നീഹാരാംശു തവാജ്ഞയാ ചൊരിവതാം പീയൂഷപൂരത്തിനാൽ
സോഹം ഭാവന ചേർന്ന സാധകനഖണ്ഡാനന്ദമേകുന്നു വ-
ന്മോഹധ്വാന്ത വിമുക്തനായവനണഞ്ഞീടുന്നു ശശ്വൽപ്പദം"
പദാർത്ഥം:
സാഹസ്രാര = ആയിരം ഇതളുകളുള്ള
സരോരുഹേ = താമരപ്പൂവിൽ
രമയുമായ് = മഹാലക്ഷ്മിയുമായ് ചേർന്ന്
മേളിച്ചു മേവും = സംഭോഗാദികളോടു ചേർന്ന് ഇരിക്കുന്ന
നീഹാരാംശു = തണുത്ത കിരണങ്ങളുള്ളവൻ
തവാജ്ഞയാ = അങ്ങയുടെ ആജ്ഞപ്രകാരം
ചൊരിവതാം = ഒഴിക്കുന്ന
പീയൂഷപൂരത്തിനാൽ = അമ്രുതാഭിഷേകംകൊണ്ട്
സോഹം = അവൻ തന്നെ ഞാൻ
ഭാവന ചേർന്ന = എന്ന ഉറച്ച നിശ്ചയമുള്ള
സാധകന് = ഉപാസകന്
അഖണ്ഡാനന്ദമേകുന്നു = മുറിയാത്ത ആനന്ദം കൊടുക്കുന്നു
വൻ = വളരെ വലിയ
മോഹ ധ്വാന്ത = ബുദ്ധിഭ്രമം, അജ്ഞാനം
വിമുക്തനായ് = ഏറ്റവും സ്വതന്ത്രനായ്
അവൻ = ആ ഉപാസകൻ
അണഞ്ഞീടുന്നു = ചെന്നു ചേരുന്നു
ശശ്വല്പദം = കൃഷ്ണന്റെ കാലടികൾ
ശ്ലോകാർത്ഥം:
'അവൻ തന്നെ ഞാൻ' (തത്വമസി) എന്ന് ഉറച്ച് ധ്യാനിക്കുന്ന ഉപാസകന്, ശിരസ്സിലെ ആയിരം ഇതളുകളുള്ള താമരപ്പൂവിൽ ലക്ഷ്മിയുമൊത്ത് സംഭോഗത്തിലേർപ്പെട്ടിരിക്കുന്ന അവിടുത്തെ ആജ്ഞക്കനുസരിച്ച്, തണുത്ത കിരണങ്ങളുള്ളവൻ (ചന്ദ്രൻ) ഒഴിക്കുന്ന അമ്രുതാഭിഷേകം കൊണ്ട് മുറിഞ്ഞുപോകാത്ത ആനന്ദം നൽകുന്നു. അജ്ഞാനത്താലുള്ള ബുദ്ധിഭ്രമത്തിൽനിന്ന് (മോഹാലസ്യത്തിൽ നിന്ന്) സ്വതന്ത്രനായി ആ ഉപാസകൻ കൃഷ്ണന്റെ കാലടികളിൽ ചെന്നു ചേരുന്നു.
വ്യാഖ്യാ:
ഗംഭീരാർത്ഥഗർഭമായൊരു ശ്ലോകo.
