"രാധാകാമുക താവകാധര സുധാസ്വാദത്തിനാൽ സർവ്വലോ-
കാധാരം തവ പാദപത്മമെളുതായ് പ്രാപിച്ചു ഗോപീജനം
ഹാ ധന്യൻ പുരവൈരിയും ത്രിജഗതാമാരാദ്ധ്യനായ് ഭിന്നതാ-
ബോധം പോവതിനംഗസംഗമിവനും നാഥാ കനിഞ്ഞേകണേ"
പദാർത്ഥം:
രാധാകാമുക = രാധയുടെ കാമുക
താവക = അവിടുത്തെ
അധര = ചുണ്ടുകളുടെ
സുധാ = അമ്ര്ത്
ആസ്വാദത്തിനാൽ = അസ്വാദനം കൊണ്ട്
സർവ്വലോകാധാരം = എല്ലാ ലോകത്തിന്റെയും നിലനില്പിനാധാരം
തവ = അവിടുത്തെ
പാദപത്മം = കാലുകളാകുന്ന താമരകൾ
എളുതായ് = വിനയത്തോടെ
പ്രാപിച്ചു = എത്തിച്ചേർന്നു
ഗോപീജനം = പശുക്കളെമേക്കുന്ന കുലത്തിലെ ജനങ്ങൽ
ധന്യൻ = സംതൃപ്തൻ
പുരവൈരി = ശിവൻ
ത്രിജഗതാമാരാദ്ധ്യനായ് = മൂന്നു ലോകങ്ങളാലും ആരാധിക്കപ്പെടുന്നവനായ്
ഭിന്നതാബോധം = പലതാണെന്ന തോന്നൽ
പോവതിന് = ഇല്ലാതാവുന്നതിന്
അംഗസംഗം = അംഗവുമായുള്ള ചേർച്ച
ഇവനും= എനിക്കും
നാഥാ = കാത്തുരക്ഷിക്കുന്നവനേ
കനിഞ്ഞ് = കനിവോടുകൂടി
ഏകണേ = തരണേ.
ശ്ലോകാർത്ഥം:
അല്ലയോ രാധയുടെ കാമുക, അവിടുത്തെ ചുണ്ടിലെ അമ്രുതം അസ്വദിച്ചതുകൊണ്ട്, എല്ലാ ലോകങ്ങളുടെയും നിലനില്പിനു കാരണമായ അവിടുത്തെ കാലടികളാകുന്ന താമരയിൽ, ഇടയന്മാർ വളരെ വിനയത്തോടെ ചെന്നു ചേർന്നു. ഹാ സംതൃപ്തനായ ശിവൻ പോലും മൂന്നു ലോകങ്ങളാലും ആരാധിക്കപ്പെടേണ്ടുന്നവനായിത്തീർന്നു. പലതാണെന്ന ബോധം ഇല്ലാതാക്കുവതിന് അംഗവുമായുള്ള ചേർച്ച ഇവനും കനിവോടുകൂടി തരണേ, കാത്തുരക്ഷിക്കുന്നവനേ.
വ്യാഖ്യാ:
ആദ്യ ശ്ലോകത്തിൽ, "ശൗരേ" എന്ന് വിളിച്ച കവി അവതാര കൃഷ്ണനെത്തന്നെയാണുദ്ദേശിച്ചത്. എങ്കിലും "ശൂര:ശൗരി ജനേശ്വര:" എന്ന സഹസ്രനാമ വിവരണം കൊണ്ട് അതു സാക്ഷാൽ മണിപൂരനിവാസിയായ വിഷ്ണുഭഗവാനും ചേരും. അതുകൊണ്ട് അവിടെത്തന്നെ, ആ പാദസ്പർശമേറ്റ പൊടി മൂർദ്ധാവിൽ ധരിച്ച്, ബ്രഹ്മാവ് സൃഷ്ടിയും, ആ അംഘ്രിദ്വയത്തിൽ തന്നെ ആസക്തനായി ശിവൻ വിശ്വസംഹാരതാണ്ഡവമാടലും നടത്തുന്നു എന്നും പറഞ്ഞു വച്ചു. അതാണാ പദദ്വയത്തിന്റെ വിശേഷം. സ്വന്തം സ്ഥിതി കർമ്മത്തിനു പുറമേ, ബ്രഹ്മാവിന്റെ സൃഷ്ടികർമ്മത്തിനും, ശിവന്റെ സംഹാരകർമ്മത്തിനും, കാരണമാവുകവഴി "സർവ്വലോകാധാരം" ആണാ അംഘ്രിദ്വയം എന്നിവിടെ പറയുന്നു.
