Saturday, July 5, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 24

<-മുൻപിലത്തേത്                          തുടക്കം                                അടുത്തത് ->
"കന്ദർപ്പായുധസുന്ദരം വ്രജവധൂചിത്താബ്ജ ബാലാരുണം
മന്ദസ്മേര വശീകൃതാഖിലഭുവം പീതാംബരാലംകൃതം
സ്യന്ദച്ചിദ്രസശങ്കരാത്മക ലസദ്വംശീധരം കേവലാ-
നന്ദം നന്ദകിശോരരൂപമനിശം മച്ചേതസിദ്യോതതാം"
(ശ്രീകൃഷ്ണൻ)


പദാർത്ഥം:
കന്ദർപ്പ = കാമദേവ
അയുത = അളവറ്റ
സുന്ദരം = സുന്ദരനെ
വ്രജ  = തൊഴുത്ത്, ഇടയവർഗം
വധു = യുവതി
ചിത്താബ്ജ = മനസ്സാകുന്ന താമര
ബാലാരുണം = ഉദയസൂര്യനെ
മന്ദസ്മേര = ചെറു പുഞ്ചിരി
വശീകൃത = വശീകരിച്ച
അഖില ഭുവം = മുഴുവൻ പ്രപഞ്ചത്തെയും
പീതാംബര = മഞ്ഞവസ്ത്ര
അലംകൃതം = അലങ്കരിച്ചവനെ
സ്യന്ദ = ഒഴുകുന്ന
ചിദ്രസ = ആനന്ദാമൃത
ശങ്കരാത്മക = ശിവന്‍റെ രൂപമുള്ള
ലസത് = വിലസിക്കുന്ന
വംശീധരം = ഓടക്കുഴൽ ധരിക്കുന്നവനെ
കേവലാനന്ദം = ശുദ്ധാനന്ദത്തിനെ
നന്ദകിശോരരൂപം = നന്ദന്‍റെ കുഞ്ഞിന്‍റെ രൂപമുള്ളവനെ
അനിശം = രാപകലില്ലാതെ
ചേതസി = അന്തരംഗത്തിൽ
ദ്യോതതാം = ശോഭിക്കട്ടേ.

ശ്ലോകാർത്ഥം:

അസംഖ്യം കാമദേവന്മാർക്ക് തുല്യം സുന്ദരനും, ഗോപികാ കന്യകളുടെ മനസ്സാകുന്ന താമരകൾക്ക് ഉദിക്കുന്ന സൂര്യനും, ചെറു പുഞ്ചിരികൊണ്ട് പ്രപഞ്ചത്തെ അപ്പാടെ വശീകരിച്ചവനും, മഞ്ഞ വസ്ത്രം കൊണ്ട് അലങ്കരിക്കപ്പെട്ടവനും, ഒഴുകുന്ന ചിത്താകുന്ന അനുഭൂതിയായ ശങ്കരസ്വരൂപത്തിലുള്ള ഓടക്കുഴൽ ധരിച്ചവനും, ശുദ്ധ ആനന്ദമായവനും, നന്ദന്‍റെ കുട്ടിയായവനും രാപകലില്ലാതെ എന്‍റെ അന്തരംഗത്തിൽ ശോഭിക്കട്ടെ.

വ്യാഖ്യാ:
കന്ദർപ. "കന്ദർപോ ദർപകോനംഗ: കാമ: പഞ്ചശര: സ്മര:
ശംബരാരീർമ്മനസിജ: കുസുമേഷുരനന്യജ:| (അമരം:1.സ്വ.28)
കാമദേവൻ എന്ന് പ്രസിദ്ധം. കാമം ആഗ്രഹം, വാഞ്ഛ. വിശേഷാൽ ലൈംഗികാസക്തി. കാമന്‍റെ പത്നി രതി എന്നത് വിശിഷ്ടം. അവനു ശരീരമില്ല. മനസിലാണവന്‍റെ വാസം. ഓരോ മാനവന്‍റെ മനസിൽ കാമം ജനിക്കുന്നു എന്നതുകൊണ്ട് "മനസിജ:". "മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോ:". മനസാണ് മനുഷ്യന്‍റെ ബന്ധത്തിനും മോക്ഷത്തിനും കാരണം. ആ ബന്ധം സൃഷ്ടിക്കുന്നവൻ കാമൻ, അതിന്‍റെ ദേവൻ. 
സുന്ദര. "കാന്തം മനോരമം രുച്യം മനോജ്ഞം മഞ്ജു മഞ്ജുളം" എന്ന് അമരം. ആകർഷണശക്തിയുള്ള കാന്തമാണ് സുന്ദരം. മനസിനുമാത്രം അറിയാൻ കഴിയുന്ന മനോജ്ഞം. മനസിനെ അതു രമിപ്പിക്കുന്നു.. ആവർത്തിച്ചാവർത്തിച്ച് രുചിക്കാൻ തോന്നുന്ന രുച്യം. കാമദേവൻ അങ്ങിനെയുള്ള സുന്ദരനാണ്. തീയിലേക്കാകർഷിക്കപ്പെടുന്ന ഈയാമ്പാറ്റകളെപോലെ മനുഷ്യനെ കാന്തശക്തിയോടെ ആകർഷിച്ച്, മനസ്സിനെ സദാ രമിപ്പിച്ചുകൊണ്ടിരിക്കുന്നവൻ കന്ദർപൻ.
അയുത. അസംഖ്യം. ആയിരം എന്നത് പ്രയോഗസൗകര്യമെങ്കിലും അളവറ്റ, എണ്ണാൻ പറ്റാത്ത എന്നിത്യാദി അർത്ഥം അയുതത്തിന് പ്രസിദ്ധം. മനസിൽ ജനിച്ച് (മനസിജ) അതേ മനസിനെ രമിപ്പിക്കുന്ന (മനോരമ) എണ്ണാൻ കഴിയാത്തത്ര കാമദേവൻമാർക്ക് സമനായ.