ഗുരുമുഖത്തുനിന്നറിയപ്പെടേണ്ടുന്ന താന്ത്രിക രഹസ്യമായ, പരാപ്രാസാദ മന്ത്രമഹിമയും, സഹസ്രാരത്തിൽ ചെയ്യപ്പെടുന്ന രക്തശുക്ലചരണധ്യാനവും വിവരിക്കുന്നു. സോഹം എന്നത് സംഹാരാത്മകമാണ്. ഹംസ: സൃഷ്ട്യാത്മകവും. "പരാപ്രാസാദമന്ത്രേണ സ്യൂതമേതച്ചരാചരം" എന്ന് കുളാർണ്ണവതന്ത്രം (3.42). ഒരു ദിവസത്തിൽ ചെയ്യപ്പെടുന്ന 21,600 നിശ്വാസോച്ഛ്വാസാത്മകമായ ഈ പരാപ്രാസാദമന്ത്രം, എല്ലാ ചരാചരങ്ങളിലും വ്യാപിച്ചിരിക്കുന്നു. ഊർദ്ധ്വാമ്നായത്തിൽ പൂർണ്ണദീക്ഷിതനായ ഒരുവൻ മാത്രം ഇത് മന്ത്രഭാവനയോടുകൂടി ജപിക്കുന്നു. അജ്ഞാനികൾ ഇതു തന്നെ മന്ത്രഭാവനകൂടാതെ അഹോരാത്രം ജപിക്കുന്നു.
സോഹം എന്ന പദം, സംസ്കൃത സന്ധിനിയമമനുസരിച്ച്, സ: + അഹം = സോഹം എന്നും വ്യാഖ്യാനിക്കാം. 'അവൻ ഞാൻ' എന്നത് മഹാവാക്യങ്ങളുടെ ഒരു സംപാതമത്രെ. ഞാൻ തന്നെ ബ്രഹ്മം എന്നർത്ഥം.
ശിവരൂപിയായ, പുരുഷരൂപിയായ ഗുരുവിന്റെ വെളുത്ത ചരണവും, ശക്തിരൂപിണിയായ, പ്രകൃതിരൂപിണിയായ ഗുരുപത്നിയുടെ ചുവന്ന ചരണവും തമ്മിൽ, ബ്രഹ്മരന്ധ്രത്തിൽ ഉപാസകൻ സാമരസ്യം ധ്യാനിക്കുന്നു. ആ സാമരസ്യത്തിൽ നിന്നും പ്രപഞ്ചോല്പത്തി. അത് അമ്രുതസ്രാവത്തിലൂടെ. ആ രക്തശുക്ലചരണയോഗത്തിലൂടെ പ്രവഹിക്കുന്ന അമ്രുതസ്രാവം, ബോധാത്മകവും പ്രജ്ഞാനാത്മകവുമത്രേ. അതു തന്നെ ഹംസ:. അതു തിരിച്ച് സോഹം ആവുമ്പോൾ സംഹാരാത്മകവും, കൈവല്യപദപ്രാപ്തിയും.
ബ്രഹ്മരന്ധ്രത്തിൽ, രമയുമായി സൃഷ്ട്യാത്മക രതിലീലകളാടുന്ന മഹാവിഷ്ണുവിനെ 'സോഹം' 'അവൻ ഞാൻ' എന്ന ഭാവനയോടും, പ്രാപഞ്ചിക ചരാചരങ്ങളെയെല്ലാം, കാലക്രമേണ വിലയത്തിലേക്ക് നയിക്കുന്ന 'സോഹം' എന്ന മന്ത്രഭാവനയോടും ഇരിക്കുന്ന ഭക്തനെ, അവിടുന്ന് സ്വന്തം ആജ്ഞ കൊടുത്ത്, ആയിരം ചന്ദ്രന്മാരിൽനിന്നും പ്രവഹിക്കുന്ന, മഞ്ഞുതുള്ളികൾക്കു സമാനം തണുപ്പുള്ള, ബ്രഹ്മാനന്ദമാകുന്ന അമ്രുതിനെ വർഷിപ്പിക്കുന്നു. അതോടുകൂടി ആ ഭക്തൻ കാലാതീതമായ, കേവലമായ, ശശ്വൽ പദം., അഖണ്ഡമായ, മുറിയാത്ത, ഇടതടവില്ലാത്ത, ആനന്ദസാഗരമാകുന്ന, ശ്രീകൃഷ്ണപരമാത്മാവിന്റെ പാദകമലങ്ങളിൽ ചെന്നു ചേരുന്നു. .
No comments:
Post a Comment
അഭിപ്രായം