പലരും ആ പാദ പത്മങ്ങൾ ചേരാൻ പല വഴികളാണ് കാണുന്നത്. രാജയോഗം, കർമ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങിനെ. ഈ ശ്ലോകത്തിൽ ഭക്തിയും പ്രേമവും ലയിക്കുന്നതു വിവരിക്കുന്നു.
കവി സ്വയം ഹരിയുടെ കാമുകനാവുന്നു. അതു ഭക്തന്മാർക്ക് പതിവാണ്. "ആത്മ ഗുരു മന്ത്ര ദേവതാനാമനൈക്യം വിഭാവ്യ" എന്ന പ്രമാണമനുസരിച്ച്, താന്ത്രികോപാസനയിൽ ഉപാസകൻ സ്വയം ദേവതയായി മാറും. ഇവിടെ "രാധാകാമുക.. അംഗസംഗമിവനും... ഏകണേ" എന്ന പ്രാർത്ഥനയിൽ, കവി 'ഭഗവാനേ, രാധക്കുമാത്രമെന്ത്, എനിക്കും.." എന്നു പറഞ്ഞ് കൃഷ്ണന്റെ കാമുകിയായ വിഷ്ണുമായയായി മാറുന്നു.
രാധാകാമുക. 'രാധികാകരധരം' (ശ്ലോകം. 5), 'ഹേ രാധേശ' (ശ്ലോകം. 9), 'ഹേ രാധേശ' (ശ്ലോകം. 17), എന്നിങ്ങിനെ പലശ്ലോകങ്ങളിലും, കവി കൃഷ്ണനെ രാധാകാമുകാനായി വിശേഷിപ്പിക്കാനുള്ള ഉൽസാഹം പ്രകടിപ്പിച്ചുകഴിഞ്ഞു. കാരണവും വ്യക്തം. താന്ത്രികപഞ്ചമം പ്രത്യക്ഷമായി ആസ്വദിച്ചിരുന്നത്, കൃഷ്ണൻ രാധയോടൊപ്പമായിരുന്നു. ജയദേവൻ അഷ്ടപദിയിൽ ഇവരുടെ മാരോൽസവം വളരെ വിസ്തരിച്ചിരിക്കുന്നു.
താവകാധരസുധ. അവിടുത്തെ കീഴ്ച്ചുണ്ടിന്റെ അമ്രുത്. രത്യാരംഭം കീഴ്ച്ചുണ്ടിലാണെന്നത് കാമുക്കർക്ക് സുവിദിതം. മാരാസ്വാദനവിമുഖയെപ്പോലും ഉൽസുകയാക്കാൻ കീഴ്ച്ചുണ്ടിന്റെ പാനം ശക്തമത്രേ. സുധ, പാനാധിക്യംകൊണ്ട് മോദാധിക്യത്തിലൂടെ ആനന്ദാതിരേകം തരുന്നതാണ്. തുടക്കത്തിലുള്ള സുഖത്തെക്കാൾ കോടി മടങ്ങാണ് മൂർച്ഛയിൽ. അതുകൊണ്ടു തന്നെ അധരത്തെ, സുധയോടുപമിച്ചത് ഉചിതം തന്നെ. രതിമൂർച്ഛയിൽ, രണ്ടാളും, ശരീരവും മനസ്സും ആത്മാവും ഒന്നായി അനംഗരാവുന്നു. അംഗങ്ങളുടെ ചേർച്ചയുടെ പരമാതിരേകം.
ആസ്വാദം. ആസ്വദിക്കൽ. സ്വാദിനെ അങ്ങെയറ്റം വരെ അനുഭവിക്കൽ.
അതിനാൽ. അങ്ങിനെയുള്ള അസ്വദിക്കലിലൂടെ.
സർവ്വലോകാധാരം തവ പാദ പത്മം. ഇവിടെ മുൻപേ വിവരിച്ചു എങ്ങിനെ ആ പാദയുഗളം സർവ്വലോകാധാരമാവുന്നുവെന്ന്. അവ പത്മങ്ങളാണ്. മ്രുദുലതക്ക് നിദാനം. ബ്രഹ്മാത്മകമായ സഹസ്രാരം പത്മം. അവിടെ നിന്നുത്ഭവിച്ച്, മൂലാധാരത്തിൽ, സൃഷ്ടി സ്ഥിരമാകുന്നതും പത്മത്തിൽ. സൃഷ്ടികർത്താവ് കാരണവും സൃഷ്ടി കാര്യവുമാകുമ്പോൾ, കാര്യം കാരണത്തിൽ അന്തർലീനവുമാകുമ്പോൾ, ആ സൃഷ്ടികർത്താവിനു കാരണമായ പത്മം തന്നെ "സർവ്വ ലോകാധാരം"
എളുതായ്. വളരെ വിനയത്തോടെ. വിനയം ഭക്തിസൂചകം. വിനയാന്വിതന് ആ പാദപത്മങ്ങൾ പ്രാപിക്കാൻ ഇതിലും എളുപ്പമായൊരു വഴിയില്ലതന്നെ.
