Friday, October 10, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 44

<-മുൻപിലത്തേത്                                 തുടക്കം
"ആകാശാധിപനാകുമങ്ങമലമാം ചക്രേ വിശുദ്ധൗ വിഭോ
രാകാചന്ദ്രമരീചിയാൽത്തിമിരഭാരം നീക്കിനിശ്ശേഷമായ്
ലോകാശേഷസവിത്രിയാം രമയുമൊത്താനന്ദ ചിന്മൂർത്തിയാ-
യേകാന്തേ വിലസുന്നു മൂവുലകിനും മായാഭ്രമം പോക്കുവാൻ"

പദാർത്ഥം:
ആകാശാധിപനാകുമങ്ങ് = ആകാശത്തിന്റെ അധിപനാകുന്ന അവിടുന്ന്
അമലമാം = കളങ്കമില്ലാത്ത
ചക്രേ വിശുദ്ധൗ = വിശുദ്ധിചക്രത്തിൽ
വിഭോ = എല്ലായിടത്തും ഉള്ളവനേ
രാകാചന്ദ്രമരീചിയാൽ = പൂർണ്ണചന്ദ്രന്റെ കിരണങ്ങളാൽ
തിമിരഭാരം = അന്ധതയുടെ ഭാരം
നീക്കി നിശ്ശേഷമായ് = അല്പം പോലും ബാക്കിയില്ലാതെയാക്കി
ലോകാശേഷസവിത്രിയാം = ലോകത്തെ മുഴുവനും പ്രസവിക്കുന്നവളായ
രമയുമൊത്ത് = രമിപ്പിക്കുന്നവളുമൊത്ത്
ആനന്ദചിന്മൂർത്തിയായ് = ചിത്തും ആനന്ദവും (ചിദാനന്ദം) സ്വന്തം രൂപമായവനായി
ഏകാന്തേ = ഒന്നുമാത്രമായ അവസ്ഥയിൽ / ഒറ്റക്ക്
വിലസുന്നു = വിശേഷമായി ശോഭിക്കുന്നു
മൂവുലകിനും = മൂന്നു ലോകത്തിനും
മായാഭ്രമം പോക്കുവാൻ = മായകൊണ്ടുള്ള അജ്ഞത ഇല്ലാതാക്കുവാൻ.

ശ്ലോകാർത്ഥം:
അല്ലയോ സർവ്വവ്യാപീ, ആകാശത്തിന്റെ അധിപനായ അങ്ങ് കളങ്കമില്ലാത്ത വിശുദ്ധിചക്രത്തിൽ പൂർണ്ണചന്ദ്രന്റെ കിരണങ്ങളാൽ അന്ധതയുടെ ഭാരം അല്പം പോലും അവശേഷിക്കാതെ ഇല്ലാതാക്കി, ഇനിയൊന്നും ബാക്കിയില്ലാത്തവിധം എല്ലാലോകത്തെയും പ്രസവിക്കുന്നവളായ അവിടുത്തെ രമിപ്പിക്കുന്നവളുമൊത്ത് ചിദാനന്ദരൂപനായി ഒറ്റക്ക് മൂന്നു ലോകത്തിന്റെയും മായകൊണ്ടുള്ള അജ്ഞാനം ഇല്ലാതാക്കുവാൻ ശോഭിക്കുന്നു.

വ്യാഖ്യാ:
വളരെ രസകരമായ ഒരു ശ്ലോകമാണിത്. ശ്ലോകാർത്ഥം മുകളിൽ പറഞ്ഞതു വായിച്ച ഉടനെ, സൗന്ദര്യലഹരിയിലെ മുപ്പത്തേഴാമത്തെ ശ്ലോകം അല്പസ്വല്പം വ്യത്യാസങ്ങളോടെ ഞാൻ താഴെ എഴുതിയതു വായിക്കുക.

"വിശുദ്ധൗ തേ ശുദ്ധസ്ഫടികവിശദം വ്യോമജനകം
ഹരിം സേവേ ദേവീമപി ഹരിസമാനവ്യവസിതാം
യയോ: കാന്ത്യാ യാന്ത്യാ ശശികിരണസാരൂപ്യസരണേർ-
വിധൂതാന്തർദ്ധ്വാന്താ വിലസതി ചകോരീവ ജഗതി"

ശിവം എന്നതിനെ ഹരിം എന്നും ശിവസമാന എന്നതിനെ ഹരിസമാന എന്നും ഞാൻ മാറ്റി. ഗുരുനാഥന്റെ മുകളിലെ ശ്ലോകം ഇതു തന്നെ.

