"കാലത്തിന്നു വിധേയനായ് തവ പദം പൂകുന്നു പത്മോത്ഭവൻ
ഫുല്ലാക്ഷൻ വിലയിച്ചിടുന്നിതമരന്മാരും നശിപ്പൂ ഹരേ
ആലസ്യം കലരാതെ ശേഷനവശേഷിക്കുന്നു ധന്യൻ സദാ
കാലം ഹാ തവദേഹസംഗഫലമാം മാഹാത്മ്യ മത്യത്ഭുതം"
പദാർത്ഥം:
കാലത്തിന്നു വിധേയനായ് = കാലത്തിനു കീഴടങ്ങി.
തവ പദം = അവിടുത്തെ കാലുകൾ
പൂകുന്നു = പ്രാപിക്കുന്നു
പത്മോത്ഭവൻ = ബ്രഹ്മാവ്
ഫുല്ലാക്ഷൻ = ശിവൻ
വിലയിച്ചിടുന്നു = ഇല്ലാതാവുന്നു
അമരന്മാരും നശിപ്പൂ = ദേവന്മാരും ഇല്ലാതാവുന്നു.
ഹരേ = അല്ലയോ മഹാവിഷ്ണൂ
ആലസ്യം കലരാതെ = മടിയില്ലാതെ
ശേഷനവശേഷിക്കുന്നു = അനന്തൻ ബാക്കിനിൽക്കുന്നു
ധന്യൻ = കൃതാർത്ഥൻ, സംതൃപ്തൻ
സദാ കാലം = എല്ലായ്പോഴും
ഹാ = ആശ്ചര്യദ്യോതകം
തവ ദേഹസംഗഫലമാം = അവിടുത്തെ ദേഹത്തിനോടുള്ള എല്ലാ വിധത്തിലുമുള്ള ചേർച്ചകൊണ്ടുണ്ടാവുന്ന.
മാഹാത്മ്യം = വിശിഷ്ഠമായ അവസ്ഥ
അത്യത്ഭുതം = വളരെയധികം ആശ്ചര്യം
വ്യാഖ്യാ:
പത്മോത്ഭവൻ. താമരപ്പൂവിൽ ജനിച്ചവൻ ബ്രഹ്മാവ്. സൃഷ്ടികർത്താവ്.
കാലത്തിന്നു വിധേയനായ്. മുപ്പത്താറ് തത്വങ്ങളിൽ പത്താമത്തേതായ കാലം, പരബ്രഹ്മത്തിന്റെ നിത്യതക്ക്, ജനന, വർദ്ധന, വിപരിണാമ, അപക്ഷയ, വിനാശാദികളുടെ യോഗം കൊണ്ട് ചെറുതാകുമ്പോളുണ്ടാവുന്നതത്രേ.
തവ പദം പൂകുന്നു. അതിനു വിധേയനാവുന്ന വിരിഞ്ചൻ, ശിവൻ സംഹാരതാണ്ഡവമാടുന്ന അവിടുത്തെ പദത്തിൽത്തന്നെ ചേരുന്നത് സ്വാഭാവികം. അതുകൊണ്ട് ബ്രഹ്മാവ് നാശത്തിനു വിധേയൻ.
ഫുല്ലാക്ഷൻ. വിടർന്ന കണ്ണുള്ളവൻ. വിഷ്ണുവിനു പര്യായമായുപയോഗിക്കറുണ്ടെങ്കിലും, ഇവിടെ വിഷ്ണുവിനെ വർണ്ണിക്കുന്നതാകകൊണ്ട്, 'വിടർന്ന കണ്ണുള്ളവൻ' എന്നത് സംഹാരാത്മകനായ രുദ്രനു ചേർക്കാം. കണ്ണിന്റെ സ്വാഭാവികാവസ്ഥ വിടർത്തിയതാണെന്നതിനാൽ, വിടർന്ന കണ്ണുള്ളവൻ എന്നത് സംഹാരത്തിനായി മാത്രം വിടർത്തുന്ന അഗ്നിനേത്രയുക്തനായ ശിവനെ ദ്യോതിപ്പിക്കുന്നതാവണം, ഈ സന്ദർഭത്തിൽ.
വിലയിച്ചിടുന്നിത്. വിശേഷേണലയിക്കുന്നു. ലയം എന്നതു തന്നെ പലതായതെല്ലാം അലിഞ്ഞ് ഒന്നായിത്തീരുന്ന പ്രക്രിയയാണ്. അതിനു വിശേഷം കൽപ്പിക്കുക വഴി നിശ്ശേഷം ഇല്ലാതാവുന്നതിനെ വിവരിക്കുന്നു.
അമരന്മാരും നശിപ്പൂ. അമരൻ മരണമില്ലാത്തവൻ. ദേവന്മാർ. അവരും നശിക്കും എന്നത് വിരോധാഭാസമായി തോന്നാം. എന്നാൽ ദേവന്മാരുടെ അമരത്വം, മനുഷ്യരെ സംബന്ധിച്ചാണെങ്കിൽ, അവരുടെ നാശം, വിലയം, ബ്രഹ്മസംബന്ധമാണ്. മരണമില്ലാത്തവരും മരിക്കുന്നു എന്ന പ്രയോഗത്തിന്റെ സൗകുമാര്യം, അസാമാന്യകവിത്വം പ്രതിഫലിപ്പിക്കുന്നു.
