Wednesday, October 15, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 47

<-മുൻപിലത്തേത്                            തുടക്കം                            അടുത്തത്->
"നീലാംഭോദകളേബരൻ നിബിഡമാം വിദ്യുല്ലതാദീപ്തിമാൻ
ചേലഞ്ചും മഴവില്ലുയർത്തിവിലസും ഭൂഷാഗണം ചാർത്തിയോൻ
വേലപ്പെൺ മണവാളനങ്ങു മണിപൂരേ വാണിടുന്നൂ ജല-
ത്താലപ്പാവക ദഗ്ദ്ധമാം ത്രിഭുവനം പൂരിച്ചുകൊണ്ടീശ്വര"

പദാർത്ഥം:
നീലാംഭോദ = നീല കാർമേഘങ്ങൾക്ക് സമം നിറമുള്ള
കളേബരൻ = ശരീരമുള്ളവൻ
നിബിഡമാം = തിങ്ങിനിറഞ്ഞ
വിദ്യുല്ലതാ = ഇടിമിന്നൽ
ദീപ്തിമാൻ = ശോഭയുള്ളവൻ
ചേലഞ്ചും = ഭംഗികൊണ്ട് കണ്ണു മഞ്ഞളിക്കുന്ന
മഴവില്ലുയർത്തി വിലസും = (അർത്ഥം പ്രകടം)
ഭൂഷാഗണം = ആഭരണങ്ങളുടെ കൂട്ടം
ചാർത്തിയോൻ = അണിഞ്ഞവൻ
വേലപ്പെൺ മണവാളനങ്ങു = മഹാലക്ഷ്മിയുടെ ഭർത്താവ് അവിടെ
മണിപൂരേ വാണിടുന്നു = മണിപൂരചക്രത്തിൽ വാഴുന്നു
ജലത്താൽ = വെള്ളം കൊണ്ട്
അപ്പാവക ദഗ്ധമാം = തീ കത്തിച്ചു തീർത്ത
ത്രിഭുവനം = മൂന്നു ലോകവും
പൂരിച്ചുകൊണ്ട് = നിറച്ചുകൊണ്ട്
ഈശ്വര = അല്ലയോ ഈശ്വര

ശ്ലോകാർത്ഥം:
ഈശ്വര, അവിടെ ആ മണിപൂരചക്രത്തിൽ, നീലമേഘത്തിന്റെ നിറമുള്ള ശരീരമുള്ളവനും, തിങ്ങിയ ഇടിമിന്നൽ പോലെ ശോഭിക്കുന്നവനും, ഭംഗികൊണ്ട് കണ്ണു മഞ്ഞളിക്കുംവണ്ണമുള്ള മഴവില്ലു പോലെയുള്ള ആഭരണങ്ങൾ അണിഞ്ഞവനുമായ, മഹാലക്ഷ്മിയുടെ ഭർത്താവ്, അഗ്നി കത്തിച്ചു തീർത്ത മൂന്നുലോകങ്ങളെയും വെള്ളം കൊണ്ട് നിറച്ച് നിലകൊള്ളുന്നു.

വ്യാഖ്യാ:
മണിപൂരം ജലമയമാണ്. അവിടം ഭരിക്കുന്ന ഈശ്വരനെ മഴമേഘത്തിനോടുപമിച്ചത് കവിത്വം. മഴമേഘങ്ങളുടെ ഗുണങ്ങളാണല്ലോ, ഇരുണ്ട നീലനിറവും, ഇടിമിന്നലും, മഴവില്ലും. മണിപൂരത്തിലെ വിഷ്ണുവിന്റെ ശരീരത്തെ ആമേഘത്തിനോടും, ശോഭയെ ഇടിമിന്നലിന്റെ കൂട്ടത്തിനോടും, ഭംഗികൊണ്ട് കണ്ണുമഞ്ഞളിപ്പിക്കുന്ന ആഭരണങ്ങളെ മഴവില്ലിനോടും ഉപമിച്ചിരിക്കുന്നു. മുൻ ശ്ലോകത്തിൽ കാലാഗ്നി  സ്വാധിഷ്ഠാനത്തിൽ ത്രിഭുവനങ്ങളെയും കത്തിക്കുന്നു എന്നു പറഞ്ഞതിന്റെ തുടർച്ച പറയുന്നു. സ്വാധിഷ്ഠാനത്തിനു മുകളിലുള്ള ചക്രമായ, ഈ മണിപൂരത്തിലെ ജലം, അപ്രകാരം കത്തി നശിച്ച ത്രിഭുവനം നിറച്ചുകൊണ്ട് നിൽക്കുന്നതിനെ വിവരിക്കുന്നു.

No comments:

Post a Comment

അഭിപ്രായം