Tuesday, October 14, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 45

<-മുൻപിലത്തേത്                                തുടക്കം                          അടുത്തത്->
"ഫുല്ലാബ്ജേ മധുവാസ്വദിച്ചഖിലവിദ്യാബോധനം ചെയ്തുകൊ-
ണ്ടുല്ലാസത്തൊടനാഹതത്തിലതുലാമോദം വസിച്ചീടുവോർ
സല്ലാവണ്യനികേതയാം രമയുമെന്നാചാര്യനാം വിഷ്ണുവും
ചൊല്ലാർന്നീടിനഹംസയുഗ്മമഖിലജ്ഞാനത്തെയും നൽകുമേ"

പദാർത്ഥം:
ഫുല്ലാബ്ജേ = വിടരുന്ന താമരയിൽ
മധുവാസ്വദിച്ച് = തേൻ ആസ്വദിച്ച്
അഖില വിദ്യാബോധനം ചെയ്ത് = എല്ലാ വിദ്യകളും പഠിപ്പിച്ചുകൊണ്ട്
ഉല്ലാസത്തൊട് = ഉല്ലാസത്തോടു കൂടി
അനാഹതത്തിൽ = അനാഹത ചക്രത്തിൽ
അതുലാമോദം = താരതമ്യമില്ലാത്ത സന്തോഷത്തോടുകൂടി
വസിച്ചീടുവോർ = താമസിക്കുന്നവർ
സല്ലാവണ്യനികേതയാം = നല്ല ഭംഗിയുടെ ഉറവിടമായ
രമയും = ലക്ഷ്മിയും
എന്നാചാര്യനാം വിഷ്ണുവും = എന്റെ ഗുരുനാഥനായ വിഷ്ണുവും
ചൊല്ലാർന്നീടിന = പ്രസിദ്ധമായ
ഹംസയുഗ്മം = രണ്ടു ഹസവും
അഖിലജ്ഞാനത്തെയും നൽകുമേ = എല്ലാ അറിവുകളും തരും

ശ്ലോകാർത്ഥം:
വിടരുന്ന താമരയിൽ തേൻ നുകർന്ന് എല്ലാവിദ്യകളും പഠിച്ചുകൊണ്ട് അനാഹതചക്രത്തിൽ താരതമ്യമില്ലാത്ത സന്തോഷത്തോടുകൂടി വസിക്കുന്നവരായ, നല്ല ഭംഗിയുടെ ഉറവിടമായ ലക്ഷ്മിയും എന്റെ ആചാര്യനായ വിഷ്ണുവും, പ്രസിദ്ധരായ രണ്ടു ഹംസങ്ങൾ എല്ലാ അറിവും തരും. 

വ്യാഖ്യാ:
മൂലാധാരം മുതൽ സഹസ്രാരം വരെയുള്ള ഏഴു ചക്രങ്ങളിലും ഒരു സാധകൻ ഗുരുവിന്റെയും ഗുരുപത്നിയുടെയും പാദങ്ങൾ, വെളുത്തതും ചുവന്നതുമായി ധ്യാനിക്കുന്നു. മുൻപിലെ ശ്ലോകങ്ങളിൽ ആജ്ഞാചക്രവും, വിശുദ്ധി ചക്രവും വിവരിച്ചു.  ഇവിടെ ഹൃദയകമലമാകുന്ന അനാഹതചക്രത്തിന്റെ വിശേഷം പറയുന്നു.
'ഹൃദയകമലമദ്ധ്യേ ദീപ്തമദ്വൈതസാരം
പ്രണവമയമതർക്യം യോഗിഭിർധ്യാനഗമ്യം
ഹരിഗുരുശിവയോഗം സർവ്വഭൂതാന്തരസ്ഥം
സകൃദപിമനസാ തദ്ധ്യായതേ യ:സ: മുക്ത:'
ഹൃദയത്തിലെ അനാഹത ചക്രത്തിൽ അദ്വൈതസാരമാണ് ദീപ്തമായിരിക്കുന്നത്. അത് പ്രണവമയവും യോഗികളാൽ ധ്യാനത്തിൽ ചെല്ലാവുന്നതുമായ വിഷ്ണു, ശിവ, ഗുരു യോഗമാണ്. അങ്ങിനെയുള്ള വിടരുന്ന താമരയായ ഹൃദയ താമരയിൽ, അനാഹതത്തിൽ, പ്രണവജ്ഞാനമാകുന്ന തേൻ നുകർന്നുകൊണ്ട്, യാതൊന്നിനു സമമാണോ മറ്റൊരാനന്ദമില്ലാത്തത് അങ്ങിനെയുള്ള ബ്രഹ്മാനന്ദരൂപമായി വസിക്കുന്നവരാണ് ഏറ്റവും മഹത്തായ സൗന്ദര്യത്തിന്റെ ഉറവിടമായ രമയും എന്റെ ഗുരുനാഥനായ വിഷ്ണുവും. ഇവർ പ്രസിദ്ധമായ ഹംസയുഗ്മമാണ്. 'ഹം സ:' എന്നും 'സ: ഹം' എന്നും പ്രസിദ്ധമായ രണ്ട്, ഹ എന്നും സ എന്നും പ്രസിദ്ധമായ രണ്ട്, ഹംസങ്ങൾ, ആ പ്രണവജ്ഞാനമാകുന്ന മഹാജ്ഞാനം നൽകുന്നു. (ഭക്തർക്ക് എന്നു വ്യംഗ്യം). ഇവിടെ താമരയിലെ തേൻ നുകരുന്ന ഹംസം പാലും വെള്ളവും ചേർന്ന മിശ്രിതത്തിൽ നിന്ന് വെള്ളം നീക്കി, പാൽ മാത്രം കുടിക്കാൻ ശക്തനാണ്. അജ്ഞാനത്തെ നീക്കി ജ്ഞാനത്തെ നൽകുന്ന ആ 'ഹംസ വിദ്യ' ഗുരുമുഖത്തുനിന്നും അറിയേണ്ടതാണ്



No comments:

Post a Comment

അഭിപ്രായം