നൂ പല വിജ്ഞരും ത്വയി വിഭോ വാക്യം നിഷേധാത്മകം
പാർക്കുമ്പോളതു ശൂന്യവാദമപരാകാരം ധരിച്ചുള്ളതേ
ആർക്കും വാഞ്ഛിതദായകൻ ശ്രിതജനക്ഷേമങ്കരൻ വൻ ഭയം
തീർക്കും ചേതനനോ നിഷേധവചസാ കീർത്തിക്കുവാൻ തക്കവൻ!"


പദാർത്ഥം:

ചേർക്കുന്നൂ = കൂട്ടിയോജിപ്പിക്കുന്നു
പല വിജ്ഞരും = വിശേഷ ജ്ഞാനമുള്ളവരും
ത്വയി = അവിടുത്തിൽ
വിഭോ = എല്ലാ മൂർത്തികളും ചേർന്നവനേ
വാക്യം = മഹാ വാക്യങ്ങൾ പോലെയുള്ള പ്രസ്താവന
നിഷേധാത്മകം = നിഷേധരൂപത്തിലുള്ള
പാർക്കുമ്പോളത് = സൂക്ഷിച്ചുനോക്കിയാൽ ആ വാക്യം
ശൂന്യവാദം = എല്ലാം ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണെന്ന വാദം
അപരാകാരം ധരിച്ചുള്ളതേ = വേറൊരു വേഷം ധരിച്ചതാണ്
ആർക്കും = എല്ലാവർക്കും
വാഞ്ഛിത ദായകൻ = ആഗ്രഹങ്ങൾ കൊടുക്കുന്നവൻ
ശ്രിതജനക്ഷേമങ്കരൻ = ആശ്രയിക്കുന്നവർക്ക് ക്ഷേമം ചെയ്യുന്നവൻ
വൻ ഭയം തീർക്കും = വലിയ ഭയം ഇല്ലാതാക്കും
ചേതനനോ = ചേതനയുള്ളവൻ
നിഷേധവചസാ = ഇല്ല എന്നുള്ള വാക്കാൽ
കീർത്തിക്കുവാൻ തക്കവൻ = പുകഴ്തപ്പെടാൻ തക്കവൻ


ശ്ലോകാർത്ഥം:

ത്രിമൂർത്തികളും ചേർന്നവനേ, പല ജ്ഞാനികളും അങ്ങയിൽ നിഷേധാത്മകമായ വാക്യം ചേർക്കുന്നു. സൂക്ഷിച്ചു നോക്കിയാൽ അത്, ശൂന്യവാദം മറ്റൊരു രൂപം ധരിച്ചതു തന്നെയാണ്. എല്ലാവർക്കും ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നവനും, ആശ്രയിക്കുന്നവർക്ക് ക്ഷേമം ചെയ്യുന്നവനും, മരണഭയം (സംസാരഭയം) ഇല്ലാതാക്കുന്നവനുമായ് ചേതനാമൂർത്തിയാണോ നിഷേധ വാക്യം കൊണ്ട് കീർത്തിക്കുവാൻ പറ്റിയവൻ?


വ്യാഖ്യാ:

വിഷ്ണുവിൽ പല പണ്ഡിതന്മാരും നിഷേധ വാക്യമായ ‘നേതി’ ചേർക്കുന്നുണ്ട്. എല്ലാത്തെയും നിഷേധിച്ച് നിഷേധിച്ച് ഉള്ളിൽ ചെന്നു വീണ്ടും നിഷേധിച്ച് അവസാനം ഒന്നുമില്ലായ്മയിൽ എത്തുന്ന ആ വാക്യം (വാദം) ശൂന്യവാദം തന്നെ മറ്റൊരു രൂപം ധരിച്ചതാണെന്ന് തീർച്ച.
ശൂന്യവാദം എന്നത്, ബൗദ്ധരിൽ മാദ്ധ്യമന്മാരുടെ ഒരു വാദമാണ്. ജ്ഞാനം പോലുമല്ല ഒന്നുമില്ലാത്ത ശൂന്യതയാണ് ആദി. അതിൽ നിന്നാണ് എല്ലാം ജനിക്കുന്നത് എന്നതാണീ വാദം. ശങ്കരന്റെ അദ്വൈതം ഏതാണ്ടിതിന്റെ അടുത്തെത്തുന്നു. അതുകൊണ്ട് ശങ്കരനെ 'പ്രച്ഛന്ന ബൗദ്ധൻ’ എന്നും വിളിക്കുകയുണ്ടായി.

എന്നാൽ ആർക്കും ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നവനും ആശ്രയിക്കുന്നവർക്ക് ക്ഷേമത്തെ ചെയ്യുന്നവനും വൻ ഭയം നീക്കുന്നവനുമായ ചേതനാസ്വരൂപനെ എങ്ങിനെ ഇപ്രകാരം നിഷേധ സ്വരൂപത്തിൽ കീർത്തിക്കുവാൻ പറ്റും? ശൂന്യതയോട് പ്രാർത്ഥിക്കാൻ പറ്റില്ലല്ലോ. ശൂന്യത ഇത്തരം അനുഗ്രങ്ങൾ നൽകാൻ പ്രാപ്തവുമല്ല. എന്നിരിക്കെ, ശൂന്യമല്ലാത്ത ഒരു ചേതനാ സ്വരൂപനാണ് അല്ലയോ വിഭോ അങ്ങ്, എന്ന് ഗുരു പറയുന്നു. നിർഗ്ഗുണ സങ്കല്പത്തെ അപേക്ഷിച്ച്, സഗുണോപാസനയുടെ മഹത്വം ഗുരു ഇവിടെ സൂചിപ്പിക്കുന്നു. അല്ലെങ്കിലും ഗുരു ശ്രീവിദ്യോപാസകനായൊരു സഗുണോപാസകനായിരുന്നല്ലോ.

No comments:

Post a Comment

അഭിപ്രായം