Sunday, November 23, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 50

"മായാകാര്യമസത്യമിഭ്ഭുവനമെന്നോതുന്നു വിദ്വജ്ജനം
മായക്കെന്തൊരു മൂലമെന്നൊരുവനും ചൊല്ലുന്നതില്ലാദൃഢം
മായാവദവുമന്യമാം പലവിധം വാദങ്ങളും വ്യർത്ഥമ-
ക്കായാമ്പൂവുടലൊന്നുസത്യ മതെനിക്കാലംബമെന്നെന്നുമേ"

പദാർത്ഥം:
മായാകാര്യം = മായയാകുന്ന കാരണത്തിന്റെ കാര്യം
അസത്യം = യഥാർത്ഥത്തിൽ ഇല്ലാത്തത്.
ഇഭ്ഭുവനം = ഈ ഭുവനം.
എന്നോതുന്നു = എന്നു പറയുന്നു
വിദ്വജ്ജനം = അറിവുള്ളവർ
മായക്കെന്തൊരു മൂലം = മായയുടെ കാരണമെന്ത്
എന്നൊരുവനും = എന്ന് ആരും തന്നെ
ചൊല്ലുന്നതില്ലാ = പറയുന്നില്ലാ
ദൃഢം = തീർച്ചയായും
മായാവാദവും = ഭുവനകാരണം മായയാണെന്ന ഒരു ചിന്താ സരണി
അന്യമാം പലവിധം വാദങ്ങളും = അതുപോലുള്ള പലവിധ വാദങ്ങളും
വ്യർത്ഥം = പ്രയോജനമില്ലാത്തവ
അക്കായാമ്പൂവുടൽ = ആ കായാമ്പൂവിനു സമമായ ഉടൽ
ഒന്നു സത്യം = ഒന്നു മാത്രം സത്യം
അതെനിക്കാലംബം = അത് എന്റെ താങ്ങാണ്.
എന്നെന്നുമേ = എല്ലാകാലത്തും.

ശ്ലോകാർത്ഥം:
മായയുടെ കാര്യമായ ഈ ഭുവനം യഥാർത്ഥത്തിൽ ഇല്ലാത്തതാണ് എന്ന് അറിവുള്ളവർ പറയുന്നു. തീർച്ചയായും, മായയുടെ കാരണമെന്താണെന്ന് ആരും പറയുന്നില്ല. മായാവാദവും മറ്റു വാദങ്ങളും നിഷ്പ്രയോജനമാണ്. ആ കായാം പൂവിനു സമമായ ഉടൽ സത്യമാണ്. അതെനിക്കെന്നെന്നും താങ്ങാണ്.

വ്യാഖ്യാ:

ഏതൊരുകാര്യത്തിനും കാരണമുണ്ടാവണമെന്നത്, ‘കാര്യ-കാരണ സിദ്ധാന്തം’. അതുകൊണ്ട്, ഈ ഭുവനത്തിനും ഒരു കാരണമുണ്ടാവണം. ആ കാരണം ‘മായ’ ആണ്, ഈഭുവനം സത്യത്തിൽ ഉള്ളതല്ല. ഇതാണ് മായാ വാദം. എന്നാൽ ആ മായയും ഒരു കാര്യമാണെന്നതിനാൽ, അതിനൊരു കാരണം വേണ്ടേ, അതെന്താണെന്നു ചോദിച്ചാൽ, ഒരുവനും ഉത്തരമില്ലെന്ന്, ഗുരുനാഥൻ. സംഘാതവാദം, ആരംഭവാദം, പരിണാമവാദം, വിവർത്തവാദം എന്നിങ്ങിനെ ലക്ഷണവാദം, സ്പോടവാദം മുതലായവ വരെ അസംഖ്യം ശാസ്ത്ര വാദങ്ങളുള്ളതെല്ലാം നിരർത്ഥകവും, നിഷ്പ്രയോജനങ്ങളുമാണ്. കൃഷ്ണന്റെ ആ കായാമ്പൂവർണ്ണമുള്ള ശരീരം ഒന്ന്, സത്യമാണ്. അതാണ് എനിക്ക് എല്ലാ കാലത്തും ആശ്രയം.


No comments:

Post a Comment

അഭിപ്രായം