ഹരേ. ഹരി: എന്നതിന്റെ സംബോധന. ഹര: എന്ന അകാരാന്തം ശക്തിവ്യഞ്ജകമായ ഇ കാരം ചേർന്ന് ഹരി ആവുന്നു. ഹരനുപോലും, സംഹരിക്കാനുള്ള ശക്തി പ്രദാനം ചെയ്യുന്നവൻ ഹരി എന്ന് സൂചിപ്പിക്കാനാവാം ഗുരു ഇവിടെ, 'ഹരേ' എന്നു വിളിച്ചത്.
ആലസ്യം കലരാതെ. അലസത ചേരാതെ. കർമ്മനിരതനായി. ചുറ്റും സകലതും നശിക്കുമ്പോഴും പ്രവർത്തനക്ഷമനായിരിക്കുന്ന അവസ്ഥ.
ശേഷൻ. അനന്തൻ. അന്തമില്ലാത്തവൻ. സഹസ്രനാമത്തിൽ, 'മഹോരഗ:' എന്നു പറയുന്നു. ഉരഗങ്ങളിൽ ശ്രേഷ്ഠൻ. അനന്തൻ. ആ അനന്തൻ തന്നെ വിഷ്ണു. ഇവിടെയും വിഷ്ണുവിന്റെയും അനന്തന്റെയും അംഗസംഗം കൊണ്ടുണ്ടാകുന്ന ഏകത്വം വിവക്ഷിതം.
അവശേഷിക്കുന്നു ധന്യൻ. ശേഷനെ ധന്യൻ എന്നു വിശേഷിപ്പിക്കുന്നു. "സുകൃതീ പുണ്യവാൻ ധന്യ:.." എന്ന അമരം കൊണ്ട്, ധന്യൻ, ചെയ്യേണ്ടതെല്ലാം വേണ്ടവണ്ണം ചെയ്തവൻ. അതുകൊണ്ടു തന്നെയാവണം മുൻപിൽ 'ആലസ്യം കലരാതെ' എന്നും വിശേഷിപ്പിച്ചത്. ശേഷൻ എന്നത് സംസ്കൃതത്തിലെ 'ശേഷ:'. സൗന്ദര്യലഹരിയിലെ മുപ്പത്തിനാലാമത്തെ ശ്ലോകത്തിൽ, ഇത് ശങ്കരൻ അപ്രധാനം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നു. അവിടെത്തന്നെ, 'ശേഷി' എന്നത് പ്രധാനം എന്നും. ശിവനും ശക്തിയും, രണ്ടും ശേഷനും ശേഷിയുമാണ്. സൃഷ്ടിയിങ്കൽ കർമ്മോൽസുകയായ ശക്തി പ്രധാനം, ശിവൻ അപ്രധാനം. സംഹാരത്തിൽ, ശക്തി പോലും നിർഗ്ഗുണശിവനിൽ ചെന്നു ലയിക്കുന്നതുകൊണ്ട് ശിവൻ പ്രധാനം, ശക്തി അപ്രധാനം. അങ്ങിനെ ശേഷനെന്നും ശേഷിയെന്നും പരസ്പരം സാമാന ധർമ്മത്തോടുകൂടി പരബ്രഹ്മം നിലകൊള്ളുന്നു. ഇവിടെയും 'ശേഷി'ക്കുന്നത് 'ശേഷ'നാണെന്ന് പറഞ്ഞതിലൂടെ ആ ശിവശക്തിസമരസപരാനന്ദം പ്രകടമാക്കി.
സദാ കാലം. എല്ലാ കാലത്തും. കാലത്തിനുമതീതമായി. അല്ലെങ്കിലും മുപ്പത്താറു തത്വങ്ങളും ബ്രഹ്മത്തിലേക്ക് വിലയം പ്രാപിക്കുമ്പോൾ, കാലവും ലയിക്കുമല്ലോ. അതുകൊണ്ടാണ്, പത്മോത്ഭവൻ കാലത്തിന്നു വിധേയനാവുമ്പോഴും, ശേഷൻ സദാ കാലം ശേഷിക്കുന്നു എന്നു പറഞ്ഞുവച്ചത്.
ഹാ. ഒരൊറ്റ അക്ഷരത്തിൽ വിഷ്ണുവിന്റെ അത്ഭുത സത്വത്തെ നോക്കിക്കാണുന്നു. അതിനുമപ്പുറം, ഹ എന്നത് അവസാനത്തെ അക്ഷരമായതുകൊണ്ട് അത് സംഹാരത്തെ പ്രതിനിധീകരിക്കുന്നു. അതിനുമപ്പുറം അവശേഷിക്കുന്നവനാണ് ശേഷൻ.
ഈ മാഹാത്മ്യത്തിന് അനന്തനെ പ്രാപ്തനാക്കുന്നതെന്തെന്നു തുടർന്നു പറയുന്നു. തവദേഹസംഗഫലം. അവിടുത്തെ ദേഹവുമായുള്ള സംഗം. ചേർച്ച. ഒന്നാവൽ. ആ സംഗത്തിന്റെ മാഹാത്മ്യം അത്യത്ഭുതമത്രേ.
കഴിഞ്ഞ ശ്ലോകത്തിൽ, ഹരിയോട്, 'അംഗസംഗമിവനും നാഥാ കനിഞ്ഞേകണേ' എന്ന് പ്രാർത്ഥിച്ചതിന്റെ സാംഗത്യം സാർത്ഥകമാവുന്നു.
No comments:
Post a Comment
അഭിപ്രായം