Wednesday, October 29, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 49

<- മുൻപിലത്തേത്                              തുടക്കം                                  അടുത്തത് ->
"ഇല്ലെങ്ങെന്നിയൊരന്യവസ്തുവുമജാണ്ഡത്തിങ്കലെന്നുള്ളതാൽ
ചൊല്ലാം ഞാൻ ത്വദഭിന്നനെന്നൊരുവശം ചിന്തിച്ചു പാർത്തീടുകിൽ
ചൊല്ലാമോ പരമേശനാകിയ ഭവാൻ ഞാനെന്ന് കല്ലോലമൊ-
ന്നല്ലാ വാരിധി നാഥ തത്വമിതറിഞ്ഞോൻ തത്വവിത്താം ദൃഢം"

പദാർത്ഥം:
ഇല്ലങ്ങെന്നി = അങ്ങല്ലാതെയില്ല
ഒരന്യവസ്തുവും = മറ്റു വസ്തുക്കളൊന്നും
അജാണ്ഡത്തിങ്കൽ = ജനിക്കാത്ത മുട്ടയിൽ
എന്നുള്ളതിനാൽ = എന്നതുകൊണ്ട്
ചൊല്ലാം = പറയാം
ഞാൻ ത്വദഭിന്നനെന്ന് = ഞാനും അങ്ങിൽനിന്നും വേറേയല്ലെന്ന്
ഒരു വശം ചിന്തിച്ചു പാർത്തീടുകിൽ = ഒരു വശം ചിന്തിച്ചു നോക്കിയാൽ
ചൊല്ലാമോ = പറയാൻ പറ്റുമോ
പരമേശനാകിയ = എല്ലാത്തിനും മുകളിലുള്ള അധിപനായ
ഭവാൻ = അങ്ങ്
ഞാനെന്നു = ഞാനാണെന്ന്
കല്ലോലം = ഇളകുന്ന പുഴ
ഒന്നല്ലാ = ഒരെണ്ണമല്ലാ
വാരിധി = സമുദ്രം
നാഥ = രക്ഷക
തത്വമതറിഞ്ഞോൻ = ആ തത്വം അറിഞ്ഞവൻ
തത്വവിത്താം = 'തത്വം' അറിഞ്ഞവനാവും
ദൃഢം = തീർച്ചയായും

ശ്ലോകാർത്ഥം:
അങ്ങല്ലാതെ മറ്റൊരു വസ്തു പോലും അനാദിയായ മുട്ടയിൽ ഇല്ല എന്നുള്ളതിനാൽ, ഒരു വഴിക്ക് ചിന്തിച്ചാൽ ഞാൻ അങ്ങിൽ നിന്നും അന്യനല്ലാ എന്നു പറയാം.
(എന്നാൽ) എല്ലാത്തിന്റെയും അധിപനായ അവിടുന്നാണ് ഞാൻ എന്ന് പറയാൻ പറ്റുമോ? ഒരു നദിമാത്രമല്ലാ സമുദ്രം. രക്ഷക, ഈ തത്വം അറിഞ്ഞവൻ തീർച്ചയായും 'തത്വം' അറിഞ്ഞവനാവും.

വ്യാഖ്യാ:
വളരെ ലളിതമായൊരു ചോദ്യമാണെങ്കിലും അതിലെ സങ്കീർണ്ണതയാണ് ഗുരു ഇവിടെ വെളിവാക്കുന്നത്.
ഒരിക്കലും ജനിക്കാത്ത, അനാദിയായ, എന്നും നിലനിൽക്കുന്ന ഈ ബ്രഹ്മാണ്ഡത്തിൽ അങ്ങല്ലാതെ മറ്റൊരു വസ്തു പോലും ഇല്ല. ഈ ബ്രഹ്മാണ്ഡം മുഴുവൻ അങ്ങാണ്. എന്നു വച്ചാൽ എങ്ങിനെയാണോ മഞ്ഞുകട്ടയും, ജലവും, നീരാവിയും ഒന്നാണെന്ന് നമുക്കറിയുന്നത്, അതു പോലെ. എങ്കിൽ ഞാനും ഈ അണ്ഡത്തിലുള്ളതാണല്ലോ. അതുകൊണ്ട് ഞാനും അങ്ങും വ്യത്യസ്തങ്ങളല്ല, ഒന്നാണെന്ന് സിദ്ധിക്കുന്നു.  അതുകൊണ്ട് 'ഞാൻ അങ്ങാണ്' എന്ന് പറയാം. എന്നാൽ, 'അങ്ങ് ഞാനാണ് എന്നു പറയാൻ പറ്റുമോ? ഇല്ല എന്നു ഗുരു സൂചിപ്പിക്കുന്നു. എന്താണതിനു കാരണം? ഒരു നദി മാത്രമല്ല സമുദ്രം. പല നദികൾ ചെന്നു ചേരുന്നതാണത്. എന്നാൽ എല്ലാ നദികളും സമുദ്രത്തിൽ ചെന്നു ചേരുന്നതുകൊണ്ടും, സമുദ്രത്തിലെ ജലം, സമുദ്രത്തിൽ ചെന്നു ചേരുന്ന എല്ലാ നദികളുമായും തുടർച്ച/ചേർച്ച ഉള്ളതുകൊണ്ടും, നദിയും സമുദ്രവും ഒന്നാണെന്ന് പറയാം. എന്നാൽ, സമുദ്രം, ഇതിലേതെങ്കിലും ഒരു നദിയെ മാത്രമായ് ഉദ്ധരിച്ച്  'സമുദ്രമാണ് ഈ നദി' എന്നു പറയുന്നത് അസംബന്ധമാവും. ഈ തത്വം അറിയുന്നവൻ 'തത്വം' (ബ്രഹ്മതത്വം) അറിയുന്നവനാവും, തീർച്ച.

No comments:

Post a Comment

അഭിപ്രായം