വ്രജവധു. വ്രജ തൊഴുത്ത്, കന്നുകാലികൾ, ഇടയന്മാർ എന്നിവയെ സൂചിപ്പിക്കുന്നു. ഇവിടെ ഇടയന്മാരായ ഗോപാലന്മാർ എന്നത് സുസിദ്ധം.
വധൂ. "സ്ത്രീയോഷിദബലാ യോഷാ നാരീ സീമന്തിനീ വധൂ:
പ്രതീപദർശിനീ വാമാ വനിതാ മഹിളാ തഥാ" (അമരം: 2.മ.2)
വധു എന്നതിന് നാടൻ ഭാഷയിൽ കല്യാണപ്പെണ്ണ് എന്നാണ് പൊതുവേ അർത്ഥമാക്കപ്പെടുന്നതെങ്കിലും, സംസ്കൃതത്തിൽ മേൽ പറഞ്ഞതിൻ പ്രകാരം സ്ത്രീ, നാരീ (നരന്റെ സ്ത്രീലിംഗം) വാമാ (ഇടത്തുവശം) എന്നെല്ലാം അർത്ഥം വരും. 'പ്രതീപദർശിനീ' എന്നും അമരസിംഹൻ പറഞ്ഞു വച്ചു. ചരിഞ്ഞ നോട്ടമുള്ളവൾ, അല്ലെങ്കിൽ കടക്കണ്ണുകൊണ്ട് നോക്കുന്നവൾ എന്നാണ് ഇതിന് പാരമേശ്വരീ വ്യാഖ്യാനം കാണുന്നതെങ്കിലും, 'പ്രതീപ' എന്നതിന് തിരിഞ്ഞ, വിരുദ്ധമായ മറുവശം കടുമ്പിടുത്തം എന്നെല്ലാമുള്ള പ്രകടമായ അർത്ഥമെടുത്ത്, 'പ്രതീപദർശിനി' എല്ലാത്തിന്‍റെയും മറുവശം കാണുന്നവൾ, കടുമ്പിടുത്തം പ്രകടമാക്കുന്നവൾ എന്നെല്ലാമായിരിക്കണം ഗുരു ഉദ്ദേശിച്ചത്. അത് നികൃഷ്ടമല്ല. ഋജുബുദ്ധിയായ നരന് എല്ലാത്തിന്റെയും മറുവശം കൂടി കാണിച്ചുകൊടുക്കാൻ വന്നവളാണ് നാരി. അതുകൊണ്ട് തന്നെയാണ് ഗുരു 'വധു' എന്ന വാക്കിവിടെ ഉപയോഗിച്ചത്. ഇടയ നാരികളുടെ.
ചിത്താബ്ജ. ചിത്തമാകുന്ന താമര.
ബാലാരുണം. ഇപ്പോൾ ഉദിക്കുന്ന കുട്ടി സൂര്യൻ. താമര വിരിയുന്നത് സൂര്യൻ ഉദിക്കുമ്പോഴാണ്. കിഴക്ക് പതുക്കെ ഉദിക്കുന്ന മുറക്ക്, താമര പതുക്കെ പതുക്കെ വിരിയുന്നു. രവി അസ്തമിക്കുന്നതോടു കൂടി താമര കൂമ്പുന്നു. ബാലാരുണനെ കാണുന്ന താമര പെട്ടെന്ന് വികസിക്കുന്നില്ല. രാത്രി മുഴുവൻ കാത്തിരുന്ന തന്‍റെ കാമുകൻ വരുമോ എന്ന് ശങ്കിക്കുന്ന താമര കാമുകന്‍റെ അരുണശോഭമായ മുഖം കണ്ട് പതുക്കെ ചിരിക്കാൻ തുടങ്ങുന്നതേയുള്ളു. അവൻ തിരിച്ചു പോയാൽ അവൾ കൂമ്പും. അവൻ അരുണിമ വിട്ട് പ്രകാശമാനനാവുന്നതോടു കൂടി അവൾ മുഖം വിടർത്തി പുഞ്ചിരിക്കുന്നു. ഇടയകന്യകകളുടെ മനസാകുന്ന താമരക്ക് ഇങ്ങിനെയെല്ലാമിരിക്കുന്ന ബാലാരുണനാണ് നായകൻ. ഹാ!

