"ഭ്രൂമദ്ധ്യേ ഭുവനാംബയാം കമലയാൽ പ്രേംണാസമാശ്ലിഷ്ടയായ്
സോമാർക്കായുത ദീപ്തിപൂണ്ടുവിലസും ത്വദ്രൂപമീക്ഷിപ്പവൻ
സോമാർക്കാദികളേതൊരാദിമമഹാജ്യോതിസ്സുതന്നംശമ-
ദ്ധാമം ചില്പ്രഭ തിങ്ങിടും തവപദം പ്രാപിപ്പു സർവ്വോത്തമം"
പദാർത്ഥം:
ഭ്രൂമദ്ധ്യേ = പുരികങ്ങളുടെ നടുവിൽ
ഭുവനാംബയാം = ഭുവനത്തിന്റെ അമ്മയാകുന്ന
കമലയാൽ = ലക്ഷ്മീദേവിയാൽ
പ്രേംണാ = പ്രേമത്തോടുകൂടി
സമാശ്ലിഷ്ടനായ് = മുറുകെ കെട്ടിപ്പിടിക്കപ്പെട്ടവനായ്
സോമാർക്കയുത = അസംഖ്യം ചന്ദ്രസൂര്യന്മാരുടെ
ദീപ്തിപൂണ്ടു വിലസും = ശോഭയോടുകൂടി വിലസുന്ന
ത്വദ്രൂപമീക്ഷിപ്പവൻ = അവിടുത്തെ രൂപം കാണുന്നവൻ
സോമാർക്കാദികൾ = ചന്ദ്രസൂര്യന്മാർ മുതലായവർ
ഏതൊരാദിമമഹാജ്യോതിസ്സുതൻ = ആദ്യമായുണ്ടായിരുന്ന ആ പരബ്രഹ്മമാകുന്ന മഹാ പ്രകാശത്തിന്റെ
അംശമദ്ധാമം = അംശമാണോ ആ ആധാരം
ചില്പ്രഭ = ചിത് ന്റെ പ്രഭ തിങ്ങുന്ന
തവപദം = അവിടുത്തെ പാദം
പ്രാപിപ്പു = ചെന്നുചേരുന്നു
സർവ്വോത്തമം = ഏറ്റവും ഉത്തമമായ.
ശ്ലോകാർത്ഥം:
പ്രപഞ്ചത്തിന്റെ അമ്മയായ മഹാലക്ഷ്മീദേവിയാൽ ഏറ്റവും പ്രേമത്തോടെ കെട്ടിപ്പിടിക്കപ്പെട്ടവനായ്, എണ്ണമില്ലാത്തത്ര സൂര്യ ചന്ദ്രന്മാർക്കു തുല്യമായ ശോഭ ചേർന്ന് വിലസുന്നവനായി അവിടുത്തെ രൂപം, പുരികങ്ങളുടെ നടുവിൽ കാണുന്നവൻ, ഏതൊരു ആദിമ മഹാ ജ്യോതിസ്സിന്റെ അംശമാണോ സൂര്യൻ, ചന്ദ്രൻ, മുതലായവർ, ചിത് ന്റെ പ്രകാശം തിങ്ങിനിറയുന്ന ആ ആധാരമാകുന്ന, ഏറ്റവും എല്ലാത്തിനെക്കാളും ഉത്തമമായ അവിടുത്തെ പാദത്തിൽ ചെന്നു ചേരുന്നു.
വ്യാഖ്യാ:
മുൻപിൽ സഹസ്രാരത്തിലെ ധ്യാനത്തെ വർണ്ണിച്ചതിനുശേഷം, ഗുരു ഇവിടെ അതിന്റെ താഴെയുള്ള ഭ്രൂമദ്ധ്യത്തിലെ ധ്യാനത്തെ പറ്റി വർണ്ണിക്കുന്നു.
ഭ്രൂമദ്ധ്യം രണ്ടു ദലങ്ങളുള്ള ആജ്ഞാചക്രം. താന്ത്രികർ പരമാത്മാവിനെ ധ്യാനിക്കുന്നതവിടെയാണ്. അതിൽ ഹരിയെ കാണണം. എങ്ങിനെയുള്ള ഹരിയെ? മഹാലക്ഷ്മിയാൽ മുറുകെ കെട്ടിപ്പിടിക്കപ്പെട്ടവനായി. ആരാണാ മഹാലക്ഷ്മി? ഭുവനത്തിന്റെ അമ്മ. ആരിൽ നിന്നാണോ ഈ പ്രപഞ്ചം ഉണ്ടായത് അവൾ. എന്താണാ കെട്ടിപ്പിടുത്തത്തിന്റെ വിശേഷം? പ്രേമത്തോടുകൂടി. പ്രേമം രതിയുടെ അധാരം. പ്രപഞ്ചത്തെ പ്രസവിക്കുന്നതിനുമുൻപുള്ള അവസ്ഥ. എങ്കിലും കാലാതീതമായതുകൊണ്ട് മുൻപേ 'ഭുവനാംബ' എന്നു പറഞ്ഞുവച്ചു.
ആശ്ലേഷം കെട്ടിപ്പിടുത്തമാണെന്നിരിക്കെ, സമാശ്ലേഷം ആ കെട്ടിപ്പിടുത്തതിന്റെ ഗാഢത ദ്യോതിപ്പിക്കുന്നു.
വേറെന്താണാ ഹരിയുടെ വിശേഷം? എണ്ണാൻ കഴിയാത്തത്ര ചന്ദ്രന്മാരുടെയും സൂര്യന്മാരുടെയും പ്രകാശം ചൊരിയുന്നവനാണവൻ. 'പ്രകാശമാത്രതനു' എന്ന് ബ്രഹ്മത്തെപറ്റി അന്യത്ര പരാമാർശവുമുണ്ട്. അങ്ങിനെയുള്ള രൂപം കണ്ടാൽ എന്താണ്?
ആദ്യമായുണ്ടായിരുന്നത് ബ്രഹ്മം തന്നെ. അത്, സച്ചിദാനന്ദസ്വരൂപമാണെന്നതു പോലെ തന്നെ പ്രകാശമാത്രവുമാണ്. ആ മഹാജ്യോതിസ്സിന്റെ അംശമാണ് സൂര്യൻ, ചന്ദ്രൻ, മുതലായവർ. 'ആദി' എന്ന പദം കൊണ്ട് ഇവിടെ അഗ്നി തുടങ്ങി എല്ലാ ദേവീ ദേവന്മാരെയും സൂചിപ്പിച്ചിരിക്കുന്നു. ചിത് എന്ന ബ്രഹ്മരൂപത്തിന്റെ (മുൻപിലൊരു ശ്ലോകത്തിൽ ചിത് വ്യാഖ്യാനിച്ചിട്ടുണ്ട്) പ്രഭാപൂരം, പ്രകാശലഹരി തിങ്ങിനിറയുന്ന അവിടുത്തെ പാദമാകുന്ന ആ ആധാരത്തിൽ, അതു തന്നെ ഏറ്റവും ശ്രേഷ്ഠമായതിൽ, അവൻ ചെന്നു ചേരുന്നു.
ഭ്രൂമദ്ധ്യത്തിലെ ഈ ധ്യാനം തന്നെ മോക്ഷപ്രദം.
No comments:
Post a Comment
അഭിപ്രായം