പ്രാപിച്ചു. ലക്ഷ്യത്തിൽ ചെന്ന് ഒന്നായിചേർന്നു. ഗോപീജനം. പശുക്കളെ മേക്കുന്ന വർഗ്ഗം മുഴുവനും. ജനം പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലും ഉപയോഗിക്കാമെന്നതുകൊണ്ട്, ഇവിടെ സ്ത്രീ പുരുഷാഭേദം വരുന്നു. എന്നു മാത്രമല്ല, ഗോപീജനങ്ങൾ മുഴുവനും രാധയുടെ കാമുകന്റെ അധര സുധയാണ് ആസ്വദിക്കുന്നതെന്നതുകൊണ്ട്, ആ അധരസുധ ഏതു ഭക്തനും ലഭ്യമത്രേ.
ധന്യൻ. സംതൃപ്തൻ. ഏറ്റവും കൃതാർത്ഥൻ. ഇനിയൊന്നും നേടാനില്ലാത്ത അവസ്ഥ ചേർന്നവൻ. പുരവൈരി. ശിവൻ. ത്രിപുരവൈരി. ത്രിപുരാസുരനാൽ തീർക്കപ്പെട്ട സ്വർണ്ണ, വെള്ളി, ചെമ്പുകളാൽ തീർക്കപ്പെട്ട സ്വർഗ്ഗ, ഭൂമി, പാതാളാദി ത്രിപുരങ്ങൾ ദഹിപ്പിച്ചവൻ.
ത്രിജഗതാമാരാദ്ധ്യനായ്. മൂന്നു ലോകങ്ങൾക്കും ആരാധ്യനായി. അവിടുത്തെ പാദങ്ങളിലാണ് ശിവൻ താണ്ഡവ ലീലയാടി വിലസിക്കുന്നത്. അല്ലെങ്കിൽ വംശി (ഓടക്കുഴൽ) ആയി രൂപമെടുത്തപ്പോഴും ആ അധരസുധ ആസ്വദിക്കുകയുണ്ടായല്ലോ. അത്രയുമല്ല, മോഹിനീവേഷധാരിയായി വന്ന ഹരിയുടെ അധരസുധയും ഹരൻ ആസ്വദിക്കുകയുണ്ടായി.
ഭിന്നതാബോധം. പലതെന്ന അറിവ്. പ്രാപഞ്ചികവ്യവഹാരത്തിലെ കെട്ടുപാട്. സംസാരസാഗരത്തിലെ മുങ്ങിത്താഴൽ. പോവതിന്. അതില്ലാതാക്കി, ഏകത്വജ്ഞാനം, സച്ചിദാനന്ദസ്വരൂപാവബോധം ജനിപ്പിക്കുന്നതിന്. അംഗസംഗം. അവിടുത്തെ അധരപാനത്തിന്. സംഗം എന്നു പറഞ്ഞതുകൊണ്ട്, എല്ലാവിധത്തിലുള്ള ഗമനം എന്നർത്ഥമെടുത്ത്, സംഭോഗം എന്നു വ്യാഖ്യാനിക്കാം. ഇവിടെ കവി സ്വയം രാധയാവുകയാണ്. അതുകൊണ്ടു തന്നെയായിരിക്കണം, 'ഗോപീജനം' എന്ന പ്രയോഗത്തിലൂടെ സർവ്വദേവവർഗ്ഗങ്ങളെയും (കൃഷ്ണോപനിഷത്: എല്ലാ ദേവവർഗ്ഗങ്ങളും, ഓരോരോ രൂപമെടുത്ത് വൃന്ദാവനത്തിൽ അവതരിച്ചു) കൂടി 'അധരസുധാസ്വാദത്തിൽ'
ഏർപ്പെടുത്തിയപ്പോഴും, 'രാധാകാമുക' എന്നു തന്നെ കൃഷ്ണനെ സംബോധനചെയ്തത്.
നാഥാ. രക്ഷകനേ. ഭർത്താവേ എന്ന അർത്ഥം ദ്യോതിപ്പിച്ച്, വീണ്ടും കവി സ്വന്തം കൃഷ്ണകാമുകീ ഭാവം വ്യഞ്ജിപ്പിക്കുന്നു. കനിഞ്ഞേകണേ. ഏറ്റവും വാൽസല്യത്തോടെ നൽകണേ.
No comments:
Post a Comment
അഭിപ്രായം