മന്ദസ്മേര. വളരെ പതുക്കെയുള്ള ചിരി. പുഞ്ചിരി.
വശീകൃതാഖിലഭുവം. വശീകരിക്കപ്പെട്ട ഭുവനം മുഴുവനും കൂടി ചേർന്നവൻ. ആ ബാലാരുണനും മന്ദസ്മേരവും തമ്മിലുള്ള ചേർച്ചയിലെ കവിത്വം നോക്കുക. കുട്ടി സൂര്യൻ ഇടയകന്യകകളുടെ ചിത്തം അപഹരിച്ചു. കുട്ടിച്ചിരി അഖില ഭുവനവും അപഹരിച്ചു. അപ്പോൾ ഇതുരണ്ടും ക്രമേണ പ്രകാശമാനമായ സൂര്യനും, വിലാസപൂർണ്ണമായ ചിരിയും ആവുമ്പോൾ എന്തായിരിക്കും!!
പീതാംബരാലംകൃതം. പീതം മഞ്ഞ. അലംകൃതം അലങ്കരിക്കപ്പെടുന്നവൻ. മഞ്ഞ ഭൂമിയിടെ നിറം. കൃഷ്ണൻ അഗാധ നീലം. അനന്തമജ്ഞാതമായിരിക്കുന്ന നീലയെ ഭൂമിയിൽ പരിമിതപ്പെടുത്തുന്ന മഞ്ഞ.
സ്യന്ദച്ചിദ്രസ. ഒഴുകുന്ന ചിത്താകുന്ന രസം. രസം രുചിഭേദമായ ഷഡ്രസങ്ങളും, ഭാവാത്മകങ്ങളായ നവ രസങ്ങളും. രസാനാ വേദ്യമായി പഞ്ചഗുണങ്ങളിലൊന്നായ രസവും. അങ്ങിനെ എല്ലാ രസങ്ങളും ചേർന്ന ചിത്താകുന്ന രസം. ഒഴുകുന്ന. പ്രവാഹം. ചിത് സ്ഥാണുവല്ല. അത് ചലനാത്മകവും അചലവും.
ശങ്കരാത്മക. അങ്ങിനെയുള്ള ശങ്കര സ്വരൂപമായ. ശങ്കരൻ ചിദാത്മകൻ.
വംശീധരം. വംശീ മുളന്തണ്ട്. ധരിക്കുന്നവൻ.

"ഗോപ്യോഗാവര്ചസ്തസ്യയഷ്ടീകാകമലാസന
വംശസ്തുഭഗവാൻ രുദ്ര ശൃംഗമിന്ദ്രോ സഗോകുല" (കൃഷ്ണോപനിഷദ്:8)
എന്നതുകൊണ്ട്,  ഭഗവാൻ കൃഷ്ണരൂപം  ധരിച്ചപ്പോൾ, രുദ്രൻ ഓടക്കുഴലായി
.
അല്ലെങ്കിൽ, ഒഴുകുന്ന ചിത്താകുന്ന നവരസ ഷഡ്രസങ്ങളിലൂടെ സുഖം (ശം) പ്രദാാനം ചെയ്യുന്ന രൂപത്തിൽ ശോഭിക്കുന്ന അമൃതിന്‍റ (വം) ആനന്ദത്തിന്റെയും (ശി) പർവ്വതം (ധര)
കേവലാനന്ദം. കേവലം ഒന്നിനെയും അപേക്ഷിക്കാത്തത്. ആശ്രയിക്കാത്തത്. എന്തിൽ നിന്നാണ് ഈ ആനന്ദമുളവാകുന്നത് എന്ന് ചോദിച്ചാൽ ഉത്തരമില്ലാത്തത്.
നന്ദകിശോരം. നന്ദന്‍റെ കുട്ടി.
അനിശം. രാത്രിയും പകലുമില്ലാതെ.
മച്ചേതസി. എന്‍റെ ചേതസിൽ.
ദ്യോതതാം. പ്രഭ ചൊരിയട്ടെ.


No comments:

Post a Comment

അഭിപ്രായം