'അമലമാം ചക്രേ വിശുദ്ധൗ' എന്നത് 'വിശുദ്ധൗ തേ ശുദ്ധസ്ഫടികവിശദം' തന്നെ.
'ആകാശാധിപനാം' എന്നത് 'വ്യോമജനകം' തന്നെ
'രാകാചന്ദ്രമരീചിയാൽ' എന്നത് 'ശശികിരണസാരൂപ്യസരണേർ' തന്നെ
'തിമിര ഭാരം നീക്കി' എന്നത് 'വിധൂതാന്തർദ്ധ്വാന്താ വിലസതി' തന്നെ
'രമയുമൊത്താനന്ദ' എന്നത് 'ശിവസമാനവ്യവസിതാം' തന്നെ

എന്നാൽ ഗുരുനാഥന്റെ ശ്ലോകത്തിന്റെ ഒരു അധിക ഗൗരവം ആ 'ലോകാശേഷസവിത്രി' ആണ്. അത് ശങ്കരൻ 'ശിവസമാന' കൊണ്ടു സൂചിപ്പിച്ചു എന്നു പറഞ്ഞാലും പറ്റില്ല. കാരണം, ശങ്കരന്റെ 'ശിവസമാന' യെ ഗുരു 'രമ' എന്ന ഒരൊറ്റ വാക്കുകൊണ്ട് ഒതുക്കി. 'ദേവീമപി' ക്ക് 'രമ'യുടെ ഗൗരവമില്ല. അതും പോരാ, ഗുരുനാഥൻ 'വിഭു' (ഹരി) ആനന്ദചിന്മൂർത്തിയാണെന്നും കൂടി പറഞ്ഞുവച്ചു. ഇതൊന്നും പോരാ, ആ 'ഏകാന്തേ' എന്ന പദം ഒരു ബ്രഹ്മാസ്ത്രമാണ്. 'രമ' രമിപ്പിക്കുന്നവളാണ്. അങ്ങിനെയാണവൾ 'ലോകാശേഷസവിത്രി' യാവുന്നത്. എന്നാൽ 'രമണത്തിൽ' ഒരു ഒന്നാവലുണ്ട്. പുരുഷനും പ്രകൃതിയും രത്യാനന്ദത്തിൽ ഒന്നായിത്തീരുന്ന അവസ്ഥ. അവിടെയാണ് 'ഏകാന്തത' അവസാനം, ലക്ഷ്യം, ഒന്നാവുന്ന അവസ്ഥ. അത്രയുമല്ല, രമിക്കുന്നത്, 'ഏകാന്തത്തിൽ', 'രഹസ്യത്തിൽ' വേണമെന്ന മകാരോപഞ്ചമോപാസ്തിയും കൂടി പറഞ്ഞു. 'തൈരർച്ചനം ഗുപ്ത്യാ:..' എന്നിത്യാദി കല്പസൂത്രം.

ഗരുഡനു മുകളിൽ ആകാശചാരിയായ വിഷ്ണു തന്നെയാണല്ലോ ആകാശത്തിന്റെ അധിപൻ. 'ആത്മനാകാശ സംഭൂത: ആകാശാത് വായു:.." എന്നിത്യാദി അന്യത്രപ്രാമർശങ്ങളാൽ, ആത്മാവിൽ നിന്ന് ആദ്യമായുണ്ടായ ഭൂതം, എല്ലാത്തിനെക്കാളും സൂക്ഷ്മമായ ഭൂതം, ആകാശം തന്നെ. 'വിഭു:' എന്നതു കൊണ്ട് എല്ലാടവും വിരാജിക്കുന്നവൻ, സർവ്വവ്യാപി, എന്നതുകൊണ്ടും, മറ്റെല്ലാഭൂതങ്ങളും യാതൊന്നിൽ നിന്നുത്ഭവിക്കുന്നുവോ ആ ആകാശഭൂതത്തിന്റെ അധിപൻ വിഭു തന്നെയാവണം.
അത്രയുമല്ല, ഇവിടെ വിവരിക്കപ്പെടുന്നത് വിശുദ്ധിചക്രത്തെപ്പറ്റിയാണ്. വിശുദ്ധിചക്രത്തിൽ ആകാശഭൂതമാണ്. തുടർന്നുള്ള ശ്ലോകങ്ങളിൽ ഗുരുനാഥൻ, താഴേക്കുള്ള മറ്റു ചക്രങ്ങളെയും വിവരിക്കുന്നുണ്ട്. അതുകൊണ്ട് 'ആകാശാധിപൻ' എന്നതിന് വിശുദ്ധിചക്രത്തിലെ ആകാശഭൂതത്തിന്റെ അധിപൻ എന്നും അർത്ഥം വന്നു.

എന്നാൽ 'മായാഭ്രമം പോക്കുവാൻ' എന്ന പ്രയോഗമാണ് ഇതിൽ അത്ഭുതാവഹം. മായ വിഷ്ണുവിന്റെ തന്നെ. സ്വയം ഉണ്ടാക്കിയ മായ (മുൻ ശ്ലോകങ്ങൾ നോക്കുക) യെ ഇല്ലാതാക്കുവൻ താൻ തന്നെയാവും ശക്തൻ. 'മൂവുലകിനും മായാഭ്രമം...' എന്നതുകൊണ്ട്, ഭൂമിക്കുമാത്രമല്ല, ഭുവർലോകത്തിനും, സ്വർലോകത്തിനും, അഥവാ ഭൂമിക്കും, പാതാളത്തിനും, സ്വർഗ്ഗത്തിനും, എല്ലാം മായാഭ്രമം ബാധകമാണെന്നും പറഞ്ഞു.

No comments:

Post a Comment

അഭിപ്രായം