"ജ്വാലാമാലകളാൽ ത്രിലോകദഹനം ചെയ്യും മഹാശേഷനാം
കാലാഗ്ന്യാസ്യനെയും പരാപ്രകൃതിയേയും ഞാൻ നമിക്കുന്നിതാ
ലീലാലോകനശീതളാംശുനികരം തൂകിബ്ഭവാനിജ്ജഗ-
ജ്ജാലം വീണ്ടുമഹോ രചിപ്പു കരുണാമൂർത്തേ ത്രിലോകീപതേ"
പദാർത്ഥം:
ജ്വാലാമാലകളാൽ = അഗ്നി ജ്വാലകളുടെ മാലകൾ കൊണ്ട്
ത്രിലോകദഹനം ചെയ്യും = മൂന്നു ലോകങ്ങളെയും കത്തിക്കുന്ന
മഹാ ശേഷനാം = മഹാ ശേഷ സർപ്പമാകുന്ന
കാലാഗ്ന്യാസ്യനെയും = കാലനാകുന്ന / കാലമാകുന്ന അഗ്നി മുഖമാകുന്നവനെയും
പരാ പ്രകൃതിയെയും = പര ആകുന്ന പ്രകൃതിശക്തിയെയും
ഞാൻ നമിക്കുന്നിതാ = ഇതാ ഞാൻ നമസ്കരിക്കുന്നു
ലീലാലോകന = വിളയാട്ട ദൃഷ്ടിയാകുന്ന
ശീതളാംശു നികരം = അമ്രുത കിരണങ്ങളുടെ കൂട്ടം
തൂകി = ചൊരിഞ്ഞ്
ഭവാനിജ്ജഗജ്ജാലം = അവിടുന്ന് ഈ ജഗത്താകുന്ന വല
വീണ്ടുമഹോ രചിപ്പു = അത്ഭുതം! വീണ്ടും ഉണ്ടാക്കുന്നു
കരുണാമൂർത്തേ = കാരുണ്യത്തിന്റെ സ്വരൂപമേ
ത്രിലോകീപതേ = മൂന്നു ലോകങ്ങളുടെയും അധിപാ
ശ്ലോകാർത്ഥം:
ഞാൻ, കാലമാകുന്ന തീയാകുന്ന മുകത്തിലെ അഗ്നിജ്വാലകളെക്കൊണ്ട്, മൂന്നുലോകങ്ങളെയും കത്തിക്കുന്ന മഹാശേഷനെയും പരയാകുന്ന പ്രകൃതിയെയും ഇതാ നമസ്കരിക്കുന്നു. അല്ലയോ കാരുണ്യം തന്നെ രൂപമായവനേ, മൂന്നുലോകങ്ങളുടെയും അധിപ, കളിയായുള്ള ഒരു നോട്ടമാകുന്ന അമ്രുതകിരണക്കൂട്ടം ചൊരിഞ്ഞ്, അവിടുന്നു തന്നെ ഈ പ്രപഞ്ചമാകുന്ന വല വീണ്ടും സൃഷ്ടിക്കുന്നു.
വ്യാഖ്യാ:
സ്വാധിഷ്ഠാനചക്രത്തിനെ പേരെടുത്തു പറയാതെ, 'ഹുതവഹം സ്വാധിഷ്ഠാനേ' എന്ന ശങ്കരവചനത്തെ അനുസ്മരിക്കുന്ന വണ്ണം പ്രതീകവർണ്ണനകളിലൂടെ സൂചിപ്പിക്കുകയാണിവിടെ. വിഷ്ണുപുരാണപ്രകാരം, കല്പാന്തത്തിൽ അനന്തന്റെ മുഖത്തു നിന്നും അഗ്നിജ്വാലകളായി രുദ്രൻ അവതരിച്ച് ത്രിലോകത്തെ ദഹിപ്പിക്കുന്നു. ആ ശേഷനെയും, കേവലശക്തിയായ പരാ പ്രകൃതിയെയും ഞാൻ നമസ്കരിക്കുന്നു.
ആ പ്രപഞ്ച ദഹനം ചെയ്യുന്ന അവിടുന്നു തന്നെ വീണ്ടും ഒരു കളിനോട്ടമാകുന്ന അമ്രൂതകിരണങ്ങളാൽ ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു.
No comments:
Post a Comment
അഭിപ്രായം